കുടുബത്തിന് തണലാകാൻ വിദേശത്തേക്ക് പോകാൻ ഇരിക്കെയാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെ തേടി 25 കോടിയുടെ ഭാഗ്യമെത്തിയത്. മലേഷ്യയിലെ സുഹൃത്തിന്റെ ഹോട്ടലിൽ അടുത്തയാഴ്ച്ച ജോലിക്ക് പോകാനിരുന്ന അനൂപ് ഇനി സ്വന്തമായി ഒരു ഹോട്ടൽ തുടങ്ങനാണ് ആഗ്രഹിക്കുന്നത്. മനസ്സിലാകെ ലോട്ടറി അടിച്ചതിന്റെ സന്തോഷം മാത്രമേയുള്ളൂ എന്നാണ് അനൂപിന്റെ വാക്കുകൾ.
പണം തികയാതിരുന്നതുകൊണ്ട് ലോട്ടറി എടുക്കണ്ടെന്ന് തീരുമാനിച്ചിരുന്ന അനൂപ് അവസാനനിമിഷം രണ്ടരവയസ്സുകാരൻ മകൻ അദ്വൈതിന്റെ കുടുക്ക പൊട്ടിച്ചെടുത്ത 50 രൂപയും ചേർത്താണ് ഭാഗ്യടിക്കറ്റെടുത്തത്. ആറ് മാസം ഗർഭിണിയാണ് അനൂപിന്റെ ഭാര്യ മായ. ലോട്ടറി അടിച്ചെന്ന് ആദ്യം അറിഞ്ഞതും മായ തന്നെ. ഒരു നമ്പറിന് ഭാഗ്യം നഷ്ടമായെന്ന് കരുതിയിരുന്ന അനൂപിനോട് നമ്പറെല്ലാം ശരിയാണ് അടിച്ചു ചേട്ടായി എന്ന് മായ പറയുമ്പോൾ ഒന്നാം സമ്മാനം തന്നെയാണോ എന്നായിരുന്നു അനൂപിന്റെ സംശയം. ആദ്യം എടുത്ത മറ്റൊരു ടിക്കറ്റ് തിരിച്ചുവച്ചാണ് അനൂപ് ബംപർ അടിച്ച ടിക്കറ്റ് സ്വന്തമാക്കിയത്. ലോട്ടറി അടിച്ചില്ലായിരുന്നെങ്കിൽ കുടുക്ക പൊട്ടിച്ചതിന് ഭാര്യ വഴക്കു പറഞ്ഞേനെ എന്നും അനൂപ് പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് ജോലി തേടി സൗദിയിലേക്ക് പോയ അനൂപ് വിചാരിച്ചതുപോലെ ജോലി ശരിയാകാത്തതിനാൽ മടങ്ങിപ്പോരുകയായിരുന്നു. നാട്ടിൽ മടങ്ങിയെത്തി ചില ചെറുകിട ബിസിനസ്സ് തുടങ്ങിയെങ്കിലും നഷ്ടത്തിലായി. പിന്നാലെയാണ് ഓട്ടോ വാങ്ങിയത്. വായ്പ ഉൾപ്പെടെ അഞ്ചര ലക്ഷത്തിന്റെ ബാധ്യതയുണ്ട് അനൂപിന്. കടം വീട്ടാനാണ് ആദ്യ തീരുമാനമെന്നും അനൂപ് പറഞ്ഞു. പിന്നെ കുടുംബത്തിനായി സ്വന്തമായൊരു വീടും ഈ 30കാരന്റെ ആഗ്രഹമാണ്. അമ്മയും ഭാര്യയും കുഞ്ഞും അടങ്ങുന്നതാണ് അനൂപിന്റെ കുടുംബം.
തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനും കടം വീട്ടുന്നതിനുമെല്ലാം ഒപ്പം ബന്ധുക്കളെ സഹായിക്കുമെന്നും കുറച്ച് ചാരിറ്റി ചെയ്യണമെന്നുമാണ് ആഗ്രഹമെന്നും അനൂപ് പറഞ്ഞു. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജൻസിയിൽനിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്. അനൂപിൻറെ പിതൃസഹോദരിയുടെ മകൾ സുജയ ലോട്ടറി ഏജൻസി നടത്തുകയാണ്. സഹോദരിയിൽനിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ അഞ്ചുകോടിയുടെ ഭാഗ്യവാനായ രണ്ടാമന് കാണാമറയത്ത്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates