പത്മത്തെ കൊല്ലാന്‍ കൊണ്ടുപോയ കൊച്ചിയിലെ യാത്ര; പുനരാവിഷ്‌കരിച്ച് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th October 2022 05:47 PM  |  

Last Updated: 18th October 2022 05:47 PM  |   A+A-   |  

shafi_laila

പ്രതികളായ ഷാഫി, ലൈല, ഭഗവല്‍ സിങ് എന്നിവര്‍

 

കൊച്ചി: നരബലി കേസില്‍ പ്രതി ഷാഫിയുടെ സഞ്ചാരപാത പുനരാവിഷ്‌കരിച്ച് പൊലീസ്. പത്മത്തിന്റെ കൊല നടത്തിയ സെപ്റ്റംബര്‍ 26ലെ കൊച്ചിയിലെ യാത്രയാണ് പുനരാവിഷ്‌കരിച്ചത്. 

സെപ്റ്റംബര്‍ 26ന് പത്മത്തെ ആദ്യം കണ്ടുമുട്ടിയത് ചിറ്റൂര്‍ റോഡിലെ ആശുപത്രിക്ക് സമീപമാണ്. പിന്നീട് ഷാഫി ബൈക്കില്‍ ഫാഷന്‍ സ്ട്രീറ്റിലേക്ക് കൊണ്ടുപോയി. ഒന്‍പതരയോടെ പത്മത്തെ വാഹനത്തില്‍ കയറ്റി ഇലന്തൂരിലേക്ക് കൊണ്ടുപോയെന്നും യാത്ര പുനരാവിഷ്‌കരിച്ചപ്പോള്‍ ഷാഫി വ്യക്തമാക്കി. 

നരബലിക്കേസില്‍ അവയവക്കച്ചവടം നടന്നിട്ടില്ലെന്നാണ് മനസ്സിലാകുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. വളരെ വൃത്തിയും സുരക്ഷിതവുമായ സാഹചര്യത്തിലാണ് അവയവം എടുക്കുന്നത്. ഒരു വീട്ടില്‍ വെച്ച്, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ അത് എടുക്കാനാവില്ല. എന്നാല്‍ അവയവക്കച്ചവടം നടത്താമെന്ന് ഷാഫി ഭഗവല്‍ സിങ്ങിനെയും ലൈലയേയും കബളിപ്പിച്ചിട്ടുണ്ടാകുമെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ഒരുപാട് ശാസ്ത്രീയ തെളിവുകളും സൈബര്‍ തെളിവുകളും ലഭിച്ചിട്ടുണ്ട്. നിരവധി മൊബൈല്‍ ഫോണുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ വിദഗ്ധ പരിശോധനകള്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല. ചോദ്യം ചെയ്യലില്‍ നിരവധി കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ട്. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ടതാണോയെന്ന് അന്വേഷിക്കുന്നുണ്ട്.

ഫെയ്സ്ബുക്ക് അക്കൗണ്ടു വഴിയാണ് ഷാഫി പ്രതികളായ ഭഗവല്‍ സിങ്ങിനേയും ലൈലയേയും സ്വാധീനിച്ചത്. ഷാഫി സമൂഹമാധ്യമം ഉപയോഗിക്കുന്നതില്‍ നല്ല അറിവുള്ളയാളാണെന്നാണ് മനസ്സിലായിട്ടുള്ളത്. ഷാഫിക്ക് പിന്നില്‍ മറ്റാരുമില്ലെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യം പൂര്‍ണമായി പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. ഈ കാര്യവും അന്വേഷിക്കുന്നുണ്ട്. മൃതദേഹം വെട്ടിമുറിച്ചത് ഷാഫിയാണെന്നാണ് വിലയിരുത്തല്‍. മൃതദേഹം വെട്ടിമുറിച്ചത് ഒരു കശാപ്പുകാരന്‍ ചെയ്യുന്നതു പോലെയുണ്ട്.

പ്രതികള്‍ പലതും പറഞ്ഞിട്ടുണ്ട്. ഇതെല്ലാം പരിശോധിക്കുന്നുണ്ട്. അന്വേഷണം അതിവേഗം പുരോഗമിക്കുകയാണ്. ഇലന്തൂരിലടക്കം ഇനിയും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. കേസ് വിചാരണയ്ക്ക് പ്രത്യേക അതിവേഗ കോടതി വേണമെന്ന് ആവശ്യപ്പെടുന്നത് പരിഗണനയിലാണെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു. കൊല്ലപ്പെട്ട പത്മയുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ പൊലീസ് ശേഖരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ പേവിഷബാധ മരണങ്ങള്‍ക്ക് കാരണം വാക്‌സിന്റെ പോരായ്മയല്ല; ചികിത്സ തേടുന്നതില്‍ കാലതാമസം: കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ