പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടു; കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നെന്ന് പ്രസ്താവന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2022 05:15 PM  |  

Last Updated: 28th September 2022 05:15 PM  |   A+A-   |  

Popular_Front_of_India_march

പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ച്/ഫയല്‍

 

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ സംഘടന പിരിച്ചു വിടുന്നതായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായി പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

'പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ആഭ്യന്തര മന്ത്രാലയം ഒരു വിജ്ഞാപനം പുറത്തിറക്കിയതായി അറിയിക്കുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമൂഹത്തിലെ നിരാലംബരും അധഃസ്ഥിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക ശാക്തീകരണത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ പരിശ്രമിക്കുന്ന ഒരു സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. എല്ലാ ഇന്ത്യന്‍ പൗരന്മാരും തുല്യ സ്വാതന്ത്ര്യവും നീതിയും സുരക്ഷിതത്വവും ആസ്വദിക്കുന്ന സമത്വ സമൂഹത്തിന് വേണ്ടിയാണിത്.  

പക്ഷേ, മഹത്തായ നമ്മുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാര്‍ എന്ന നിലയില്‍, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുന്‍ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുകയും ചെയ്യുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.'-പ്രസ്താവനയില്‍ പറയുന്നു. 

നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിഎഫ്ഐക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കുമാണ് നിരോധനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇന്ത്യയുടെ ഐക്യം തകര്‍ക്കുന്ന നിലയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നും ചൂണ്ടിയാണ് നിരോധനം. ദേശിയ സുരക്ഷാ ഏജന്‍സി പിഎഫ്ഐയുടെ പ്രധാന നേതാക്കളെ കഴിഞ്ഞ ദിവസങ്ങളിലായി കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങള്‍ പിഎഫ്ഐയുടെ നിരോധനത്തിനായി ആവശ്യപ്പെട്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ