ഹരിത കര്‍മസേനയ്ക്കു യൂസര്‍ ഫീ നിര്‍ബന്ധമായും നല്‍കണം; വസ്തുനികുതിക്കൊപ്പം ഈടാക്കാന്‍ ഉത്തരവ്

ഹരിതകര്‍മ സേന മുഖേന മാലിന്യം ശേഖരിക്കുന്നതിനു യൂസര്‍ ഫീ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

തിരുവനന്തപുരം: ഹരിതകര്‍മ സേന മുഖേന മാലിന്യം ശേഖരിക്കുന്നതിനു യൂസര്‍ ഫീ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. യൂസര്‍ ഫീ നല്‍കാത്തവരില്‍ നിന്ന് വസ്തുനികുതിക്കൊപ്പം ഈടാക്കാനും തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യ, പാഴ് വസ്തു ശേഖരണത്തിന് ആവശ്യമായ സജ്ജീകരണങ്ങളൊരുക്കേണ്ടതാണെന്നും നിശ്ചിത യൂസര്‍ ഫീ ഈടാക്കാവുന്നതാണെന്നുമാണ് ഉത്തരവില്‍ പറയുന്ന്. യൂസര്‍ ഫീ നല്‍കാത്തവരില്‍ നിന്നും കുടിശ്ശിക വരുത്തിയവരില്‍ നിന്നും തുക വസ്തുനികുതിക്കൊപ്പം ഇടാക്കേണ്ടതാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

നിയപരമായ ബാധ്യതയെന്ന് നേരത്തെയും വിശദീകരണം

ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കേണ്ടത് നിയമപരമായ ബാധ്യതയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതര്‍ നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. ഫീ നല്‍കേണ്ടതില്ലെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴിയും പത്രമാധ്യമങ്ങള്‍ വഴിയും പ്രചരണം നടക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം നല്‍കിയത്.

വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മസേന വഴി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും യൂസര്‍ഫീ ഈടാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരം ഉണ്ട്. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങളിലെ ചട്ടം 8(3) പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ അംഗീകരിക്കുന്ന ബൈലോയിലൂടെ നിശ്ചയിക്കുന്ന യൂസര്‍ഫീ വീടുകളും സ്ഥാപനങ്ങളും നല്‍കാന്‍ ബാദ്ധ്യസ്ഥരാണ്. ഈ ചട്ടങ്ങള്‍ പ്രകാരമുള്ള ബൈലോ ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളും അംഗീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. അതിന്റെ ഭാഗമായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ബൈലോ അംഗീകരിച്ച് നടപ്പാക്കി വരുന്നു. ബൈലോ പ്രകാരം വീടുകളില്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക്കുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിയോഗിച്ചിട്ടുള്ള ഹരിത കര്‍മ്മസേനയ്ക്ക് നല്‍കേണ്ടതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള യൂസര്‍ഫീ കൊടുക്കേണ്ടതുമാണ്.

സര്‍ക്കാര്‍ ഉത്തരവില്‍ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ യൂസര്‍ഫീ നിര്‍ബന്ധമാക്കത്തക്ക നടപടികള്‍ തദ്ദേശ സ്ഥാപനം വഴി സ്വീകരിക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലേക്ക് അല്ലെങ്കില്‍ മുന്‍സിപ്പാലിറ്റിയിലേക്ക് നല്‍കേണ്ടുന്ന ഏതെങ്കിലും തുക നല്‍കാതിരുന്നാല്‍ അത് നല്‍കിയതിനു ശേഷം മാത്രം ലൈസന്‍സ് പോലുള്ള സേവനം കൊടുത്താല്‍ മതി എന്നുള്ള തീരുമാനമെടുക്കാന്‍ അതത് പഞ്ചായത്തിനും നഗരസഭയ്ക്കും കേരള പഞ്ചായത്ത് മുന്‍സിപ്പാലിറ്റി നിയമങ്ങള്‍ അധികാരം നല്‍കുന്നുണ്ട്.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയ്ക്കു കൈമാറാത്തവര്‍ക്കും യൂസര്‍ഫീ നല്‍കാത്തവര്‍ക്കും അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കുമെതിരെ 10000/ രൂപ മുതല്‍ 50000/ രൂപ വരെ പിഴ ചുമത്താന്‍ ബൈലോയിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ അധികാരപ്പെടുത്തിയിട്ടുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ പത്രമാധ്യമങ്ങള്‍ വഴിയും നവമാധ്യമങ്ങള്‍ വഴിയും തെറ്റായ പ്രചരണങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നത് നിയമവിദഗ്ധരോടും സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരോടും ചര്‍ച്ചചെയ്ത് തീരുമാനിക്കുന്നതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിപ്പില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com