1.67 കോടി വാഹനങ്ങൾക്ക് 368 ഓഫീസർമാർ; 5000 രൂപ പിഴയും ലൈസൻസ് സസ്പെൻഷനുമപ്പുറം നടപടി പറ്റില്ല; എസ് ശ്രീജിത് ഹൈക്കോടതിയിൽ 

പിഴത്തുക വാഹന ഉടമകൾ അടച്ച് ഡ്രൈവർമാർ കൂസലില്ലാതെ വാഹനമോടിക്കുന്നത് തുടരുകയാണെന്നും ശ്രീജിത്
ഫയൽ ചിത്രം
ഫയൽ ചിത്രം
Updated on
1 min read

കൊച്ചി: റോഡിലെ നിയമ‌ലംഘനങ്ങളുടെ കാരണം അശ്രദ്ധമായ ഡ്രൈവിങ്ങാണെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്. നിയമലംഘനങ്ങളിൽ 80 ശതമാനത്തിനും കാരണം അശ്രദ്ധമായ ഡ്രൈവിങ്ങാണെന്ന് ശ്രീജിത് ഹൈക്കോടതിയിൽ പറഞ്ഞു. ലൈസൻസ് സസ്പെൻഡ് ചെയ്യുകയും 5000 രൂപ പിഴ ഈടാക്കുകയും ചെയ്യുന്നതിനപ്പുറം നടപടി സ്വീകരിക്കാനാകില്ലെന്നും പിഴത്തുക വാഹന ഉടമകൾ അടച്ച് ഡ്രൈവർമാർ കൂസലില്ലാതെ വാഹനമോടിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം ഹൈക്കോടതിയിൽ പറഞ്ഞു. 

1.67 കോടി വാഹനങ്ങളുള്ള സംസ്ഥാനത്ത് ഇവ നിയന്ത്രിക്കാനായി 368 ഓഫീസർമാർ മാത്രമാണ് മോട്ടോർവാഹന വകുപ്പിലുള്ളതെന്നും ശ്രീജിത് ചൂണ്ടിക്കാട്ടി. ബോധവത്കരണത്തിലൂടെ 13.7ശതമാനം അപകടമരണം സംസ്ഥാനത്ത് കുറയ്ക്കാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ​ഗതാ​ഗതനിയമങ്ങൾ ഹയർസെക്കൻഡറി സിലബസിൽ ഉൾപ്പെടുത്തണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു. 

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ നിയമലംഘനം നടത്തുന്ന ബസുകളെ പിടികൂടുന്നതിന് സംസ്ഥാന വ്യാപക പരിശോധന തുടരുകയാണ്. ടൂറിസ്റ്റ് ബസ്സുകൾ അടക്കം നിയമം ലംഘിച്ച് നിരത്തിലോടുന്ന എല്ലാ വാഹനങ്ങൾക്ക് എതിരെയും നടപടിയെടുക്കും. കോൺട്രാക്ട് കാര്യേജുകളിൽ അനധികൃത രൂപമാറ്റം, അമിത വേഗത, സ്പീഡ് ഗവർണറുകളിൽ കൃത്രിമം, ലൈറ്റുകൾ, ഡാൻസ് ഫ്‌ലോർ, അമിതശബ്ദ സംവിധാനം മുതലായ കുറ്റകൃത്യങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കും. ഈ മാസം പതിനാറുവരെയാണ് ഫോക്കസ് 3 സ്പെഷ്യൽ ഡ്രൈവ് എന്ന പേരിലെ പരിശോധന. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com