ഭഗവല്‍ സിങ്ങിനെയും കൊല്ലാന്‍ പദ്ധതിയിട്ടു?; ഒരുമിച്ചു ജീവിക്കാന്‍ ലൈലയും ഷാഫിയും ഒരുങ്ങി; അന്വേഷണത്തില്‍ പുതിയ വിവരങ്ങള്‍

പത്മത്തിന്റെ കൊലയ്ക്ക് ശേഷം ഭഗവൽ സിങ് ഇക്കാര്യം ആരോടെങ്കിലും വെളിപ്പെടുത്തുമോ എന്ന ഭയമായിരുന്നു ഷാഫിക്കും ലെെലയ്ക്കും
പ്രതികളായ ഭ​ഗവൽസിങ്ങിനേയും ലൈലയേയും കോടതിയിൽ എത്തിച്ചപ്പോൾ/ ചിത്രം; ടിപി സൂരജ്
പ്രതികളായ ഭ​ഗവൽസിങ്ങിനേയും ലൈലയേയും കോടതിയിൽ എത്തിച്ചപ്പോൾ/ ചിത്രം; ടിപി സൂരജ്

പത്തനംതിട്ട; ഇലന്തൂർ നരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും ലൈലയും അടുത്തതായി ലക്ഷ്യമിട്ടത് കൂട്ടുപ്രതി ഭ​ഗവൽ സിങ്ങിനെ. ഇയാളെ കൊലപ്പെടുത്തിയശേഷം ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചിരുന്നതായാണ് പൊലീസിനു ലഭിച്ച വിവരം.

റോസ്‌ലിയെ കൊലപ്പെടുത്തിയ ശേഷം ഭഗവൽ സിങ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. അതിനാൽ പത്മത്തിന്റെ കൊലയ്ക്ക് ശേഷം ഭഗവൽ സിങ് ഇക്കാര്യം ആരോടെങ്കിലും വെളിപ്പെടുത്തുമോ എന്ന ഭയമായിരുന്നു ഷാഫിക്കും ലെെലയ്ക്കും. തുടർന്നാണ് ഇരുവരും ചേർന്ന് കൊലനടത്താൻ പദ്ധതിയിട്ടത്. സ്വത്തുക്കൾ തട്ടിയെടുത്ത് ലെെലയുമായി നാടുവിടാൻ ഷാഫി പദ്ധതിയിട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്. 

റോസ്ലിനേയും പത്മയേയും അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം അറവു ശാലയിലേതുപോലെ വെട്ടിനുറുക്കിയെന്നാണ് പ്രതികളുടെ വെളിപ്പെടുത്തൽ. വീട്ടിലെ അറവു കത്തി ഉപയോ​ഗിച്ച് ആയുർവേദ മരുന്നുകൾ തയാറാക്കാനായുള്ള മരത്തടികൾക്കു മുകളിൽ വച്ച് ഒരേ വലുപ്പത്തിലുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കുകയായിരുന്നുവെന്ന് ലൈല മൊഴി നൽകി. റോസ്ലിയുടെ ശരീരഭാഗങ്ങൾ ഷാഫിയും ഭഗവൽസിങ്ങും കഴിച്ചതായും ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇതു സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുമെന്നും പൊലീസ് പറഞ്ഞു.

താൻ മുമ്പ് അറവുകാരനായി ജോലിചെയ്തിട്ടുണ്ടെന്ന് ഷാഫി പൊലീസിനോട് പറഞ്ഞു.  വർഷങ്ങൾക്കു മുമ്പ് ആലുവയിൽ അറവുശാലയിൽ ജോലിചെയ്തിട്ടുണ്ട്‌ . അതുകൊണ്ടുതന്നെ രക്തംകണ്ടാൽ തനിക്ക്  ഭയമില്ലെന്നും ഷാഫി പൊലീസിനോട് പറഞ്ഞു. പണം മോഹിപ്പിച്ചാണ് പത്മയെയും റോസ്‌ലിയെയും ഷാഫി–ഭഗവൽസിങ്–ലൈല സംഘം കുടുക്കിയതെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പത്മയെ കൊലപ്പെടുത്തിയശേഷം പ്രതികൾ നടത്തിയ അതിഭീകരമായ പീഡനം റിപ്പോർട്ടിൽ പൊലീസ് വിവരിക്കുന്നുണ്ട്. 

ഒന്നാം പ്രതി ഷാഫിയാണു പത്മയുടെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. തെളിവു നശിപ്പിക്കാനായി ശരീരഭാഗങ്ങൾ 56 കഷണങ്ങളായി മുറിച്ചു ബക്കറ്റുകളിൽ നിറച്ചു. വീടിന്റെ വടക്കു വശത്തെ പറമ്പിൽ നേരത്തേ തയാറാക്കിയിരുന്ന കുഴിയിൽ കുഴിച്ചുമൂടി. റോസ്‌ലിയെയും സമാനരീതിയിലാണു വധിച്ചത്. 

രണ്ടാമത്തെ നരബലി നടത്തിയതിന്റെ അടുത്ത ദിവസം പ്രതികൾ തിരുമ്മൽ ചികിത്സയ്ക്കായി പോയിരുന്നു. നരബലിക്ക് തൊട്ടടുത്ത ദിവസമാണ് മലയാലപ്പുഴ സ്വദേശിയുടെ വീട്ടിലെത്തി ഭ​ഗവൽ സിങ്ങും ലൈലയും തിരുമ്മൽ ചികിത്സ നടത്തിയത്. സെപ്റ്റംബർ 16നാണ് പത്മയെ കൊലപ്പെടുത്തുന്നത്. 27 മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ എത്തി പ്രതികൾ തിരുമ്മൽ ചികിത്സ നടത്തി. ശനിയാഴ്ചയാണ് അവസാനം എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com