കൊച്ചി: ലോട്ടറി വില്‍പ്പനക്കാരായ രണ്ടു സ്ത്രീകളാണ് നരബലിക്ക് ഇരയായതെന്ന് പൊലീസ് കണ്ടെത്തി. തൃശൂര്‍ വടക്കാഞ്ചേരി വാഴാനി സ്വദേശി റോസ് ലി ( 49), തമിഴ്‌നാട് സ്വദേശിനിയും കൊച്ചി പൊന്നുരുന്നിയില്‍ താമസക്കാരിയുമായ പത്മ ( 52) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊച്ചി ചിറ്റൂര്‍ റോഡില്‍ ലോട്ടറിക്കച്ചവടം നടത്തിവരികയായിരുന്നു പൊന്നുരുന്നി പഞ്ചവടി കോളനിയില്‍ താമസിച്ചിരുന്ന പത്മ.
സെപ്റ്റംബര്‍ 26 നാണ് പത്മയെ കാണാതാകുന്നത്. ഈ മിസ്സിങ് കേസില്‍ കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തു കൊണ്ടുവന്നത്. രാത്രി ലോട്ടറിക്കച്ചവടം നടത്തുന്നതിനിടെ പത്മത്തെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് സൂചന. പത്മത്തെ തിരുവല്ലയിലെത്തിക്കുകയും അതിക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. പത്മത്തിന്റെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കടവന്ത്ര പൊലീസിനെ തിരുവല്ല ഇലന്തൂരിലെത്തിച്ചത്.
ഇതിനിടെയാണ് കാലടിയില്‍ നിന്നും മറ്റൊരു ലോട്ടറി കച്ചവടക്കാരിയെയും ആറുമാസം മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായതായുള്ള പരാതി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തൃശൂര്‍ വടക്കാഞ്ചേരി വാഴാനി സ്വദേശിനിയായ റോസ്‌ലി ( 52)യെയാണ് ജൂണ്‍ മാസം മുതല്‍ കാണാതായത്. ലോട്ടറി കട്ടവടത്തിനായാണ് ഇവര്‍ കാലടിയിലെത്തിയത്. ഇവരെ തെറ്റിദ്ധരിപ്പിച്ച് തിരുവല്ലയിലെ ദമ്പതികളുടെ അടുത്തെത്തിച്ച് നരബലി അര്‍പ്പിക്കുകയായിരുന്നു. അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെയാണ് കാലടി പൊലീസില്‍ മിസ്സിങ് കേസ് നല്‍കിയതെന്ന് റോസ്‌ലിന്റെ മകള്‍ മഞ്ജു പറഞ്ഞു.
ഓഗസ്റ്റ് മാസത്തിലാണ് പൊലീസില്‍ പരാതി നല്‍കുന്നത്. താന്‍ ഉത്തര്‍പ്രദേശിലായിരുന്നു ജോലി ചെയ്തിരുന്നത്. അമ്മ കാലടിയില്‍ സജീഷ് എന്നയാള്‍ക്കൊപ്പം ലിവിങ് ടുഗതറായി ജീവിക്കുകയായിരുന്നു. ആറു വര്‍ഷമായി സജീഷിനൊപ്പമാണ്. അമ്മയെ വിളിച്ചിട്ടു കിട്ടാതായതോടെ, സജീഷിനെ വിളിച്ചപ്പോള്‍ റോസ് ലിയെ കാണാനില്ലെന്ന് പറഞ്ഞു. വീട്ടില്‍ പോകുകയാണെന്ന് തന്നോട് പറഞ്ഞതെന്നും സജീഷ് അറിയിച്ചു. ആറുമാസമായി അമ്മയെപ്പറ്റി ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നും മകള്‍ മഞ്ജു പറഞ്ഞു.
പത്മ മിസ്സിങ് കേസുമായി ബന്ധപ്പെട്ട് ഷിഹാബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന ഇരട്ടക്കൊലപാതകങ്ങള്‍ വെളിച്ചത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ തിരുമ്മു ചികിത്സകന്‍ ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നവരും പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ആഭിചാരപൂജയ്ക്കു ശേഷം സ്വന്തം പുരയിടത്തില്‍ തന്നെയാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. മൃതദേഹങ്ങള്‍ തലയറുത്ത്, ശരീരം കഷണങ്ങളാക്കി മുറിച്ച് കുഴിച്ചു മൂടുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. കൂടുതല്‍ പേര്‍ ഇവര്‍ക്ക് ഇരകളായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates