രണ്ട് വർഷത്തിന് ശേഷം സിദ്ദിഖ് കാപ്പന് ജാമ്യം; യുപി പൊലീസിന്റെ എതിർപ്പ് തള്ളി

മൂന്ന് ദിവസത്തിനുള്ളിൽ സിദ്ദിഖ് കാപ്പനെ വിചാരണ കോടതിയിൽ ഹാജരാക്കണം. തുടർന്ന് വിചാരണ കോടതി ജാമ്യം അനുവദിക്കണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. യുഎപിഎ കേസിനെ തുടർന്നാണ് സിദ്ദിഖ് കാപ്പൻ ജയിലിൽ കഴിഞ്ഞത്. ജാമ്യത്തിൽ ഇറങ്ങി ആദ്യ ആറ് ആഴ്ച കാപ്പൻ ഡൽഹിയിൽ കഴിയണം. 

അതിനു ശേഷം സ്വദേശമായ മലപ്പുറത്തേക്ക് പോകാനും സിദ്ദിഖ് കാപ്പന് പരമോന്നത നീതിപീഠം അനുമതി നൽകി. കേരളത്തിലേക്കു പോകാന്‍ അനുവദിക്കരുതെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി.

മൂന്ന് ദിവസത്തിനുള്ളിൽ സിദ്ദിഖ് കാപ്പനെ വിചാരണ കോടതിയിൽ ഹാജരാക്കണം. തുടർന്ന് വിചാരണ കോടതി ജാമ്യം അനുവദിക്കണം. ജാമ്യത്തിൽ ഇറങ്ങുന്ന കാപ്പൻ ഡൽഹിയിലെ ജങ്ക്പുരയിൽ ആണ് ആദ്യ ആറ് ആഴ്ച കഴിയേണ്ടത്. എല്ലാ തിങ്കളാഴ്ചയും നിസാമുദ്ദീൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. 

നാട്ടിൽ എത്തിയാലും പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. കാപ്പനോട് പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 

അതേസമയം ജാമ്യം അനുവദിച്ചെങ്കിലും സിദ്ദിഖ് കാപ്പന്റെ ജയിൽ മോചനം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. കാപ്പനെതിരെ ഇഡി മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ ജാമ്യം ലഭിക്കുന്നത് വരെ ജയിൽ മോചനം സാധ്യമാകില്ലെന്നും റിപ്പോർട്ടുകളുണ്ട്. 

സിദ്ദിഖ് കാപ്പന് ജാമ്യം നൽകുന്നതിനെ യുപി സർക്കാർ കോടതിയിൽ എതിർത്തു. ജാമ്യം നൽകുന്നതു സാക്ഷികൾക്കു ഭീഷണിയാണെന്നാണു സർക്കാരിന്റെ വാദം. സിദ്ദിഖ് കാപ്പന് വേണ്ടി സീനിയർ അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവർ ഹാജരായി. ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ മഹേഷ് ജെഠ്മലാനിയാണ് ഹാജരായത്. 

2020 ഒക്ടോബർ അഞ്ചിനാണ് യുപി പൊലീസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഹത്രസിൽ ദലിത് പെൺകുട്ടിയുടെ പീഡന കൊലപാതകം റിപ്പോർട്ട് ചെയ്യാനുള്ള യാത്രയ്ക്കിടെയായിരുന്നു അറസ്റ്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com