'സ്ത്രീകളെ പിച്ചാന്‍, തോണ്ടാന്‍, ചേര്‍ന്നുനില്‍ക്കാന്‍, കടന്നുപിടിക്കാന്‍, പറ്റിയാല്‍....' കുറിപ്പ് 

ഈ വിഷയത്തെ പറ്റി ഞാന്‍ സ്ത്രീകളോടും പുരുഷന്മാരോടും സംസാരിക്കാറുണ്ട്. അവരില്‍ നിന്നും കിട്ടുന്ന പ്രതികരണം തികച്ചും വ്യത്യസ്തമാണ് എന്നത് എന്നെ അതിശയിപ്പിക്കാറുണ്ട്.
നടിയെ ഉപദ്രവിക്കുന്നതിന്റെ വിഡിയോ ദൃശ്യത്തില്‍നിന്ന്‌
നടിയെ ഉപദ്രവിക്കുന്നതിന്റെ വിഡിയോ ദൃശ്യത്തില്‍നിന്ന്‌

കോഴിക്കോട് മാളില്‍ തിരക്കിനിടയില്‍ യുവ നടിയെ കയറിപ്പിടിച്ച വാര്‍ത്ത തന്നെ ഒട്ടും അതിശയിപ്പിക്കുന്നില്ലെന്ന് മുരളി തുമ്മാരുകുടി. കേരളത്തില്‍ ഇതൊരു നിത്യ സംഭവമായി മാറിയെന്ന്, ഈ വിഷയത്തെക്കുറിച്ച് പലവട്ടം എഴുതിയിട്ടുള്ള മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

''ആള്‍ക്കൂട്ടം, അതെവിടെ ആയാലും, പള്ളിപ്പെരുന്നാളോ, രാഷ്ട്രീയ പരിപാടികളോ, ട്രെയിനോ, മാളോ, ബസോ, വള്ളമോ ആകട്ടെ, അതുണ്ടാക്കുന്ന അനോണിമിറ്റി അവസരമാക്കി സ്ത്രീകളെ പിച്ചാന്‍, തോണ്ടാന്‍, ചേര്‍ന്ന് നില്‍ക്കാന്‍, കടന്നു പിടിക്കാന്‍, പറ്റിയാല്‍ സ്വന്തം ലൈംഗിക അവയവം പുറത്തെടുത്തു മുട്ടിയുരുമ്മാന്‍  തയ്യാറായി ഒരു ക്രിമിനല്‍ നമുക്ക് ചുറ്റും എവിടയേയും ഉണ്ട്''- അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

കുറിപ്പ്: 

മാറാത്ത അസുഖമുള്ള  നാട് 

കോഴിക്കോട് മാളില്‍ വച്ച് യുവനടിയെ തിരക്കിനിടയില്‍ ഒരാള്‍ കയറിപ്പിടിച്ച വാര്‍ത്ത ഏറെ സങ്കടപ്പെടുത്തുന്നുണ്ട്. ഈ വിഷയം ചിന്തിക്കുകയും സംസാരിക്കുകയും ഇടക്കിക്കിടക്ക് എഴുതുകയും ചെയ്യുന്ന ആള്‍ എന്ന നിലക്ക് ഈ സ്ഥിതിയില്‍ ഒരു മാറ്റവും വരാത്തത് എന്നെ രോഷാകുലനാക്കുന്നുണ്ട്. ഈ വിഷയത്തില്‍ എനിക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയുന്നില്ല എന്ന നിസ്സഹായാവസ്ഥ വിഷമിപ്പിക്കുന്നുമുണ്ട്. പക്ഷെ ഒന്ന് മാത്രം ഇല്ല.
ഈ വാര്‍ത്ത എന്നെ ഒട്ടും അതിശയിപ്പിക്കുന്നില്ല. കാരണം, ഇത് എനിക്ക് അടുത്തറിയാവുന്ന കേരളമാണ്. ഇവിടെ ഇതൊരു നിത്യസംഭവമാണ്. ഒന്നല്ല, പത്തല്ല, അതിലൊക്കെ എത്രയോ മടങ്ങ് പ്രാവശ്യം ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള കടന്നുകയറ്റം കേരളത്തില്‍ ഓരോ ദിവസവും നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോലീസ് ആസ്ഥാനമുള്ള തിരുവനന്തപുരം എന്നോ, സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍ എന്നോ, നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറമെന്നോ ഉള്ള ഒരു മാറ്റവുമില്ല.
ആള്‍ക്കൂട്ടം, അതെവിടെ ആയാലും, പള്ളിപ്പെരുന്നാളോ, രാഷ്ട്രീയ പരിപാടികളോ, ട്രെയിനോ, മാളോ, ബസോ, വള്ളമോ ആകട്ടെ, അതുണ്ടാക്കുന്ന അനോണിമിറ്റി അവസരമാക്കി സ്ത്രീകളെ പിച്ചാന്‍, തോണ്ടാന്‍, ചേര്‍ന്ന് നില്‍ക്കാന്‍, കടന്നു പിടിക്കാന്‍, പറ്റിയാല്‍ സ്വന്തം ലൈംഗിക അവയവം പുറത്തെടുത്തു മുട്ടിയുരുമ്മാന്‍  തയ്യാറായി ഒരു ക്രിമിനല്‍ നമുക്ക് ചുറ്റും എവിടയേയും ഉണ്ട്.
തിരക്കില്ലാത്തിടത്തും സ്ത്രീകള്‍ സുരക്ഷിതരല്ല. അശ്ലീലമായ കമന്റുകള്‍ പറയാന്‍, സിപ്പ് അഴിച്ചോ തുണി പൊക്കിയോ സ്വന്തം ലിംഗം പ്രദര്‍ശിപ്പിക്കാന്‍, വഴി ചോദിയ്ക്കാന്‍ എന്ന മട്ടില്‍ അശ്‌ളീല പുസ്തകങ്ങള്‍ തുറന്നു കാണിക്കാന്‍, പറ്റിയാല്‍ കയറിപിടിക്കാന്‍ റെഡിയായി മറ്റൊരു പറ്റം ക്രിമിനലുകള്‍ നമ്മുടെ നാട്ടിലും നഗരങ്ങളിലും സജീവമാണ്.
ഇത്തരം കടന്നുകയറ്റങ്ങള്‍ക്ക് ഏതൊരു സ്ത്രീയും വിധേയയാകാം. പത്തു വയസ്സ് തികയാത്ത പെണ്‍കുട്ടി മുതല്‍ എണ്‍പതു കഴിഞ്ഞ മുത്തശ്ശി വരെ. സിനിമാതാരങ്ങള്‍ മാത്രമല്ല വീടിന് പുറത്തിറങ്ങുന്ന  സമൂഹത്തിലെ ഏത് തലത്തിലുള്ള സ്ത്രീയും ഈ ക്രിമിനലുകളില്‍ നിന്നും സുരക്ഷിതരല്ല.
മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, ഈ ക്രിമിനലുകള്‍ക്കും പ്രായഭേദം ഇല്ല. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ റിട്ടയര്‍ ആയവര്‍ വരെ, കൊച്ചു പയ്യന്മാര്‍ മുതല്‍ മുത്തച്ഛന്മാര്‍ വരെ, തൊഴിലില്ലാത്തവര്‍ മുതല്‍ ഉന്നത ഉദ്യോഗം വഹിക്കുന്നവര്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ട്. മൂവ്വാറ്റുപുഴയില്‍ നിന്നും ദിവസവും സ്‌കൂട്ടര്‍ എടുത്ത് എറണാകുളത്ത് സ്ത്രീകളെ പിടിക്കാന്‍ പോയ എന്‍ജിനീയറുടെ വാര്‍ത്ത വന്നിട്ട് ഒരു വര്‍ഷം പോലും ആയിട്ടില്ല. അപ്പോള്‍ നമ്മളില്‍ നിന്നും വ്യത്യസ്തരായവര്‍ അല്ല, നമുക്ക് ചുറ്റും ഉള്ളവര്‍ തന്നെയാണ് ഈ വൃത്തികെട്ട ക്രിമിനലുകള്‍. 
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇക്കാര്യങ്ങളെ പറ്റി അറിവുണ്ടായ കാലം മുതല്‍ക്ക് തന്നെ ഇത് ഞാന്‍ ചുറ്റും കാണുന്നുണ്ട്. നൂറ്റാണ്ടൊക്കെ മാറിയിട്ടും, തലമുറകള്‍ മാറിയിട്ടും  മലയാളികളുടെ ഈ സ്വഭാവത്തില്‍ ഒരു മാറ്റവും ഉണ്ടാകുന്നില്ല. 
ഈ വിഷയത്തെ പറ്റി ഞാന്‍ സ്ത്രീകളോടും പുരുഷന്മാരോടും സംസാരിക്കാറുണ്ട്. അവരില്‍ നിന്നും കിട്ടുന്ന പ്രതികരണം തികച്ചും വ്യത്യസ്തമാണ് എന്നത് എന്നെ അതിശയിപ്പിക്കാറുണ്ട്.
ഇത്തരത്തില്‍ നോക്ക് കൊണ്ടോ, വാക്ക് കൊണ്ടോ, സ്പര്‍ശനം കൊണ്ടോ സ്വന്തം സ്വകാര്യതയിലേക്ക് കടന്നുകയറ്റം അനുഭവിക്കാത്ത ഒരു സ്ത്രീകളെയും ഞാന്‍ കേരളത്തില്‍ കണ്ടിട്ടില്ല. ഇത് അതിശയോക്തി അല്ല. ഇന്നും ഏതൊരു ദിവസവും വീട്ടില്‍ നിന്നും പുറത്തിറങ്ങുന്ന ഏതൊരു സ്ത്രീയും തിരിച്ചു വീട്ടില്‍ എത്തുന്നതിന് മുന്‍പ് ഏതെങ്കിലും  തരത്തില്‍ കടന്നു കയറ്റത്തിന് വിധേയമാകുമെന്ന ചിന്തയിലാണ് ദിവസം തുടങ്ങുന്നത്. പുറത്തു പോകുന്ന സമയം മുതല്‍ സഞ്ചരിക്കുന്ന വാഹനം വരെ, ധരിക്കുന്ന വസ്ത്രം, എപ്പോള്‍ തിരിച്ചു വരണം, ഷോപ്പിങ്ങിനോ ക്ഷേത്രത്തിലോ എവിടെ പോകണം എന്നുള്ള ഓരോ തീരുമാനത്തിന് പിന്നിലും ഈ ക്രിമിനലുകള്‍ ചുറ്റും ഉണ്ടെന്ന വിചാരം ഉണ്ട്.
അതേസമയം പുരുഷന്മാരോട് സംസാരിക്കുന്‌പോള്‍ സ്ഥിതി വേറെയാണ്. ഇതൊക്കെ സംഭവിക്കുന്നുണ്ട് എന്ന് അവര്‍ക്ക് അറിയാം, പക്ഷെ 'വല്ലപ്പോഴും' അതും 'മറ്റുള്ള വീടുകളിലെ സ്ത്രീകള്‍ക്കാണ്' ഇത് സംഭവിക്കുന്നത് എന്നാണ് കൂടുതല്‍ പുരുഷന്മാരും വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ സംശയം ഉണ്ടെങ്കില്‍ ഈ വിഷയത്തില്‍ ഞാന്‍ ആറു മാസം മുന്‍പ് ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിന്റെ കമന്റുകള്‍ വായിച്ചാല്‍ മതി. കുറച്ചു ക്ഷമിച്ചാല്‍ ഈ പോസ്റ്റിന്റെ താഴെയും ഇത്തരത്തില്‍ 'ഊതി വീര്‍പ്പിച്ചു' 'എന്റെ വീട്ടില്‍ ആര്‍ക്കും സംഭവിച്ചില്ല' എന്നുള്ള കമന്റുകള്‍ ഇവിടെയും വരും.
ആദ്യമൊക്കെ ഇത്തരം കമന്റുകള്‍ എന്നെ ഏറെ അലോസരപ്പെടുത്തുമായിരുന്നു. പിന്നീടാണ് ഒരു കാര്യം ഞാന്‍ മനസ്സിലാക്കിയത്. കേരളത്തില്‍ ഈ വിഷയം എത്ര രൂക്ഷമാണെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം പുരുഷന്മാര്‍ക്കും അറിയില്ല. കാരണം അവര്‍ അത് അനുഭവിക്കുന്നില്ല, അനുഭവിക്കുന്നവര്‍ അവരോടത് പറയുന്നുമില്ല. കാരണം വീട്ടിലെ പുരുഷന്മാരോട് ഇക്കാര്യം തുറന്നു പറഞ്ഞത് കൊണ്ട് വിഷയത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ല എന്ന് നമ്മുടെ സ്ത്രീകള്‍ക്ക് അറിയാം. പോരാത്തതിന് 'തിരക്കുള്ളിടത്ത് പോയിട്ടല്ലേ' 'ഇത്രയും വൈകി വന്നിട്ടല്ലേ' 'ഇത്രയും നേരത്തെ പോകണോ' എന്നൊക്കെയുള്ള കുറ്റപ്പെടുത്തലുകള്‍ തീര്‍ച്ചയായും ഉണ്ടാകും. ഇപ്പോള്‍ തന്നെ ഉള്ള പരിമിതമായ സ്വാതന്ത്ര്യം കൂടി അത് ഇല്ലാതാക്കും. പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ വൈകീട്ട് ഏഴുമണിയാകുന്‌പോള്‍ ഹോസ്റ്റലുകളുടെ ഗേറ്റടക്കുന്ന നാടല്ലേ !. അപ്പോള്‍ ഇക്കാര്യം പറയുന്നത് സ്ത്രീകള്‍ക്ക് നഷ്ടക്കച്ചവടം ആണ്. അതുകൊണ്ടാണ് ഈ വിഷയത്തിന്റെ വ്യാപ്തി ആളുകള്‍ അറിയാത്തത്. അതുകൊണ്ടാണ് 'എന്റെ വീട്ടില്‍ ആര്‍ക്കും ഇത് സംഭവിക്കുന്നില്ല' എന്ന മട്ടില്‍ ഇവര്‍ മേനി പറയുന്നത്. ഇവരോട് വേണ്ടത് ദേഷ്യമല്ല, സഹതാപം ആണ്.  
ആണുങ്ങള്‍ക്ക് പൊതുവെ അറിയാത്ത മറ്റൊരു കാര്യവും ഉണ്ട്. ഒരു മാളില്‍ വച്ച് ഒരു പെണ്‍കുട്ടിയെ, അത് സിനിമാ നടിയോ മറ്റാരോ ആകട്ടെ, കയറിപ്പിച്ചാല്‍ അത് ചെയ്യുന്നവര്‍ക്ക്  ഉണ്ടാകുന്നത് നൈമിഷികമായ ഒരു സുഖമോ സംതൃപ്തിയോ ആയിരിക്കണം. പിറ്റേന്ന് അവര്‍ അത് ഓര്‍ക്കുക കൂടിയില്ല. പക്ഷെ ഇത്തരത്തിലുള്ള കടന്നു കയറ്റത്തിന് വിധേയമാകുന്ന സ്ത്രീകള്‍ക്ക് അത്  നീണ്ടു നില്‍ക്കുന്ന ട്രോമ ആണ്. ഇത്തരം ഒരു കാര്യം സംഭവിച്ചതിലുള്ള അറപ്പ്, അപ്പോള്‍ ഉണ്ടായ ഭയം, പ്രതികരിക്കാന്‍ സാധിക്കാത്തതില്‍ ഉള്ള രോഷം ഇതൊക്കെ ദിവസങ്ങളോളം മനസ്സിനെ അലട്ടും. പിന്നീട് ആ സ്ഥലത്ത് പോകാന്‍ തന്നെ മടിക്കും, തിരക്കുള്ള സ്ഥലങ്ങളെ പേടിയാകും. ഇതൊക്കെ ആള്‍ക്കൂട്ടത്തിനിടയില്‍ കയറി ഒരു നിമിഷാര്‍ത്ഥം എന്തോ ചെയ്തിട്ട് വീട്ടില്‍ പോകുന്ന ക്രിമിനലുകള്‍ അറിയുന്നുണ്ടോ, ചിന്തിക്കുന്നുണ്ടോ?
ഇങ്ങനെ എന്തെങ്കിലും ചെയ്താല്‍ 'ഒന്ന് പ്രതികരിച്ചു കൂടേ?' എന്ന് ആളുകള്‍ പൊതുവെ ചോദിക്കാറുണ്ട്. കാര്യം അത്ര സിംപിള്‍ അല്ല. ഒന്നാമത് അപ്രതീക്ഷിതമായിട്ടാണ് ഇത് സംഭവിക്കുന്നത്, ആ ഷോക്കില്‍ നിന്നും മോചനം കിട്ടുന്‌പോഴേക്കും കുറ്റം ചെയ്ത ആള്‍ മുങ്ങിയിട്ടുണ്ടാകും. അപ്പോള്‍ ഒച്ച വച്ചിട്ടും കാര്യമില്ല. ഒരു ബസിലൊക്കെയാണ് സംഭവിക്കുന്നതെങ്കില്‍ ഒച്ച വച്ചാല്‍ പോലും ചുറ്റുമുള്ളവര്‍ പൊതുവെ 'ഇതൊക്കെ അത്ര കാര്യമാക്കാനുണ്ടോ' എന്നുള്ള മട്ടിലാണ് പ്രതികരിക്കുന്നത്. 'ഒരു പൊതുഗതാഗതം ആകുന്‌പോള്‍ ഇങ്ങനെ  ഉണ്ടാകും, പറ്റാത്തവര്‍ സ്വന്തം വാഹനത്തില്‍ പോകണം' എന്നൊക്കെ പച്ചക്ക് പറയുന്നവരും ഉണ്ട്. എവിടെയെങ്കിലും വച്ച് പ്രതികരിച്ചാല്‍ സ്വന്തം വീട്ടില്‍ ഉള്ളവര്‍, സ്ത്രീകള്‍ ഉള്‍പ്പടെ, എന്തിനാണ് സീന്‍ ഉണ്ടാക്കിയത്, ഇതൊന്നും മാറാന്‍ പോകുന്നില്ല എന്ന് പറയുന്നതും കേട്ടിട്ടുണ്ട്. വീട്ടിലെ പുരുഷന്മാര്‍ ആകട്ടെ സ്വന്തം സ്ത്രീകളെ സംരക്ഷിക്കാന്‍ അവരുടെ സഞ്ചാര സ്വാതന്ത്ര്യം പരമാവധി ചുരുക്കാന്‍ എപ്പോഴും തയ്യാറാണ് (ഇനി ഞാന്‍ ഉള്ളപ്പോള്‍ മാത്രം ടൗണില്‍ പോയാല്‍ മതി, അടുത്തുള്ള കോളേജില്‍ പഠിച്ചാല്‍ മതി എന്നിങ്ങനെ!).
സ്ത്രീകള്‍ പക്ഷെ അവര്‍ക്ക് ആവുന്ന തരത്തില്‍ പ്രതികരിക്കുന്നുണ്ട്. പ്രത്യക്ഷമായി പ്രതികരിക്കുന്നതേ നമ്മള്‍ കാണുന്നുള്ളൂ. പക്ഷെ അത് മാത്രമല്ല സംഭവിക്കുന്നത്. നല്ലത്. സാധിക്കുന്ന സ്ത്രീകള്‍  പൊതുഗതാഗതത്തില്‍ നിന്നും ടു വീലറിലേക്കോ മറ്റു വാഹനങ്ങളിലേക്കോ മാറുന്നുണ്ട്. അവസരം ഉള്ള സ്ത്രീകള്‍ കേരളം വിട്ടു പോകുന്നുണ്ട്. അങ്ങനെ പുറത്തു പോകുന്നവര്‍ തിരിച്ചു വരാന്‍ ഒരു താല്പര്യവും കാണിക്കുന്നില്ല, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ഉള്ള സ്ത്രീകള്‍ അവരുടെ കുട്ടികള്‍ കേരളത്തില്‍ വളരരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ട്, അതിന് ശ്രമിക്കുന്നുമുണ്ട്.
പക്ഷെ ഇതൊക്കെ ആരെങ്കിലും കാണുന്നുണ്ടോ, ശ്രദ്ധിക്കുന്നുണ്ടോ?
എന്തുകൊണ്ടാണ് പതിറ്റാണ്ടുകളായിട്ടും, നൂറ്റാണ്ടു മാറിയിട്ടും, മിലേനിയല്‍ ജനറേഷന്‍  വന്നിട്ടും ഇക്കാര്യത്തില്‍ കേരളം നിന്ന നിലയില്‍ നില്‍ക്കുന്നത്?
എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ആയിരക്കണക്കിന് സംഭവങ്ങള്‍ നമ്മുടെ ചുറ്റും ഉണ്ടായിട്ടും ഒരു വര്‍ഷത്തില്‍ നൂറ് പേരെങ്കിലും ഈ വിഷയത്തില്‍ ജയിലില്‍ പോകാത്തത്?
എന്തുകൊണ്ടാണ് സിനിമ താരങ്ങളുടെ വിവാഹമോചനം പോലും അന്തിച്ചര്‍ച്ചയാകുന്ന നാട്ടില്‍ ഈ വിഷയത്തില്‍ അന്തിച്ചര്‍ച്ചകള്‍ വരാത്തത്?
എന്തുകൊണ്ടാണ്  നമ്മുടെ രാഷ്ട്രീയ, യുവജന, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഇതൊരു വിഷയമായി ഏറ്റെടുക്കാത്തത്? 
എന്തുകൊണ്ടാണ് നമ്മുടെ കോളേജുകളില്‍ ഇതിനെതിരെ ബോധവല്‍ക്കരണം ഉണ്ടാകാത്തത്? 
എന്തുകൊണ്ടാണ്  കുപ്പിക്കും അപ്പിക്കും ആപ്പുള്ള നാട്ടില്‍ കേരളത്തില്‍ എവിടെയാണ് ഏറ്റവും കൂടുതല്‍ ഇത്തരത്തിലുള്ള അക്രമങ്ങള്‍ നടക്കുന്നത് എന്നത് എളുപ്പത്തില്‍ ക്രൗഡ് സോഴ്‌സിങ്ങ് വഴി കണ്ടുപിടിക്കാന്‍ പറ്റുന്ന ഒരു ആപ്പ് പോലും ഉണ്ടാകാത്തത്?
ഏറെ നാളായി എഴുതുന്നു. മുകളില്‍ ഉള്ളവരൊന്നും മാറുമെന്ന് എനിക്ക് പ്രതീക്ഷയൊന്നുമില്ല. പക്ഷെ ഒരു കോടതി ഉത്തരവ് കൊണ്ട് കേരളത്തില്‍ പൊതു ഇടങ്ങളിലെ പുകവലി ഇല്ലാതാക്കിയ നാടാണ് കേരളം. നമ്മുടെ കോടതികള്‍ വിചാരിച്ചാല്‍ ഈ വിഷയത്തില്‍ ഒരു മാറ്റം ഉണ്ടാക്കാന്‍ സാധിക്കും എന്നാണ് എന്റെ പ്രതീക്ഷ. ആഗ്രഹവും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com