എന്തുകൊണ്ട് അടിയന്തര പ്രമേയം കൊണ്ടുവന്നില്ല; പിണറായിയുടെ മറുപടിയെ പ്രതിപക്ഷം പേടിക്കുന്നു; എകെ ബാലന്‍

വീണയ്‌ക്കെതിരായ ഈ ആരോപണം കേരളീയ സമൂഹം പരമപുച്ഛത്തോടെയാണ് കാണുക.
എകെ ബാലന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം
എകെ ബാലന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ പ്രതിപക്ഷം എന്തുകൊണ്ട് അടിയന്തരപ്രമേയം കൊണ്ടുവന്നില്ലെന്ന് സിപിഎം നേതാവ് എകെ ബാലന്‍. മുഖ്യമന്ത്രിയുടെ മറുപടിയെ പ്രതിപക്ഷം ഭയക്കുകയാണെന്നും എകെ ബാലന്‍ തിരുവന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു

പിണറായി വിജയനെയും കുടുംബത്തെയാണ് ഈ ആരോപണം കൊണ്ട് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന്റെ ഇടയില്‍ ഇത് സംബന്ധിച്ച് രൂക്ഷമായ അഭിപ്രായ വ്യത്യാസമാണുള്ളത്. 41 പ്രതിപക്ഷ അംഗങ്ങളില്‍ കുഴല്‍നാടന്‍ ഈ വിഷയം ഉന്നയിക്കുമ്പോള്‍  നാലുപേര്‍ മാത്രമാണ് സഭയില്‍ ഹാജരായത്. എന്തുകൊണ്ട് മറ്റുള്ളവര്‍ പങ്കെടുത്തില്ലെന്നും ബാലന്‍ ചോദിച്ചു.  

പിണറായിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരായി ശക്തമായ ആക്രമണം നടത്തണമെന്ന് പ്രതിപക്ഷം തീരുമാനിച്ചിരുന്നെങ്കില്‍ അടിയന്തരപ്രമേയം കൊണ്ടുവരാമായിരുന്നു. ഇത് അടിയന്തരപ്രമേയമായി കൊണ്ടുവന്ന് അഴിമതി ആരോപണം ഉന്നയിച്ചാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായില്‍ നിന്നുണ്ടാകുന്ന മറുപടിയെ സംബന്ധിച്ച് ആലോചിച്ചിട്ട് ഉറക്കം വന്നിട്ടില്ല. അതിന്റെ ഭാഗമായിട്ടാണ് അടിയന്തരപ്രമേയം കൊണ്ടുവരാതിരുന്നതെന്ന് ബാലന്‍ പറഞ്ഞു. 

വീണയ്‌ക്കെതിരായ ഈ ആരോപണം കേരളീയ സമൂഹം പരമപുച്ഛത്തോടെയാണ് കാണുക. നിയമപരമായ രണ്ട് കമ്പനികള്‍ പരസ്പരം എഗ്രിമെന്റ് വച്ച് സേവനവുമായി ബന്ധപ്പെട്ട് കരാറില്‍ ഒപ്പിട്ട് കഴിഞ്ഞാല്‍, അതില്‍ എന്തെങ്കിലും ലംഘനം ഉണ്ടായാല്‍ ബന്ധപ്പെട്ട കമ്പനിയാണല്ലോ പരാതിക്കാരാവേണ്ടത്. ഇന്‍കംടാക്‌സിന്റെ മുന്നില്‍ അങ്ങനെ ആരെങ്കിലും പരാതിക്കാര്‍ ഉണ്ടോ?. കരാറില്‍ പറഞ്ഞകാര്യത്തില്‍ അപ്പുറം എന്തെങ്കിലും വീണയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും ബാലന്‍ പറഞ്ഞു. 

'ഇത് എപ്പോ തുടങ്ങിയതാ, ഇതൊക്കെചില പത്രദൃശ്യമാധ്യമങ്ങളും എറ്റെടുക്കുകയാണ്. ഇത് അവസാനിപ്പിക്കുന്നില്ലെങ്കില്‍ പൊതുസമൂഹത്തില്‍ നിങ്ങള്‍ ഒറ്റപ്പെടും.  നേതാക്കന്‍മാരുടെ മക്കളായാല്‍ റിട്ടണ്‍ ടെസ്റ്റ് എഴുതി ഇന്റര്‍വ്യൂ നടത്തി ഏറ്റവും നല്ല മാര്‍ക്ക് വാങ്ങി റാങ്ക് ലിസ്റ്റില്‍ വന്നാല്‍ പോലും സര്‍ക്കാരില്‍ ജോലി വാങ്ങാന്‍ പാടില്ല, പൊതുമേഖലയില്‍ ജോലി വാങ്ങാന്‍ പാടില്ല, ഓട്ടോണമസ് ബോഡിയില്‍ ജോലി വാങ്ങാനോ പാടില്ല. എന്നാല്‍ സ്വന്തം നിലയില്‍ ജോലി വാങ്ങിയാല്‍ അതിനുപോലും അനുവദിക്കില്ലെന്ന് പറഞ്ഞുകഴിഞ്ഞാല്‍ എന്താണിതിന് പിന്നിലുളള വിഷ ലിപ്തമായ ചേതോവികാരം. ആ കമ്പനിയില്‍ 32 പേര്‍ പണിയെടുക്കുന്നുണ്ട്. അത് വീണയുടെ സ്വന്തം അക്കൗണ്ടിലേക്ക് പോയതല്ല. സേവനത്തിനായി മനസുള്ള ആളുകള്‍ പോയാല്‍ പോരെ, എന്റെ സേവനത്തിന് നിങ്ങള്‍ വരണമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?. ഒരു സംശയവും വേണ്ട, ഇനിയും സേവനങ്ങള്‍ കൊടുക്കും. അതിനനുസരിച്ചുള്ള വേതനവും വാങ്ങും. ആര് വിചാരിച്ചാലും അത് നടത്താന്‍ കഴിയില്ല'- ബാലന്‍ പറഞ്ഞു

നിങ്ങള്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും വീണയോട് ചോദിച്ചിട്ടുണ്ടോ?. നിങ്ങള്‍ക്ക് ആകാശത്ത് നിന്ന്  എന്തെങ്കിലും കിട്ടുക. എന്നിട്ട് വീണ ഇതിന്റെ പിന്നിലുണ്ട്, പിണറായി ഇതിന്റെ പിന്നിലുണ്ട് എന്നുപറഞ്ഞുനടക്കുന്നതിന് മറുപടി പറയണമെന്നാണോ?. 

'മാസപ്പടി വാങ്ങിയത് ഉമ്മന്‍ചാണ്ടിയാണ്. ഉമ്മന്‍ചാണ്ടി വാങ്ങിയിട്ടുണ്ടോയെന്നതിന് ഇനിയിപ്പോ ഉമ്മന്‍ചാണ്ടിക്ക് പറയാന്‍ പറ്റില്ല. അയാളുടെ മകനോട് ചോദിക്ക്. പിണറായി വിജയന്‍ ഏതെങ്കിലും തരത്തില്‍ കാശുവാങ്ങിയെന്നതിന് എന്തെങ്കിലും തെളിവ് ബന്ധപ്പെട്ട കമ്പനി പറഞ്ഞിട്ടുണ്ടോ. ഇന്‍കംടാക്‌സിന് മുന്നിലുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ അവര്‍ തരുന്ന വാര്‍ത്തകള്‍ ഉണ്ടാക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്'- ബാലന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com