നിബു ജോണ്‍ വിമത സ്ഥാനാര്‍ത്ഥി?; പുതുപ്പള്ളിയില്‍ അനുനയ നീക്കവുമായി കോണ്‍ഗ്രസ്, ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വി എന്‍ വാസവന്‍

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത തള്ളി മന്ത്രി വിഎന്‍ വാസവന്‍
നിബു ജോണ്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം/ഫെയ്‌സ്ബുക്ക്
നിബു ജോണ്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം/ഫെയ്‌സ്ബുക്ക്


കോട്ടയം: പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത തള്ളി മന്ത്രി വിഎന്‍ വാസവന്‍. സിപിഎമ്മും എല്‍ഡിഎഫും അങ്ങനെയൊരു ആലോചന നടത്തിയിട്ടില്ല. വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. 

ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതുപ്പള്ളി ഡിവിഷന്‍ മെമ്പറുമായ നിബു ജോണ്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും എന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. നിബുവിനെ രണ്ടുമാസത്തിന് മുന്‍പാണ് താന്‍ കണ്ടതെന്നും മരണവീട്ടില്‍പ്പോലും കണ്ടില്ലെന്നും വി എന്‍ വാസവന്‍ പറഞ്ഞു. പാര്‍ട്ടിക്കാര്‍ ആരെങ്കിലും അദ്ദേഹവുമായി സംസാരിച്ചതായി അറിയില്ല. തങ്ങളുടെ കമ്മിറ്റികളില്‍ ഇദ്ദേഹത്തിന്റെ പേര് ചര്‍ച്ചയ്ക്ക് വന്നിട്ടില്ല. പ്രചാരണത്തിന് പിന്നില്‍ ദുഷ്ടലാക്കുകാരാണെന്നും വാസവന്‍ പറഞ്ഞു. 

മണ്ഡലത്തില്‍ നേരത്തെ തന്നെ കുടുംബവാഴ്ച അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന്റെ ബാക്കിപത്രമാകാം പുതിയ നീക്കങ്ങള്‍. കോണ്‍ഗ്രസുകാര്‍ക്കിടയില്‍ തന്നെ അസംതൃപ്തരുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 

അതേസമയം, നിബു വിമത സ്ഥാനാര്‍ത്ഥിയായേക്കും എന്ന സൂചനയും പുറത്തുവരുന്നുണ്ട്. പാര്‍ട്ടിയില്‍ ആലോചനയില്ലാതെ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ നിബു അടക്കമുള്ള ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട് എന്നാണ് വിവരം. നിബുവിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവും കോണ്‍ഗ്രസ് നേതൃത്വും ശ്രമം നടത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com