'ഒഴിവാക്കാന്‍ വേണ്ടി ജാതകദോഷ കഥ ചമച്ചു, പോകില്ലെന്ന് ഉറപ്പായപ്പോള്‍ കൊലപാതകം'; പൊലീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2022 09:57 PM  |  

Last Updated: 30th October 2022 09:57 PM  |   A+A-   |  

ajith_kumar_new

എഡിജിപി എം ആര്‍ അജിത് കുമാര്‍ മാധ്യമങ്ങളോട്

 

തിരുവനന്തപുരം: ഷാരോണിനെ കൊന്നത് താനെന്ന് വനിതാ സുഹൃത്ത് ഗ്രീഷ്മ സമ്മതിച്ചതായി എഡിജിപി എം ആര്‍ അജിത് കുമാര്‍. കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി തന്നെയായിരുന്നു കഷായത്തില്‍ കീടനാശിനി കലര്‍ത്തി ഷാരോണിന് ഗ്രീഷ്മ നല്‍കിയതെന്നും അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇരുവരും ഒരുവര്‍ഷമായി അടുപ്പത്തിലായിരുന്നു. ഫെബ്രുവരി മാസത്തില്‍ ഇരുവരും തമ്മില്‍ പിണക്കമുണ്ടായി. ആ മാസം തന്നെയായിരുന്നു ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചത്. അതിന് ശേഷവും ഇരുവരും തമ്മില്‍ ബന്ധം തുടര്‍ന്നു. അതിനിടെ വീണ്ടും ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായി. ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തതെന്നും അജിത് കുമാര്‍ പറഞ്ഞു.

ഷാരോണിനെ വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ അവരുടെ വീട്ടില്‍ ഉണ്ടായിരുന്ന കീടനാശിനി കലര്‍ത്തി നല്‍കുകയായിരുന്നു. ഷാരോണ്‍ അവിടെ വച്ച് തന്നെ ഛര്‍ദ്ദിച്ചു. പിന്നീട് വീട്ടില്‍ നിന്ന് ഷാരോണ്‍ പോയി. ഷാരോണിന് എന്താണ് കൊടുത്തതെന്ന് സഹോദരന്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഗ്രീഷ്മ ഒന്നും പറഞ്ഞില്ലെന്നും അജിത് കുമാര്‍ പറയുന്നു.

ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ജാതകദോഷ കഥ ഗ്രീഷ്മ പറഞ്ഞത്. എന്നിട്ടും ഒഴിഞ്ഞുപോകാന്‍ ഷാരോണ്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തതെന്നും അജിത് കുമാര്‍ പറയുന്നു. അന്ധവിശ്വാസം ഉള്‍പ്പെടെയുള്ള മറ്റുവശങ്ങള്‍ കൂടുതലായി അന്വേഷിക്കേണ്ടതുണ്ടെന്നും അജിത് കുമാര്‍ പറഞ്ഞു.

ഗ്രീഷ്മയുടെ മാതാപിതാക്കളെ പ്രതിയാക്കാന്‍ പ്രാഥമികമായി തെളിവുകള്‍ ലഭിച്ചിട്ടില്ല. മുന്‍പ് വിഷം നല്‍കിയതിനും തെളിവ് ലഭിച്ചിട്ടില്ല. ബന്ധത്തില്‍ വിള്ളല്‍ വീണിട്ടും ബന്ധം തുടരാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നു. 
ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് ഗ്രീഷ്മ ശ്രമിച്ചത്. ഷാരോണിനെ ഒഴിവാക്കാനാണ് ഗ്രീഷ്മ കൊലപാതകം നടത്തിയത്.പള്ളിയില്‍ പോയി സിന്ദൂരം തൊട്ടെങ്കില്‍ വിവാഹം കഴിഞ്ഞതായി ഗ്രീഷ്മയുടെ മൊഴിയില്‍ ഇല്ലെന്നും അജിത് കുമാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഛര്‍ദ്ദിച്ചപ്പോള്‍ വിഷം കലര്‍ത്തിയെന്ന് പറഞ്ഞു, പുറത്തുപറയേണ്ടെന്ന് ഷാരോണ്‍', ഗ്രീഷ്മയുടെ ഗൂഗിള്‍ സെര്‍ച്ചും നിര്‍ണായകമായി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ