'നിങ്ങള്‍ പ്രതീക്ഷിച്ചോളൂ'; കേരളത്തില്‍ ചിലരുടെ പിന്തുണ നൂറുശതമാനമുണ്ട്; മത്സരത്തിനുറച്ച് തരൂര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2022 11:15 AM  |  

Last Updated: 26th September 2022 11:20 AM  |   A+A-   |  

shashi_tharoor

ശശി തരൂര്‍: ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്

 

പാലക്കാട്: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന ശക്തമാക്കി ശശി തരൂര്‍. താന്‍ നാമനിര്‍ദേശ പത്രിക വാങ്ങിയിട്ടുണ്ട്. പത്രിക വാങ്ങിയെങ്കിലും അത് ഒപ്പിട്ടു കൊടുത്താലല്ലേ സ്ഥാനാര്‍ത്ഥിയാകുകയുള്ളൂ. അതിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കാമെന്ന് ശശി തരൂര്‍ പറഞ്ഞു. 

പാലക്കാട് ജില്ലയില്‍ ഭാരത് ജോഡോ യാത്രാ പര്യടനം നടത്തുന്ന രാഹുല്‍ ഗാന്ധിയെ കാണാനെത്തിയതായിരുന്നു തരൂര്‍. രാഹുല്‍ കഴിഞ്ഞദിവസം ഫോണില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനാണ് താന്‍ എത്തിയതെന്ന് കണ്ടാല്‍ മതിയെന്നും തരൂര്‍ പറഞ്ഞു. 

ഒരു സ്ഥാനാര്‍ത്ഥി മത്സരിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ മത്സരിക്കണം, ആര് എതിരാളി ആയാലും. പല സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹം. പാര്‍ട്ടിക്കകത്ത് വലിയ ജനാധിപത്യം ഉണ്ടാകുന്നത് നല്ലതാണ്. വേറെ പാര്‍ട്ടിയിലൊന്നും ഇതു കാണാനില്ലല്ലോ. ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്നും തരൂര്‍ പറഞ്ഞു. 

മുപ്പതാം തീയതിയോടെ നാമനിര്‍ദേശപത്രിക ഫയല്‍ ചെയ്യാമെന്നാണ് കരുതുന്നത്. മത്സരരംഗത്തുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഉണ്ടാകണം എന്നായിരുന്നു മറുപടി. നിങ്ങള്‍ പ്രതീക്ഷിച്ചോളൂ, മുപ്പതാം തീയതി വീണ്ടും സംസാരിക്കാമെന്നും തരൂര്‍ പറഞ്ഞു. 

മത്സരിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് ഗാന്ധി കുടുംബത്തിലെ മൂന്നുപേരും തന്നോട് പറഞ്ഞിട്ടുള്ളത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്നാണ് അറിയിച്ചത്. മത്സരത്തെ ഗാന്ധി കുടുംബം സ്വാഗതം ചെയ്തിട്ടുണ്ടെന്നും തരൂര്‍ വ്യക്തമാക്കി. 

റിബല്‍ സ്ഥാനാര്‍ത്ഥിയായിട്ടാണോ മത്സരരംഗത്തുണ്ടാകുക എന്ന ചോദ്യത്തിന്, നോമിനേഷന്‍ പേപ്പര്‍ കാണുമ്പോള്‍ തന്റെ പിന്തുണ കാണാന്‍ സാധിക്കുമെന്ന് തരൂര്‍ പറഞ്ഞു. അല്ലെങ്കില്‍ താന്‍ ഇറങ്ങില്ല. ഇന്ത്യയിലെ മുക്കാലും സംസ്ഥാനങ്ങളില്‍ നിന്നും പിന്തുണ കിട്ടുമ്പോഴേ താന്‍ മത്സരത്തിന് ഇറങ്ങുകയുള്ളൂ. അത്രത്തോളം ആളുകള്‍ വിളിച്ച് തന്നോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

കേരളത്തില്‍ നിന്നും പിന്തുണ പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, നിശ്ചയമായും പലരും പിന്തുണ തരും, ചിലര്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ അത് വിഷയമല്ലെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടിക്ക് അകത്ത് അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ അവകാശമുണ്ട്. ചിലരുടെ പിന്തുണ നൂറുശതമാനവും ഉണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.  

രാജസ്ഥാനിലെ പ്രതിസന്ധിയെക്കുറിച്ച് താനൊന്നും പറയാനില്ല. താന്‍ അവിടെയായിരുന്നില്ലല്ലോ. ഇങ്ങോട്ട് വരികയായിരുന്നല്ലോയെന്നും തരൂര്‍ പറഞ്ഞു. ശശി തരൂരിന് പുറമെ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'പാര്‍ട്ടിയെ അപമാനിച്ചു'; അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കരുതെന്ന് ഒരു വിഭാഗം നേതാക്കള്‍; സോണിയക്ക് അതൃപ്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ