'മനസിന് ധൈര്യമുണ്ടെങ്കില്‍ വേഗം സുഖപ്പെടും': ആശുപത്രിയിലെത്തി വിദ്യയെ ആശ്വസിപ്പിച്ച് വീണ ജോര്‍ജ്

താന്‍ അനുഭവിച്ച വേദനകളെപ്പറ്റി മന്ത്രിയോട് പറയവെ വിദ്യയുടെ കണ്ണ് നിറഞ്ഞു
ആശുപത്രിയിലെത്തിയ വീണാ ജോര്‍ജ് വിദ്യയുടെ അമ്മയോട് സംസാരിക്കുന്നു
ആശുപത്രിയിലെത്തിയ വീണാ ജോര്‍ജ് വിദ്യയുടെ അമ്മയോട് സംസാരിക്കുന്നു

തിരുവനന്തപുരം: ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തിയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിനി വിദ്യയെ (27) ആരോഗ്യമന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു. ഐസിയുവില്‍ ചികിത്സയിലുള്ള വിദ്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. താന്‍ അനുഭവിച്ച വേദനകളെപ്പറ്റി മന്ത്രിയോട് പറയവെ വിദ്യയുടെ കണ്ണ് നിറഞ്ഞു. മനസിന് ധൈര്യമുണ്ടെങ്കില്‍ വേഗം സുഖപ്പെടുമെന്ന് പറഞ്ഞ് മന്ത്രി വിദ്യയെ ആശ്വസിപ്പിച്ചു.

ഐസിയുവിലുള്ള ഡോക്ടര്‍മാരുമായും മറ്റു ജീവനക്കാരുമായും മന്ത്രി സംസാരിച്ചു. ഇടതുകൈപ്പത്തി പൂര്‍ണമായി അറ്റുതൂങ്ങിയ നിലയിലായിരുന്നു. വലത് കൈയ്ക്കും വെട്ടേറ്റ് വിരലുകളുടെ എല്ലിന് പൊട്ടലുണ്ട്. മന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് മെഡിക്കല്‍ കോളജില്‍ ക്രമീകരണങ്ങള്‍ നടത്തിയത്. വിദ്യയെ കൊണ്ടുവന്ന് അര മണിക്കൂറിനകം ശസ്ത്രക്രിയ നടത്താനായി. രാത്രി 12ന് തുടങ്ങിയ ശസ്ത്രക്രിയ 8 മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയായത്. വിദ്യയുടെ ആരോഗ്യസ്ഥിതി പുരോഗമിച്ച് വരുന്നു. കൈയ്ക്ക് സ്പര്‍ശന ശേഷിയും കൈ അനക്കുന്നുമുണ്ട്. ഇത് പോസിറ്റീവ് സൂചനകളാണ്. വിഡിയോ കോള്‍ വഴി വിദ്യ കുഞ്ഞുമായി സംസാരിച്ചു. 48 മണികൂര്‍ കൂടി നിരീക്ഷണം തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വിദ്യയുടെ മാതാപിതാക്കളുമായും മന്ത്രി സംസാരിച്ചു. വെട്ടേറ്റ് ചികിത്സയിലുള്ള പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. മകളെപ്പറ്റി പറയുമ്പോള്‍ ഇരുവരും വിതുമ്പുന്നുണ്ടായിരുന്നു. മന്ത്രിയുടെയും കണ്ണ് നനഞ്ഞു. വനിതാ ശിശുവികസന വകുപ്പിന്റെ നിയമപരമായ സഹായവും മന്ത്രി ഉറപ്പു നല്‍കി. മന്ത്രിയുടെ ഇടപെടലിനും ഡോക്ടര്‍മാര്‍ കൃത്യസമയത്ത് ഇടപെട്ട് ശസ്ത്രക്രിയ നടത്തിയതിനും അവര്‍ നിറകണ്ണുകളോടെ നന്ദിയറിയിച്ചു.

വിദ്യയുടെ ചികിത്സ പൂര്‍ണമായും സൗജന്യമായി ലഭ്യമാക്കാന്‍ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രിയില്‍ 10.5 ലക്ഷമാകുമെന്ന് പറഞ്ഞ ചികിത്സയാണ് മെഡിക്കല്‍ കോളജില്‍ സൗജന്യമായി ചെയ്തത്. വിദ്യയുടെ ശസ്ത്രക്രിയയ്ക്കും തുടര്‍ന്നുള്ള പരിചരണത്തിനും പങ്കുവഹിച്ച മുഴുവന്‍ ടീമിനെയും മന്ത്രി അഭിനന്ദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com