'നിയമിച്ചതു ഗവര്‍ണര്‍; എന്തിനാണ് നിയമിച്ചതെന്നു പറയേണ്ടതും ഗവര്‍ണര്‍'

ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിനു മറുപടി നല്‍കുമെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ചിത്രം
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ചിത്രം

കണ്ണൂര്‍: വൈസ് ചാന്‍സലറായി തന്നെ നിയമിച്ചതു ഗവര്‍ണര്‍ ആണെന്നും അതില്‍ പാകപ്പിഴയുണ്ടെങ്കില്‍ മറുപടി പറയേണ്ടത് ഗവര്‍ണര്‍ തന്നെയാണെന്നും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍. രാജിവയ്ക്കാതിരുന്നതിനു ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിനു മറുപടി നല്‍കുമെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കാന്‍ നവംബര്‍ മൂന്നു വരെയാണ് സമയം നല്‍കിയിട്ടുള്ളത്. അതിനു മറുപടി നല്‍കും. തന്റെ നിയമനം താന്‍ പറഞ്ഞിട്ടല്ല. പാനലില്‍ താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും തനിക്കറിയാത്ത കാര്യമാണ്. ഗവര്‍ണറാണ് തന്നെ നിയമിച്ചത്. എന്തുകൊണ്ടു തന്നെ നിയമിച്ചു എന്നു പറയേണ്ടതും ഗവര്‍ണറാണ്- വിസി പറഞ്ഞു. 'ഞാന്‍ ഒരാളെ നിയമിച്ചാല്‍ അതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയേണ്ടതു ഞാന്‍ തന്നെയല്ലേ?'- ഗോപിനാഥ് രവീന്ദ്രന്‍ ചോദിച്ചു. 

നിരന്തരം ക്രിമിനല്‍ എന്നു വിളിച്ചാല്‍ കുറെപ്പേരെങ്കിലും വിശ്വസിക്കുമല്ലോ എന്നു കരുതിയാവും ഗവര്‍ണര്‍ വീണ്ടും വീണ്ടും അങ്ങനെ വിളിക്കുന്നതെന്ന്, ചോദ്യത്തിനു മറുപടിയായി വിസി പറഞ്ഞു. ചരിത്ര കോണ്‍ഗ്രസിനിടെയുണ്ടായ സംഭവങ്ങളെക്കുറിച്ചു ഗവര്‍ണര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. യൂണിവേഴ്‌സിറ്റി നിയോഗിച്ച സമിതി നല്‍കിയത് അനുസരിച്ചുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. തങ്ങള്‍ സുരക്ഷാ വിദഗ്ധരല്ലെന്ന് അതില്‍ പറഞ്ഞിരുന്നെന്നും വൈസ് ചാന്‍സലര്‍ സ്ഥിരീകരിച്ചു. 

ഇപ്പോള്‍ നടക്കുന്ന വിവാദം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിനു ദോഷം ചെയ്യുമെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com