രാത്രി നിര്‍ത്തി ടൂറിസ്റ്റ് സംഘം ഭക്ഷണം കഴിച്ചു, പിന്നാലെ അപകടം; ബസ് നിയന്ത്രണത്തിലാക്കാൻ പണിപ്പെട്ടെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചതെന്ന് ദൃക്‌സാക്ഷി പറഞ്ഞു
അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ്/ ടിവി ദൃശ്യം
അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ്/ ടിവി ദൃശ്യം

പാലക്കാട്: പെട്ടെന്ന് ബസിന്റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നുവെന്നും, എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ ഏറെ സമയമെടുത്തുവെന്നും വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ സുമേഷ്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിന്നും കെഎസ്ആര്‍ടിസി ബസിനെ നിയന്ത്രണവിധേയമാക്കാന്‍ ഏറെ പണിപ്പെട്ടെന്നും സുമേഷ് പറഞ്ഞു.  വലതുഭാഗത്തുനിന്ന് പിന്നില്‍ അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് വന്നിടിക്കുകയായിരുന്നുവെന്ന് കണ്ടക്ടര്‍ ജയകൃഷ്ണനും പറഞ്ഞു. 

കെഎസ്ആര്‍ടിസി ബസിന്റെ വലതുഭാഗത്തിരുന്നവര്‍ക്കാണ് ഗുരുതരമായ പരിക്കേറ്റത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ പിന്നിലേക്ക് ഇടിച്ച് കയറിയതിന് പിന്നാലെ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതോടെ കുട്ടികള്‍ ബസിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു.  ക്രെയിന്‍ ഉപയോഗിച്ച് ടൂറിസ്റ്റ് ബസ് ഉയര്‍ത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. അതുവഴി വന്ന പിക്കപ്പ് വാനിലാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്കെത്തിച്ചത്. 

രാത്രി ഒന്‍പതിനുശേഷം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട വിനോദയാത്രാ സംഘം ബസ് നിര്‍ത്തി ഭക്ഷണം കഴിച്ചിരുന്നു. ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ പലരും വീട്ടിലേക്ക് ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കകമാണ് ബസ് അപകടത്തിൽപ്പെട്ടതെന്ന വിവരം വീട്ടുകാർക്ക് ലഭിക്കുന്നത്.  അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നാട്ടുകാരുടെ ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ചാണ് കാര്യമായ പരിക്കേല്‍ക്കാത്ത വിദ്യാര്‍ത്ഥികള്‍ അപകടവിവരം അറിയിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഇതോടെ പരിഭ്രാന്തരായ രക്ഷിതാക്കള്‍ മിക്കവരും രാത്രിതന്നെ പാലക്കാടേക്ക് യാത്ര തിരിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com