

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിർമാണം പൂർത്തിയായി വരുന്ന ബിസിനസ് ജറ്റ് ടെർമിനൽ ഈ വർഷം പ്രവർത്തനം തുടങ്ങുമെന്ന് കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. സിയാലിന്റെ 28-ാം വാർഷിക പൊതുയോഗത്തിൽ ഓഹരിയുടമകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ഇടുക്കിയിൽ നിന്ന് ഓൺലൈനായാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തത്.
ലോകത്തെ ഒന്നാകെ ഗ്രസിച്ച കോവിഡ് മഹാമാരിയുടെ ആഘാതത്തിൽ നിന്ന് മടങ്ങിവരികയാണ്. 2021-22 സാമ്പത്തികവർഷത്തിൽ ലാഭം നേടുന്ന അപൂർവം വിമാനത്താവളങ്ങളിൽ ഒന്നായി കൊച്ചി മാറിയിട്ടുണ്ട് എന്നത് സന്തോഷകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമ്പത്തിക വർഷത്തിൽ കമ്പനി 418.69 കോടി രൂപ മൊത്തവരുമാനം നേടിയിട്ടുണ്ട്. 217.34 കോടി രൂപയാണ് പ്രവർത്തന ലാഭം. തേയ്മാനച്ചെലവ്, നികുതി എന്നിവ കിഴിച്ച് 26.13 കോടി രൂപയുടെ അറ്റാദായം കമ്പനി നേടിയിട്ടുണ്ട്. കോവിഡാനന്തര കാലഘട്ടത്തിൽ മികച്ച തിരിച്ചുവരവ് കമ്പനി കാഴ്ചവച്ചു. കോവിഡ് പൂർവകാലത്തെ ട്രാഫിക്കിന്റെ 80 ശതമാനത്തോളം തിരികെ പിടിക്കാൻ കഴിഞ്ഞിട്ടുണ്ട്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 92.66 ശതമാനവും വിമാനസർവീസുകളുടെ എണ്ണത്തിൽ 60.06 ശതമാനവും വളർച്ച ഉണ്ടായിട്ടുണ്ട്.
അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ തന്നെ മൂന്നാം സ്ഥാനം നേടാൻ കൊച്ചിക്ക് കഴിഞ്ഞു. വിമാനത്താവളത്തെയും പരിസര പ്രദേശങ്ങളേയും വെള്ളപ്പൊക്കത്തിൽ നിന്ന് പ്രതിരോധിക്കാൻ നടപ്പിലാക്കിയ ഓപ്പറേഷൻ പ്രവാഹ് പൂർത്തിയായി. കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ 4.5 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതിയും കണ്ണൂരിലെ പയ്യന്നൂരിൽ 12 മൊഗാവാട്ടിന്റെ സൗരോർജ പദ്ധതിയും കമ്മിഷൻ ചെയ്തു. നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന രണ്ടാം ടെർമിനലിൽ ബിസിനസ് ജെറ്റ് ഓപ്പറേഷൻ തുടങ്ങാനുള്ള പദ്ധതിയ്ക്ക് തുടക്കമിടാനും കഴിഞ്ഞിട്ടുണ്ട്.
രണ്ടാം ടെർമിനലിന്റെ ഡിപ്പാർച്ചർ ഭാഗത്താണ് ബിസിനസ് ജെറ്റ് ടെർമിനൽ പണികഴിപ്പിക്കുന്നത്. അറൈവൽ ഭാഗത്ത് യാത്രക്കാർക്ക് ഹ്രസ്വകാല താമസത്തിനുള്ള ഹോട്ടൽ, ലോഞ്ചുകൾ എന്നിവയും രണ്ടാംഘട്ടത്തിൽ നിർമിക്കും. ബിസിനസ് ജെറ്റ് ടെർമിനലിന്റെ പ്രവർത്തനം ഈ വർഷം തന്നെ തുടങ്ങാൻ കഴിയുമെന്നും മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
സിയാലിന്റെ അന്താരാഷ്ട്ര കാർഗോ ടെർമിനലിന്റെ പണി പുരോഗമിക്കുകയാണ്. 2023 ഒക്ടോബറിൽ കമ്മിഷൻ ചെയ്യത്തക്കവിധമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര ടെർമിനലിനു മുൻഭാഗത്തുള്ള സ്ഥലത്തിന്റെ വാണിജ്യസാധ്യത പരിഗണിച്ച് അവിടെ കാൽ ലക്ഷം ചതുരശ്രയടിയിൽ ഒരു കമേഴ്‌സ്യൽ സോൺ നിർമിക്കാനും ലക്ഷ്യമിടുന്നുണ്ട്. നിർമാണത്തിലുള്ള നക്ഷത്ര ഹോട്ടൽ 2024 ജനുവരിയിൽ പ്രവർത്തന സജ്ജമാകുന്ന വിധത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സിയാലിന്റെ അംഗീകൃത മൂലധനം 400 കോടി രൂപയിൽ നിന്ന് 500 കോടി രൂപയായി വർധിപ്പിക്കാനുള്ള ഡയറക്ടർബോർഡിന്റെ ശുപാർശ വാർഷിക പൊതുയോഗം അംഗീകരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates