'തോമസ് ഐസക് അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നു'- ആരോപണവുമായി ഇഡി

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 24th September 2022 04:02 PM  |  

Last Updated: 24th September 2022 04:02 PM  |   A+A-   |  

ed_thomas_issac

ഫയല്‍ ചിത്രം

 

കൊച്ചി: മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കിഫ്ബിക്കെതിരായ ഫെമ അന്വേഷണം മുൻ ധനന്ത്രി തോമസ് ഐസക് തടസപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇഡി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഐസക് തെറ്റായ വിവരങ്ങൾ ഇഡിയ്ക്കെതിരെ ഉന്നയിക്കുന്നു. ഫെമ നിയമലംഘനം അന്വേഷിക്കാൻ ഇഡിയ്ക്ക് അധികാരമുണ്ടെന്നും മസാല ബോണ്ടിലെ അന്വേഷണത്തിനെതിരായ ഹർജി അപക്വമാണെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു.

കേസിന്റെ അന്വേഷണം തടസപ്പെടുത്താൻ ഹർജിക്കാർ ശ്രമിക്കുന്നു എന്നാണ് സത്യവാങ്മൂലത്തിലെ പ്രധാനപ്പെട്ട ആരോപണം. ഐസക് ഇഡിയ്ക്കെതിരെ തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാനാണ് ഐസകിന്റെ ശ്രമമെന്നും ഇഡി ആരോപിച്ചു. 

ഐസക് അന്വേഷണവുമായി സഹകരികക്കണം. ഇത് പൂർത്തിയാകുമ്പോൾ മാത്രമേ കിഫ്ബി ഫെമ നിയമലംഘനം നടത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകൂ. ഇപ്പോൾ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. കൂടുതൽ തെളിവുകൾ ലഭിക്കേണ്ടതുണ്ട്. കിഫ്ബി ഉദ്യോഗസ്ഥരെ വിളിപ്പിച്ചെങ്കിലും പലരും അന്വേഷണവുമായി സഹകരിക്കുന്നില്ല. അന്വേഷണം തടസപ്പെടുത്താൻ സാധ്യമായ എല്ലാ വഴികളുമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

2500 കോടി രൂപയാണ് മസാല ബോണ്ട് വഴി കിഫ്ബി സമാഹരിച്ചിരിക്കുന്നത്. ഇതിന്റെ മുഴുവൻ രേഖകളും പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും ഇഡി കോടതിയെ അറിയിച്ചു.

മസാല ബോണ്ട് കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരെ തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികളിൽ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. മസാല ബോണ്ട് കേസിൽ ഇഡി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വിശദീകരണം നല്‍കും വരെ തോമസ് ഐസക് അടക്കമുള്ളവർക്ക് എതിരെ മറ്റ് നടപടി ഉണ്ടാകില്ലെന്നു ഇഡി കോടതിയെ അറിയിച്ചു.

താൻ ഫെമ നിയമ ലംഘനം നടത്തിയെന്നു പറയുന്ന ഇഡി കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് തോമസ് ഐസക് ഹർജിയിൽ ചൂണ്ടികാട്ടിയത്. റിസർവ് ബാങ്കിന്‍റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്നു കിഫ്ബി ഹർജിയിൽ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോഴിക്കോട് 16കാരിക്ക് ക്രൂരബലാത്സംഗം, റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ചു; നാല് പേര്‍ പിടിയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ