തെരുവുനായ കുറുകെ ചാടി, കൊല്ലത്തും കോഴിക്കോട്ടും അപകടങ്ങള്‍; വീട്ടമ്മയുടെ ഇടതുകാല്‍ ഒടിഞ്ഞുതൂങ്ങി, ശസ്ത്രക്രിയ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th September 2022 05:17 PM  |  

Last Updated: 12th September 2022 05:17 PM  |   A+A-   |  

stray dog attack

പ്രതീകാത്മക ചിത്രം

 

കൊല്ലം: കൊല്ലത്തും കോഴിക്കോട്ടും ഇരുചക്രവാഹനങ്ങള്‍ക്ക് കുറുകെ തെരുവുനായ ചാടി അപകടങ്ങള്‍. അഞ്ചലില്‍ സ്‌കൂട്ടറിന് കുറുകെ തെരുവുനായ ചാടി വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇടതുകാല്‍ ഒടിഞ്ഞ കൊട്ടാരക്കര സ്വദേശിനി കവിതയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കുറ്റിയാടിയില്‍ തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്.

കൊല്ലം അഞ്ചലില്‍ ഇന്ന് രാവിലെ പത്തുമണിക്ക് ശേഷമാണ് സംഭവം. കവിത ഓടിച്ച സ്‌കൂട്ടറിന് കുറുകെ തെരുവുനായ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട് വീണ കവിതയുടെ ഇടതുകാല്‍ പൂര്‍ണമായി ഒടിഞ്ഞ് തൂങ്ങി. ഉടന്‍ തന്നെ കവിതയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

ഇന്ന് അഞ്ചലില്‍ തെരുവുനായയുടെ ആക്രമണം മൂലം നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. നേരത്തെ അഗസത്യാര്‍കൂടത്ത് വച്ച് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് നേരെ തെരുവുനായ പാഞ്ഞടുത്തു. തെരുവുനായയെ കണ്ട് നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. 

കോഴിക്കോട്ട് കുറ്റിയാടിയില്‍ തെരുവുനായ ബൈക്കിന് കുറുകെ ചാടി പേരാമ്പ്ര സ്വദേശി മല്ലികയ്ക്കും മകന്‍ രജിലിനുമാണ് പരിക്കേറ്റത്. മല്ലികയുടെ തലയ്ക്കാണ് പരിക്കേറ്റത്. കുറ്റിയാടി വലിയ പാലത്തിന് സമീപമാണ് അപകടമുണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഒരു പുസ്തകത്തെ പുറംചട്ട നോക്കി വിലയിരുത്തരുത്'; പുതിയൊരു അധ്യായം തുടങ്ങുകയാണെന്ന് ഷംസീര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ