കണ്ടെടുത്തവയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ 'ഹിറ്റ് ലിസ്റ്റും'; നടപടി രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍; എന്‍ഐഎ കോടതിയില്‍

ജിഹാദിന്റെ ഭാഗമായി ഭീകരവാദ പ്രവര്‍ത്തനം നടത്തി ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗുഢാലോചന നടത്തിയെന്നും റിപ്പോർട്ട് പറയുന്നു
അറസ്റ്റിലായവരെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കുന്നു/ ചിത്രം: എ സനേഷ്, ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌
അറസ്റ്റിലായവരെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കുന്നു/ ചിത്രം: എ സനേഷ്, ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌

കൊച്ചി: ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് പോപ്പുലര്‍ ഫ്രണ്ട് യുവാക്കളെ പ്രരിപ്പിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നയങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. ജിഹാദിന്റെ ഭാഗമായി ഭീകരവാദ പ്രവര്‍ത്തനം നടത്തി ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗുഢാലോചന നടത്തിയെന്നും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രതികള്‍ വിവിധ സമൂഹമാധ്യമങ്ങള്‍ വഴി രഹസ്യമായി ആശയവിനിമയം നടത്തി. സമൂഹത്തിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കുക ലക്ഷ്യമിട്ട് കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും പ്രവര്‍ത്തകരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. രാജ്യത്തെ യുവാക്കളെ ലഷ്‌കര്‍ ഇ തയ്ബ, ഐഎസ് തുടങ്ങിയ ഭീകരസംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചു.

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിരവധി രേഖകളും 
ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തിട്ടുണ്ട്. ചില പ്രത്യേക സമുദായങ്ങളില്‍പ്പെട്ട നേതാക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഹിറ്റ് ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതില്‍ സംഘടന വളരെദൂരം മുന്നോട്ടുപോയിട്ടുണ്ടെന്നാണ് പിടിച്ചെടുത്ത തെളിവുകളില്‍ നിന്നും വ്യക്തമാകുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. 

സമൂഹത്തില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ ഇത് അനിവാര്യമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ നയങ്ങളും ഭരണകൂടങ്ങളും തങ്ങള്‍ക്ക് എതിരാണെന്ന തെറ്റായ പ്രചാരണം നടത്തി, പോപ്പുലര്‍ ഫ്രണ്ട് ഒരു പ്രത്യേക മതവിഭാഗത്തില്‍ വെറുപ്പും വിദ്വേഷവും പടര്‍ത്തുവാന്‍ ശ്രമിക്കുകയാണ്. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ സമൂഹത്തില്‍ ഉന്നത സ്വാധീനമുള്ളവരാണ്. 

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടു നേതാക്കളെ കൂടി പിടികൂടാനുണ്ട്. എഫ്‌ഐആറില്‍ ഉള്‍പ്പെട്ട അബ്ദുള്‍ സത്താര്‍, സി എ റൗഫ് എന്നിവരെയാണ് പിടികൂടാനുള്ളത്. ഇവരാണ് വെള്ളിയാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ഇതുതന്നെ ഇവരുടെ സ്വാധീനത്തിന് തെളിവാണെന്നും എന്‍ഐഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com