'ടിവിയിലൊക്കെ ഇരുന്നു വലിയ വാദങ്ങളാണല്ലോ നടത്തുന്നത്'; ദുരിതാശ്വാസ നിധി കേസില്‍ പരാതിക്കാരനെതിരെ ലോകായുക്ത
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th April 2023 12:09 PM |
Last Updated: 11th April 2023 12:09 PM | A+A A- |

പരാതിക്കാരനായ ആര്‍എസ് ശശികുമാറിന് ലോകായുക്തയുടെ രൂക്ഷ വിമര്‍ശനം/ഫയല്‍ ചിത്രം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസില്‍ പരാതിക്കാരനായ ആര്‍എസ് ശശികുമാറിന് ലോകായുക്തയുടെ രൂക്ഷ വിമര്‍ശനം. പരാതിക്കാരന്‍ ജഡ്ജിമാര്‍ക്കെതിരെ ആള്‍ക്കൂട്ട അധിക്ഷേപം നടത്തുകയാണെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും കുറ്റപ്പെടുത്തി.
കേസില്‍ റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്കു മാറ്റണം എന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ബെഞ്ചിന്റെ വിമര്‍ശനം. പതിവായി ഹാജരാവുന്ന അഭിഭാഷകന്‍ എത്തിയിട്ടില്ലെന്നും അതിനാല്‍ നാളത്തേക്കു മാറ്റണമെന്നും ഇന്നു ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പരാതിക്കാരന്‍ ഹാജരായിട്ടുണ്ടോയന്ന് ബെഞ്ച് ആരാഞ്ഞു. ഇല്ലെന്ന് അറിയിച്ചപ്പോള്‍, അദ്ദേഹം ടിവി ചാനലിലൊക്കെ ഇരുന്ന് വലിയ വാദങ്ങളാണല്ലോ നടത്തുന്നത്, അദ്ദേഹത്തിനു തന്നെ വാദിക്കാമല്ലോ എന്ന് ബെഞ്ച് പ്രതികരിച്ചു.
കോടതിയെ വിശ്വാസമില്ലാത്ത വിധത്തിലാണ് പരാതിക്കാരന്‍ പെരുമാറുന്നതെന്ന് ബഞ്ച് പറഞ്ഞു. പിന്നെ എന്തിനാണ് ഹര്‍ജിയുമായി വന്നിരിക്കുന്നത്? ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെ പരാതിക്കാരന്‍ പറയുന്നുണ്ട്. ജഡ്ജിമാര്‍ക്കെതിരെ ആള്‍ക്കൂട്ട അധിക്ഷേപമാണ് നടത്തുന്നത്. വഴിയില്‍ പേപ്പട്ടിയെ കണ്ടാല്‍ വായില്‍ കോലിട്ടു കുത്താറില്ല. അതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.
പരാതിക്കാരന്റെ അപേക്ഷ അംഗീകരിച്ച ലോകായുക്ത റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് നാളെ ഉച്ചയ്ക്കു പന്ത്രണ്ടു മണിയിലേക്കു മാറ്റി. ദുരിതാശ്വാസ നിധി കേസ് ലോകായുക്തയുടെ ഫുള്‍ ബെഞ്ച് നാളെ ഉച്ചയ്ക്കു ശേഷം പരിഗണിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ