ഭാരത് ജോഡോ യാത്ര മറ്റന്നാൾ കേരളത്തിൽ: ഏഴ് ജില്ലകളിൽ പര്യടനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th September 2022 08:41 PM  |  

Last Updated: 09th September 2022 08:41 PM  |   A+A-   |  

rahul_gandhi

ചിത്രം: പിടിഐ

 

തിരുവനന്തപുരം: എഐസിസി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തിൽ എത്തും. വാദ്യമേളം, കേരളീയ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ പാറശാലയിൽ രാഹുൽ ഗാന്ധിയേയും പദയാത്രികരേയും കെപിസിസി സ്വീകരിക്കും. 

ഞായറാഴ്ച രാത്രിയോടെ കേരള അതിർത്തിയായ പാറശാല ചേരുവരകോണത്ത് യാത്ര എത്തും. സെപ്റ്റംബർ 11-ന് രാവിലെ ഏഴിന് പാറശാലയിൽ നിന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വിഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ.മുരളീധരൻ എംപി തുടങ്ങിയവർ ചേർന്ന് ജാഥയെ സ്വീകരിക്കും. കേരളത്തിൽ നിന്നുള്ള പദയാത്രികരും യാത്രയ്ക്കൊപ്പം അണിചേരും.

കേരളത്തിൽ ഏഴുജില്ലകളിലൂടെയാണ് ജോഡോ യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ദേശീയ പാതവഴിയും തുടർന്ന് നിലമ്പൂർവരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. തിരുവനന്തപുരം ജില്ലയിൽ 11,12,13,14 തീയതികളിൽ പര്യടനം നടത്തി 14-ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കും. 15,16 തീയതികളിൽ കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന യാത്ര 17,18,19,20 തീയതികളിൽ ആലപ്പുഴയിലും 21,22-ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളിൽ തൃശൂർ ജില്ലയിലും 26-നും 27-ന് ഉച്ചവരെയും പാലക്കാട് ജില്ലയിലും പര്യടനം പൂർത്തിയാക്കും. 28,29-നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കി, തമിഴ്നാട്ടിലെ ഗൂഡല്ലൂർ വഴി കർണ്ണാടകത്തിൽ പ്രവേശിക്കും. രാവിലെ 7മണി മുതൽ 11മണി വരെയും വൈകുന്നേരം 4മണി മുതൽ 7മണി വരെയുമാണ് യാത്രയുടെ സമയക്രമം. 

19 ദിവസമെടുത്താണ് കേരളത്തിലൂടെ യാത്ര കടന്നുപോകുന്നത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക.  3570 കിലോമീറ്റർ പിന്നിട്ട് 2023 ജനുവരി 30-നു സമാപിക്കും. ‌

ഈ വാര്‍ത്ത കൂടി വായിക്കൂ

മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് ബിജെപി കേരള ഘടകത്തിന്റെ ചുമതല

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ