'അള്ളാഹു  മിത്താണെന്ന് ഷംസീര്‍ പറയുമോ?; ഖുര്‍ ആനെ വിമര്‍ശിക്കാന്‍ തയ്യാറാകുമോ?'

കുറേനാളായി മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കര്‍ എഎന്‍ ഷംസീര്‍ തുടങ്ങിയവര്‍ ഇത്തരം ഹിന്ദുവിരുദ്ധ പ്രസ്താവനകള്‍ നടത്തുകയാണ്.
കെ സുരേന്ദ്രൻ/ ഫയൽ
കെ സുരേന്ദ്രൻ/ ഫയൽ

കോഴിക്കോട്:  അള്ളാഹു മിത്താണെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറയുമോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഓരോ മതത്തിന്റെ ദൈവങ്ങള്‍ ഒക്കെ മിത്താണോ സത്യമാണോ എന്നൊക്കെ പറയാന്‍ ആരാണ് ഷംസീറിന് അവകാശം നല്‍കിയതെന്നും സുരേന്ദ്രന്‍ ചോദിച്ചു. 

തുടര്‍ച്ചയായി ഹിന്ദുക്കളെ ആക്ഷേപിക്കുക എന്നിട്ട് അപ്പുറത്ത് ഒരു ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം. നിയമസഭയുടെ തലവനായ ഷംസീര്‍ ഭരണഘടനയെ മുറുകെ പിടിക്കേണ്ട ആളാണ്. എല്ലാ മതങ്ങളോടും തുല്യമായ സമീപനം സ്വീകരിക്കേണ്ട ആളാണ്.

കുറേനാളായി മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കര്‍ എഎന്‍ ഷംസീര്‍ തുടങ്ങിയവര്‍ ഇത്തരം ഹിന്ദുവിരുദ്ധ പ്രസ്താവനകള്‍ നടത്തുകയാണ്. ഏത് വിഷയം കൈകാര്യം ചെയ്യുമ്പോഴും അതിനകത്ത് ഒരു ദുഷ്ടലാക്കോട് കൂടിയാണ് ഇത്തരം നേതാക്കള്‍ പ്രസ്താവന നടത്തുന്നത്. അതിനെ സിപിഎം നേതൃത്വം പ്രോത്സാഹിപ്പിക്കുകയാണ്. സ്പീക്കറുടെ ഗണപതിക്കെതിരായ പ്രസ്താവന സ്വഭാവികമായോ യാദൃച്ഛികമായോ ഉണ്ടായതല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഷംസീര്‍ മുസ്ലീം സമുദായത്തെ പരസ്യമായി മഹത്‌വത്കരിക്കുകയും ഹിന്ദുക്കളുടെ ആരാധാനമൂര്‍ത്തികള്‍ അന്ധവിശ്വാസമാണെന്ന് പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. പരസ്യമായ പരമത നിന്ദയാണ് ഷംസീര്‍ നടത്തിയത്. ഐഎസ്ആര്‍ഒ മതുല്‍ എല്ലാ ഔദ്യോഗിക സംവിധാനങ്ങളും അവരുടെ നല്ല തുടക്കങ്ങളും ഗണിപതി ഹോമം നടത്തിയാണ് തുടങ്ങാറുള്ളത്. ഈ രാജ്യം മുഴുവന്‍ ആദരിക്കുന്ന ഗണപതിയെ  ഇത്ര പരസ്യമായി ആക്ഷേപിക്കാനുള്ള ധൈര്യം ഉണ്ടായത് എങ്ങനെയാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. 

സ്വന്തം മതത്തെ കുറിച്ച് ഇത്തരം പരാമര്‍ശം ഷംസീര്‍ പറയുമോ?. അള്ളാഹുവിനെ കുറിച്ച് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ കൈ അല്ല എല്ലാം വെട്ടും. എല്ലാ മതഗ്രന്ഥങ്ങളിലും പറഞ്ഞതിനെ വിമര്‍ശിക്കാനാണെങ്കില്‍ ഖുര്‍ ആനെ വിമര്‍ശിക്കാന്‍ ഷംസീര്‍ തയ്യാറാകുമോ?. ഇത് മ്ലേച്ചമായ സമീപനമാണ്. ഷംസീറിന്റെ ധിക്കാരം മുഖ്യമന്ത്രി എന്തുകൊണ്ടാണ് തിരുത്താത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com