മൃതദേഹങ്ങള്‍ മണത്തു കണ്ടെത്തും, മായയും മര്‍ഫിയും ഇലന്തൂരിലേക്ക്; പ്രതികളുമായി തെളിവെടുപ്പ്

കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നു പ്രതികളെയും ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീട്ടില്‍ തെളിവെടുപ്പ്
മായയും മര്‍ഫിയും, ലൈല/ ഫയല്‍
മായയും മര്‍ഫിയും, ലൈല/ ഫയല്‍

കൊച്ചി: പത്തനംതിട്ട ഇലന്തൂരില്‍ ഇരട്ട നരബലി നടന്ന ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടോയെന്ന് വിശദമായി പരിശോധിക്കാന്‍ പൊലീസ്. പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് നായകളായ മായ, മര്‍ഫി എന്നിവയുമാണ് ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ വിശദ പരിശോധന നടത്തുന്നത്. മണ്ണില്‍ എത്ര പഴക്കമേറിയ മൃതദേഹങ്ങള്‍ ഉണ്ടെങ്കിലും മണത്ത് കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ചതാണ് ഈ കെടാവര്‍ നായ്ക്കള്‍.

കൂടുതല്‍ പേരെ അപായപ്പെടുത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് വിശദപരിശോധന. സ്ഥലത്ത് പരിശോധനക്കൊപ്പം തെളിവെടുക്കാനുമായി കേസിലെ മുഖ്യപ്രതികളായ ഷാഫി, ഭഗവല്‍ സിങ്ങ്, ലൈല എന്നിവരെയും കൊണ്ട് പൊലീസ് സംഘം ഇലന്തൂരിലേക്ക് തിരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നു പ്രതികളെയും ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീട്ടില്‍ തെളിവെടുപ്പ്. ഫോറന്‍സിക് വിദഗ്ധരും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. 

മുഖ്യപ്രതി ഷാഫി ചോദ്യം ചെയ്യലിനോട് കാര്യമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. തെളിവു സഹിതം നിരത്തുമ്പോഴാണ് ഷാഫി പലപ്പോഴും ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറാകുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മറ്റു പ്രതികളായ ഭഗവല്‍ സിങ്ങിനെയും ലൈലയെയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. 

അതേസമയം ഷാഫിക്ക് ശ്രീദേവി എന്ന വ്യാജ അക്കൗണ്ടു കൂടാതെ വേറെയും വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ വിശദമായ പരിശോധന വേണമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഇതിനായി പൊലീസ് ഫെയ്‌സ്ബുക്കിന് കത്തയച്ചിട്ടുണ്ട്. ശ്രീദേവി എന്ന അക്കൗണ്ടിലെ കുറേ ചാറ്റുകള്‍ കഴിഞ്ഞദിവസം അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com