"പരാജയത്തിന് ശേഷമുള്ള ജീവിതങ്ങൾ കൂടി പറഞ്ഞുകൊടുക്കണം"; വിഷ്ണുപ്രിയയുടെ കുടുംബത്തെ സന്ദർശിച്ച് കെ കെ ശൈലജ 

പ്രണയം പറയാനുള്ള സ്വാതന്ത്ര്യം പോലെ അത് നിരസിക്കാനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കാൻ കഴിയണമെന്നും ടീച്ചർ പറഞ്ഞു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

പാനൂരിൽ വള്ള്യായിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ കുടുംബത്തെ സന്ദർശിച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. വിഷ്ണുപ്രിയയുടെ കൊലപാതകം ഞെട്ടലുളവാക്കുന്നതും പുതുതലമുറയിൽ നിലനിൽക്കുന്ന പക്വതയില്ലായ്മയെ വെളിവാക്കുന്നതുമാണെന്നാണ് ശൈലജയുടെ വാക്കുകൾ. "പരാജയത്തിന് ശേഷമുള്ള ജീവിതങ്ങളെ കൂടി നാം കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കണം. പ്രണയിക്കപ്പെടുകയെന്നതുപോലെ അത് നിരസിക്കപ്പെടാനുള്ള സാധ്യതയും ഉൾക്കൊള്ളാൻ കഴിയുന്നവരായി പുതുതലമുറ ഇനിയും ഏറെ മാറേണ്ടതുണ്ട്. പ്രണയം പറയാനുള്ള സ്വാതന്ത്ര്യം പോലെ അത് നിരസിക്കാനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കാൻ കഴിയണം", ശൈലജ ഫേയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം

പാനൂർ വള്ള്യായിലെ വിഷ്ണുപ്രിയയുടെ രക്ഷിതാക്കളെ സന്ദർശിച്ചു. വിഷ്ണുപ്രിയയുടെ കൊലപാതകം ഞെട്ടലുളവാക്കുന്നതും പുതുതലമുറയിൽ നിലനിൽക്കുന്ന പക്വതയില്ലായ്മയെ വെളിവാക്കുന്നതുമാണ്. പ്രണയം നിരസിക്കപ്പെട്ടാൽ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കുമെല്ലാം എത്തപ്പെടുന്ന യുവത്വം നമുക്ക് ചുറ്റും വളർന്നുവരികയാണ്. പുരോഗമനോന്മുഖമെന്ന് പറയുമ്പോഴും സമൂഹത്തിൽ വളർന്നുവരുന്ന ഇത്തരം പ്രവണതകളെ പ്രതിരോധിക്കാനും ചെറുത്ത് തോൽപ്പിക്കാനും നമുക്ക് കഴിയണം.
പരാജയത്തിന് ശേഷമുള്ള ജീവിതങ്ങളെ കൂടി നാം കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കണം. ബന്ധങ്ങളെ പക്വതയോടെ തെരഞ്ഞെടുക്കാൻ കഴിയുന്നവരായി നമ്മുടെ കുട്ടികളെ വളർത്തിയെടുക്കാൻ നമുക്ക് കഴിയണം. കുട്ടികളുടെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാൻ കഴിയുന്നൊരന്തരീക്ഷം നമ്മുടെ വീടിനകത്ത് വളർത്തിയെടുക്കാൻ രക്ഷിതാക്കളും ശ്രദ്ധിക്കണം.
പ്രണയപ്പക വലിയൊരു സാമൂഹ്യ പ്രശ്‌നമായി നമ്മുടെ സമൂഹത്തിൽ ഉയർന്നുവരികയാണ്. കുടുംബത്തിനും നാടിനും സമൂഹത്തിനും തുണയാവേണ്ട പ്രതിഭാധനരായ യുവത്വമാണ് ഇത്തരം സംഭവങ്ങളിലൂടെ ഇല്ലാതാവുന്നത്. പ്രണയിക്കപ്പെടുകയെന്നതുപോലെ അത് നിരസിക്കപ്പെടാനുള്ള സാധ്യതയും ഉൾക്കൊള്ളാൻ കഴിയുന്നവരായി നമ്മുടെ പുതുതലമുറ ഇനിയും ഏറെ മാറേണ്ടതുണ്ട്. പ്രണയം പറയാനുള്ള സ്വാതന്ത്ര്യം പോലെ അത് നിരസിക്കാനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കാൻ കഴിയണം. അരുതെന്ന മറ്റൊരാളുടെ മറുപടിയെ കൂടെ കേട്ടുവളരാനും അംഗീകരിക്കാനും കഴിയുന്നവരായി നമ്മുടെ തലമുറയെ നാം വളർത്തണം. നേട്ടങ്ങളിൽ അഭിരമിക്കുന്നവർ മാത്രമല്ല നഷ്ടങ്ങളെ അംഗീകരിക്കുന്നവർ കൂടെയായി നമ്മുടെ പുതുതലമുറ വളർന്നുവരട്ടെ...

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com