എവിടെ രജിസ്റ്റർ ചെയ്തെന്നോ ഉടമസ്ഥൻ ആരെന്നോ നോക്കരുത്‌; നിയമം ലംഘിച്ചാൽ ഇനി കർശന നടപടി, ഹൈക്കോടതി നിർദേശം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th October 2022 09:26 AM  |  

Last Updated: 29th October 2022 09:26 AM  |   A+A-   |  

tourist_bus

പ്രതീകാത്മക ചിത്രം

 

കൊച്ചി: നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെങ്കിൽ കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനമാണെങ്കിലും കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശം. എവിടെ രജിസ്റ്റർ ചെയ്തെന്നോ ഉടമസ്ഥൻ ആരാണെന്നോ നോക്കാതെ ചട്ടം ലംഘിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പിനോടും പൊലീസിനോടും ഹൈക്കോടതി നിർദ്ദേശിച്ചത്. വടക്കാഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങളിലെ നിയമലംഘനങ്ങൾ സംബന്ധിച്ച ഹർജികൾ പരി​ഗണിക്കുകയായിരുന്നു ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അ‍ജിത് കുമാർ എന്നവരടങ്ങിയ ഡിവിഷൻ ബെഞ്ച്. 

കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനമാണെങ്കിലും ഉത്തരവ് എല്ലാവർക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി. ‌ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇൻഷ്വറൻസും എല്ലാ വാഹനങ്ങൾക്കും ബാധകമാണ്. ‌രൂപമാറ്റം വരുത്തിയ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു.  മഡ്​ഗാഡിന്റെ പുറത്തേക്ക് തള്ളിനിൽക്കുന്ന വീതി കൂടിയ ടയറുകൾ, മുകൾഭാ​ഗത്തു കൂടുതൽ ലൈറ്റുകൾ, ഓപ്പൺ സൈലൻസറുകൾ തുടങ്ങിയ അനധികൃതമായി ഘടിപ്പിച്ചിരിക്കുന്ന വാഹനങ്ങൾക്കെതിരെ നിയമനടപടിയെടുക്കണം. 

കോടതി ഉത്തരവുണ്ടായിട്ടും വയനാട് ഗവ. എൻജിനിയറിംഗ് കോളജിലും കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലും ചട്ടങ്ങൾ ലംഘിച്ച് മോട്ടോർ‌ ഷോ നടത്തിയതിന്റെ ദൃശ്യങ്ങൾ കോടതിയിൽ പ്രദ‌‌ർശിപ്പിച്ചു. ഇറക്കുമതി ചെയ്ത ശേഷം നിയമം ലംഘിച്ച് രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കാ‌ർനെറ്റ് വഴി വിദേശത്തുനിന്ന് കൊണ്ടുവരുന്ന വാഹനങ്ങളുടെ രൂപകല്പനയിൽ മാറ്റംവരുത്തി കോളജുകളിലും മറ്റും റോഡ് ഷോ നടത്തുന്നത് തടയണമെന്നും കോടതി നിർദേശിച്ചു. നിയമ ലംഘനങ്ങൾക്കെതിരെ സ്ഥാപന മേധാവിയും നടപടിയെടുക്കണം. പിടികൂടുന്ന വാഹനങ്ങളിലെ നിയമലംഘനങ്ങൾ നീക്കിയെന്ന് ഉറപ്പാക്കണം.

കോടതി ഉത്തരവ് കെഎസ്ആർടിസിക്കും കെയുആർടിസിക്കും ബാധകമാണെന്ന് കോടതി പറഞ്ഞു. സർവീസ് നടത്തുന്ന എല്ലാ കെഎസ്ആർടിസി ബസുകൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റുണ്ടെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇലന്തൂർ നരബലി: 18 ദിവസമായി കൊച്ചിയിൽ കാത്തിരിക്കുകയാണ്, പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് മകൻ, മുഖ്യമന്ത്രിക്ക് കത്ത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ