ഒളിവില്‍ പോകാതെ പാര്‍ട്ടിയെ ബോധ്യപ്പെടുത്തണമായിരുന്നു;  കോടതി ഉത്തരവ് എന്തായാലും നടപടിയുണ്ടാകും; കെ സുധാകരന്‍

ഒരു കാരണവശാലും എല്‍ദോസിന്റെ നടപടിയെ ന്യായീകരിക്കുന്നില്ല. പാര്‍ട്ടി അതിനെ അതിന്റെതായ ഗൗരവത്തില്‍ തന്നെ കാണും.
കെ സുധാകരന്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിനിടെ
കെ സുധാകരന്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിനിടെ

ന്യുഡല്‍ഹി: ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ വിശദീകരണം ലഭിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വക്കീല്‍ മുഖേനെയാണ് കെപിസിസി ഓഫീസില്‍ വിശദീകരണം കിട്ടിയത്. താന്‍ കണ്ടിട്ടില്ല, ഡല്‍ഹിയില്‍ നിന്നും നാളെ അവിടെയെത്തിയ ശേഷമേ അത് വായിക്കാനാകൂ, അതിന് ശേഷം മറ്റുനേതാക്കളുമായി ആലോചിച്ച് യുക്തമായ നടപടി സ്വീകരിക്കുമെന്ന് സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.  

ഒരു കാരണവശാലും എല്‍ദോസിന്റെ നടപടിയെ ന്യായീകരിക്കുന്നില്ല. പാര്‍ട്ടി അതിനെ അതിന്റെതായ ഗൗരവത്തില്‍ തന്നെ കാണും. കേസ് കോടതി തള്ളിയാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ കുറ്റത്തിന്റെ വിശദീകരണം പരിശോധിച്ച് യുക്തമായ നടപടി എടുക്കുമെന്ന് സുധാകരന്‍ പറഞ്ഞു

ഇത്തരമൊരു പരാതി ഉയര്‍ന്നപ്പോള്‍ തന്നെ ഒളിവില്‍ പോകാതെ പാര്‍ട്ടിയെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ബാധ്യത നിറവേറ്റാത്തത് കുറ്റകരമാണ്. നേതൃത്വത്തിലുള്ള ഞങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല അദ്ദേഹം എവിടെയാണെന്ന്. എന്നാല്‍ അദ്ദേഹത്തിന് ലോകത്ത് എല്ലാവരെയും കിട്ടുന്നുണ്ടെന്നത് മറ്റൊരു കാര്യമെന്നും സുധാകരന്‍ പറഞ്ഞു. 

അതേസമയം, താന്‍ നിരപരാധിയെന്നും ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നും എല്‍ദേസ് കുന്നപ്പിള്ളി എംഎല്‍എ. കേസ് രാഷ്ട്രീയ പ്രേരിതമാണ്. പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിക്കും മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കാന്‍ തയ്യാറാവണമെന്ന് എല്‍ദോസ് കെപിസിസിക്ക് നല്‍കിയ വിശദികരണത്തില്‍ പറയുന്നു. വക്കീല്‍ മുഖേനയൊണ് എല്‍ദോസ് വിശദീകരണം നല്‍കിയത്.

ഒരു പിആര്‍ ഏജന്‍സി എന്ന നിലയിലാണ് യുവതിയെ പരിചയപ്പെടുന്നത്. തനിക്കെതിരെ യുവതി നല്‍കിയ ബലാത്സംഗ പരാതി തീര്‍ത്തും വ്യാജമാണ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിശദീകരണത്തില്‍ പറയുന്നു. തനിക്കെതിരായ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും നിലനില്‍ക്കുന്നതല്ല. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാനാകും. തനിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുന്‍പായി തന്റെ ഭാഗം കൂടി കേള്‍ക്കാന്‍ അനുവദിക്കണമെന്നും വിശദീകരണക്കുറിപ്പില്‍ പറുയുന്നു.

യുവതിക്കെതിരെ പലസ്റ്റേഷനുകളിലും നിരവധി കേസുകള്‍ നിലവിലുണ്ട്. അതിന്റെ പൂര്‍ണവിവരങ്ങളും പകര്‍പ്പുകളും വിശദീകരണത്തിനൊപ്പം നല്‍കിയിട്ടുണ്ട്. നേരത്തെയും യുവതി പലര്‍ക്കുമെതിരെ ഇത്തരത്തില്‍ വ്യാജപരാതി നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ ഒരുപരാതിയാണ് ഇത് എന്നും എല്‍ദോസ് പറയുന്നു. അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കാനാണ് മാറിനില്‍ക്കുന്നത്. തന്റെ ഇത്രയും കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനവും എല്‍ദോസ് വിശദീകരണക്കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com