

തൊടുപുഴ: മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കാട്ടാന അരിക്കൊമ്പനെ പിടികൂടിയ ദൗത്യസംഘത്തെ അഭിനന്ദിച്ച് വനംമന്ത്രി എ കെ ശശീന്ദ്രന്‍. അരിക്കൊമ്പനെ പിടികൂടുന്നതിന് വനംവകുപ്പിനൊപ്പം നാട്ടുകാരും ആത്മാര്‍ഥമായി സഹകരിച്ചതായും വനംമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ ഭീതി പടര്‍ത്തിയ അരിക്കൊമ്പനെ വഹിച്ചുകൊണ്ടുള്ള അനിമല്‍ ആംബുലന്‍സ് രാത്രി ഒന്‍പത് മണിയോടെ പെരിയാര്‍ കടുവ സങ്കേതത്തില്‍ എത്തും. ദിവസങ്ങള്‍ നീണ്ട സസ്‌പെന്‍സുകള്‍ക്ക് ഒടുവിലാണ് അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം വനംവകുപ്പ് അറിയിച്ചത്. അരിക്കൊമ്പനെ പിടികൂടിയ ശേഷമാണ് പെരിയാര്‍ കടുവ സങ്കേതത്തിലേക്കാണ് അരിക്കൊമ്പനെ മാറ്റുക എന്ന കാര്യം പുറത്തുവിട്ടത്.
തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് അരിക്കൊമ്പനെ കൊണ്ടുപോകുക. ഏകദേശം നൂറ് കിലോമീറ്റര്‍ ദൂരമാണ് ചിന്നക്കനാലില്‍ നിന്ന് തേക്കടി വരെയുള്ളത്. അരിക്കൊമ്പനുമായി റോഡിലൂടെയുള്ള യാത്ര അതിസാഹസികത നിറഞ്ഞതായത് കൊണ്ട് വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അനിമല്‍ ആംബുലന്‍സില്‍ കൂടുതല്‍ യൂക്കാലിപ്റ്റസ് മരം വച്ച് കൈവരി സുരക്ഷിതമാക്കി. അതിനിടെ ലോറിയിലും അരിക്കൊമ്പന്‍ പരാക്രമം കാണിച്ചു. സുരക്ഷയുടെ ഭാഗമായി അനിമല്‍ ആംബുലന്‍സിനൊപ്പം പത്തിലധികം വാഹനങ്ങള്‍ ഉണ്ട്.
പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ സീനിയറോട എന്ന സ്ഥലത്തേയ്ക്കാണ് ആനയെ മാറ്റുന്നത്. കുമളിയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയാണ് സീനിയറോട. ജനവാസകേന്ദ്രത്തില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. അതുകൊണ്ട് സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടാവില്ല എന്ന വിലയിരുത്തലിലാണ് വനംവകുപ്പ്. അതിനിടെ ചിന്നക്കനാല്‍ സിമന്റ് പാലത്തിന് സമീപത്ത് നിന്ന് പിടികൂടിയ അരിക്കൊമ്പനെ മാറ്റുന്ന കുമളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.നാളെ രാവിലെ ഏഴുമണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിന് ഒടുവില്‍ വൈകീട്ടോടെയാണ് അരിക്കൊമ്പനെ പിടികൂടി അനിമല്‍ ആംബുലന്‍സില്‍ കയറ്റിയത്. കുങ്കിയാനകളുടെ സഹായത്തോടെയാണ് അരിക്കൊമ്പനെ ലോറിയില്‍ കയറ്റിയത്.മയക്കുവെടിവെച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ അനിമല്‍ ആംബുലന്‍സിന് അരികില്‍ അരിക്കൊമ്പനെ എത്തിച്ച സമയത്ത് ദൗത്യത്തിന് വെല്ലുവിളി സൃഷ്ടിച്ച് ശക്തമായ മഴ പെയ്തിരുന്നു. എന്നാല്‍ ദൗത്യത്തില്‍ നിന്ന് പിന്മാറാതെ ഉറച്ചുനിന്ന സംഘം, കുങ്കിയാനകളുടെ സഹായത്തോടെ, അരിക്കൊമ്പനെ ലോറിയില്‍ കയറ്റുകയായിരുന്നു.
അതിനിടെ പ്ലാറ്റ്‌ഫോമില്‍ കയറാന്‍ കൂട്ടാക്കാതെ ശക്തമായ പ്രതിരോധമാണ് അരിക്കൊമ്പന്‍ തീര്‍ത്തത്. ആറുതവണ മയക്കുവെടിവെച്ചിട്ടും വര്‍ധിത വീര്യത്തോടെ കുങ്കിയാനകളോട് അരിക്കൊമ്പന്‍ പൊരുതുന്ന കാഴ്ച പുറത്തുവന്നു. നാലു കുങ്കിയാനകള്‍ ചേര്‍ന്ന് അരിക്കൊമ്പനെ കുത്തി പ്ലാറ്റ്‌ഫോമിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും മൂന്ന് തവണയാണ് അരിക്കൊമ്പന്‍ കുതറി മാറിയത്. ഒടുവില്‍ കുങ്കിയാനകളുടെ സഹായത്തോടെ തന്നെയാണ് അരിക്കൊമ്പനെ ലോറിയില്‍ കയറ്റിയത്. അന്തിമ ഘട്ടത്തില്‍ വീണ്ടും മയക്കുവെടിവെച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രദേശത്ത് വൈകീട്ടോടെയാണ് ദൗത്യത്തെ പ്രതിസന്ധിയിലാക്കി മഴ പെയ്തത്. പ്രദേശത്ത് കോടമഞ്ഞ് വന്ന് മൂടിയതോടെ, ദൂരകാഴ്ച മറഞ്ഞു. കനത്തമഴയില്‍ അരിക്കൊമ്പന്‍ മയക്കം മാറി ഉണരുമോ എന്ന ആശങ്കയും നിലനിന്നിരുന്നു. എന്നാല്‍ അരിക്കൊമ്പനെ ലോറിയില്‍ കയറ്റുക എന്ന ദൗത്യവുമായി സംഘം മുന്നോട്ടുപോകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
രാവിലെ മയക്കുവെടിയേറ്റ അരിക്കൊമ്പനെ കുങ്കിയാനകള്‍ ചേര്‍ന്നാണ് നിയന്ത്രണത്തിലാക്കിയത്. കാലില്‍ വടംകെട്ടി, കണ്ണു മൂടി ലോറിയില്‍ കയറ്റി അരിക്കൊമ്പനെ കാടുമാറ്റാനായിരുന്നു പദ്ധതി. ആനയെ പിടികൂടാനുള്ള ശ്രമത്തിന്റെ രണ്ടാം ദിവസം മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വനംകുപ്പിന്റെ ദൗത്യസംഘത്തിന് വെടിവയ്ക്കാനായത്. ഉച്ചയ്ക്ക് 11.55നാണ് ആദ്യം മയക്കുവെടി വച്ചത്. തുടര്‍ന്നു ബൂസ്റ്റര്‍ ഡോസും നല്‍കിയ ശേഷമാണ് അരിക്കൊമ്പന്‍ മയങ്ങിയത്. കുന്നിന്‍ മുകളില്‍നിന്ന ആന സമതലപ്രദേശമായ സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തുന്നതുവരെ കാത്തുനിന്ന ശേഷമാണ് സംഘം വെടിവച്ചത്.
അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇന്നും പുലര്‍ച്ചെ നാലര മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.ഇന്നലെ നാലു മണിയോടെ നിര്‍ത്തിവച്ച ദൗത്യം ഇന്ന് രാവിലെ എട്ട് മണിക്കാണ് പുനരാരംഭിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates