'നിർമിച്ചത് പൊട്ടാസ്യം ക്ലോറേറ്റ് ഉപയോ​ഗിച്ച്; ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെ സ്ഫോടക വസ്തു എറിഞ്ഞു'- ജിതിൻ റിമാൻ‍ഡിൽ

പ്രതി കൃത്യം നടത്തിയത് പ്രാദേശിക നേതാക്കളുമായി ആലോചിച്ചെന്നും ജിതിന്‍ ഇക്കാര്യം സമ്മതിച്ചെന്നും ക്രൈംബ്രാഞ്ച് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു
ജിതിൻ
ജിതിൻ

തിരുവനന്തപുരം: എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ കേസിൽ അറസ്റ്റിലായ  യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (അഞ്ച്) 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതി കൃത്യം നടത്തിയത് പ്രാദേശിക നേതാക്കളുമായി ആലോചിച്ചെന്നും ജിതിന്‍ ഇക്കാര്യം സമ്മതിച്ചെന്നും ക്രൈംബ്രാഞ്ച് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 

സ്ഫോടക വസ്തു നിർമിക്കുന്നതിന് നിരോധിത രാസ വസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചതായി പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്ഫോടക വസ്തു എറിഞ്ഞതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രാദേശിക നേതാക്കളോടും സുഹൃത്തുകളോടും പ്രതി വിവരം പറ‍ഞ്ഞെന്നും സ്ഫോടക വസ്തു എറിഞ്ഞത് ജീവഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. 

സിപിഎം പ്രവർത്തകർ കെപിസിസി ഓഫീസ് ആക്രമിച്ചതിന്റെയും രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ചതിന്റെയും വിരോധത്തിലാണ് എകെജി സെന്റർ ആക്രമിച്ചതെന്നു പ്രതി സമ്മതിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുറ്റകൃത്യത്തിനായി വന്നത് സുഹൃത്തിന്റെ വാഹനത്തിലാണ്. സ്കൂട്ടറിന്റെ നമ്പർ അറിയില്ലെന്നാണ് മൊഴി. പ്രതിയുടെ സുഹൃത്തുക്കളായ പ്രാദേശിക നേതാക്കളുമായി കൂടിയാലോചിച്ചാണ് കുറ്റകൃത്യം ചെയ്തത്. സംഭവം നടന്ന സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും വാഹനവും കണ്ടെത്താൻ പരിശോധന നടത്തിയെങ്കിലും ലഭിച്ചില്ല. പ്രതിയുടെ പേരില്‍ വേറെയും കേസുള്ളതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ബോംബെറിഞ്ഞയാൾ ഹോണ്ട ഡിയോ സ്കൂട്ടറിലാണ് വന്നത് എന്നു വ്യക്തമായതിനെ തുടർന്ന് 17,333 വാഹനങ്ങൾ ജില്ലയിൽ പരിശോധനയ്ക്കു വിധേയമാക്കി. വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ കോൾ ഡീറ്റൈൽസും പരിശോധിച്ചു. വിവിധ പാർട്ടികളുടെ ഹിറ്റ് ഗ്രൂപ്പുകളെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് കുറ്റകൃത്യം നടത്തിയത് ജിതിനാണെന്നു രഹസ്യവിവരം ലഭിച്ചതെന്നു റിപ്പോർട്ടിൽ പറയുന്നു. തുടർന്ന്, നോട്ടീസ് നൽകി ജിതിനെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തുകയും ഫോൺ പരിശോധിക്കുകയും ചെയ്തു.

അക്രമിയുടേതായി പൊലീസിനു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്ന തരത്തിലുള്ള ഷൂ ജിതിൻ ധരിച്ചതിന്റെ ഫോട്ടോ മൊബൈലിൽ നിന്നു ലഭിച്ചു. വാട്സാപ്പ് ചാറ്റുകളും കോൾ ലിസ്റ്റും ഡിലീറ്റ് ചെയ്തിരുന്നതായി വ്യക്തമായി. പ്രതി ഒരു ഓൺലൈൻ ടാക്സി കമ്പനിയിൽ ജോലി ചെയ്യുകയാണ്. ലൊക്കേഷൻ വിവരങ്ങൾ അവിടെ നിന്ന് ശേഖരിച്ചപ്പോൾ സംഭവം നടന്ന ദിവസത്തെ ലൊക്കേഷൻ ഗൗരീശപട്ടമാണെന്ന് വ്യക്തമായി. 

ആക്രമണം നടന്ന ദിവസം പ്രതി ധരിച്ച ടി ഷർട്ട് പ്രമുഖ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ നിന്നു വാങ്ങിയതാണെന്നും തെളിഞ്ഞു. പ്രതി കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്കൂട്ടറും സ്ഫോടനത്തിന് ഉപയോഗിച്ച ബോംബിന്റെ ഉറവിടവും അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com