'കണ്ണ് തുറപ്പിക്കാന്‍'പൊലീസ്; കേടായ സിസിടിവി ക്യാമറകള്‍ എത്രയും വേഗം ശരിയാക്കാന്‍ നിര്‍ദേശം

എല്ലാ ജില്ലകളിലെയും പ്രധാനകേന്ദ്രങ്ങളും തെരുവുകളും പൂര്‍ണമായും സിസിടിവിയുടെ പരിധിയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകോപിപ്പിക്കുമെന്ന് പൊലീസ് മേധാവി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്തെ നിരീക്ഷണ ക്യാമറകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ പൊലീസ്. എല്ലാ ജില്ലകളിലെയും പ്രധാനകേന്ദ്രങ്ങളും തെരുവുകളും പൂര്‍ണമായും സിസിടിവിയുടെ പരിധിയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകോപിപ്പിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് വ്യക്തമാക്കി. ഇതിനായി എല്ലാ ജില്ലകളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെയും ഓഡിറ്റിങ് നടത്താന്‍ പൊലീസ് തീരുമാനിച്ചു. ഇതിന് ആവശ്യമായ നിര്‍ദേശം ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നല്‍കി.

തിരുവനന്തപുരത്ത് മ്യൂസിയം വളപ്പില്‍ പ്രഭാതനടത്തത്തിനെത്തിയ യുവതിയെ ആക്രമിച്ച കേസില്‍ പ്രതിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. പൊലീസിന്റെ നിയന്ത്രണത്തിലുള്ള 235 ക്യാമറകളില്‍ 145 എണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

പൊലീസിന്റെ നിയന്ത്രണത്തിലുളള സിസിടിവി ക്യാമറകളുടെ എണ്ണം, ഇനം, സ്ഥാപിച്ചിരിക്കുന്ന സ്ഥലം, പൊലീസ് സ്‌റ്റേഷന്‍, പ്രവര്‍ത്തനരഹിതം എങ്കില്‍ അതിനുള്ള കാരണം എന്നിവ ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയും കണ്‍ട്രോള്‍ റൂമും അതതു സ്‌റ്റേഷന്‍ അധികൃതരും ശേഖരിച്ചു സൂക്ഷിക്കും. കണ്‍ട്രോള്‍ റൂമിലും സ്‌റ്റേഷനുകളിലും ഫീഡ് ലഭ്യമായ ക്യാമറകളുടെ വിവരങ്ങളും ശേഖരിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുളള സിസിടിവി ക്യാമറകളുടെ വിവരങ്ങള്‍ അതത് സ്‌റ്റേഷനുകളില്‍ ശേഖരിച്ച് സൂക്ഷിക്കും.

പൊലീസിന്റെ ക്യാമറകളില്‍ പ്രവര്‍ത്തനരഹിതമായവ ഉടനടി അറ്റകുറ്റപ്പണി നടത്തും. തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റ് വകുപ്പുകളുടെയും ക്യാമറകളില്‍ കേടായത് നന്നാക്കാന്‍ അതത് വകുപ്പുകളോട് അഭ്യര്‍ഥിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com