ഒരു മാസത്തേക്ക് പിഴയില്ല; മെയ് 19 വരെ ബോധവൽക്കരണം: ഗതാഗതമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th April 2023 04:33 PM |
Last Updated: 20th April 2023 04:33 PM | A+A A- |

മന്ത്രി ആന്റണി രാജു ചടങ്ങിൽ പ്രസംഗിക്കുന്നു/ ഫെയ്സ്ബുക്ക്
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനായി സംസ്ഥാനത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ ( എഐ കാമറകൾ) മിഴി തുറന്നു. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എഐ കാമറകൾ ഉപയോഗിച്ച് പിടികൂടുന്ന ഗതാഗത നിയമ ലംഘനങ്ങൾക്ക് ഒരുമാസം പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
മെയ് 19 വരെ പിഴയീടാക്കില്ല. ഒരു മാസം ബോധവൽക്കരണം നൽകാനാണ് തീരുമാനമെന്നും അധ്യക്ഷപ്രസംഗം നടത്തിയ മന്ത്രി ആന്റണി രാജു പറഞ്ഞു. വേണ്ടത്ര ബോധവത്കണം ഉണ്ടായില്ലെന്ന പരാതിയെ തുടർന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവെക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കാമറകൾക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ല. നിയമം തെറ്റിക്കുന്നവർക്ക് ഫോണിൽ സന്ദേശമെത്തും. നിയമനം പാലിക്കുന്നവർ പേടിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
എഐ കാമറകൾ നിലവിലുളള സ്ഥലത്ത് നിന്നും മറ്റിടങ്ങളിലും മാറ്റി സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. റോഡുകൾ നല്ല നിലവാരത്തിലായതിനാൽ വേഗപരിധി പുനഃക്രമീകരിക്കും. ഇക്കാര്യത്തിൽ പുതിയ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ ലൈസൻസിലേക്ക് മാറ്റാൻ അടുത്ത ഒരു വർഷത്തേക്ക് 200 രൂപയും പോസ്റ്റൽ ചാർജും അടച്ചാൽ മതി. ഒരു വർഷം കഴിഞ്ഞാൽ 1500 രൂപയും പോസ്റ്റൽ ചാർജും നൽകേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ആദ്യമായാണ് നിർമ്മിത ബുദ്ധി കാമറകൾ വഴി നിയമലംഘനം പിടികൂടി പിഴയീടാക്കുന്നത്. നഗര- ഗ്രാമ വ്യത്യസമില്ലാതെ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘനം കാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലേക്ക് പിഴയടക്കാനുള്ള സന്ദേശം ലഭിക്കും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. കെൽട്രോളാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
യുപിഐ ഇടപാടുകൾ: അക്കൗണ്ടുകൾ മരവിപ്പിച്ചതിൽ വിശദീകരണവുമായി കേരള പൊലീസ്
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ