' അപ്പ വേട്ടയാടപ്പെട്ടപോലെ ഒരാളും വേട്ടയാടപ്പെടരുത്; ഒരു മുഖ്യമന്ത്രിയെയും ആരും കല്ലെറിയരുത്'

ഇങ്ങനെ ഒരാളെ വ്യക്തിപരമായും കുടുംബപരമായും ആക്രമിക്കാന്‍ പാടുണ്ടോ?. ആ ചോദ്യം കേരളീയ പൊതുസമൂഹത്തിന് മുന്നില്‍ ഞാന്‍ ഉന്നയിക്കുകയാണ്.
ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളെ കാണുന്നു
ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളെ കാണുന്നു

കോട്ടയം:  ഇനി ഒരു മുഖ്യമന്ത്രിയെയും ആരും കല്ലെറിയരുതെന്ന് പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. വെറുപ്പിന്റെ രാഷ്ട്രീയം വേണ്ടെന്നും ഒരുരാഷ്ട്രീയക്കാരനും വേട്ടയാടപ്പെടരുതെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം നല്‍കിയ സിഒടി നസീറിന്റെ ഉമ്മയ്ക്ക് ചാണ്ടി ഉമ്മന്‍ നന്ദി അറിയിച്ചു. മുന്‍ സിപിഎം പ്രവര്‍ത്തകനും ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുമാണ് സിഒടി നസീര്‍. 

'ഇന്ത്യയുടെ ഭാവിഭാഗ്ദാനമായ രാഹുല്‍ ഗാന്ധി സ്‌നേഹത്തിന്റെ കടയാണ് തുറന്നത്. വിദ്വേഷം വേണ്ട, വെറുപ്പ് വേണ്ട, വൈരാഗ്യം വേണ്ട, പക വേണ്ട.. അതേരാഷ്ട്രീയമാണ് ഇവിടെയും വേണ്ടത്. ഒരു മുഖ്യമന്ത്രിയെ കല്ലെറിയുന്ന സാഹചര്യം ഇവിടെയുണ്ടായി. ഇനി ആങ്ങനെ ഒരു സാഹചര്യം ഉണ്ടാകരുത്. ഇനിയൊരു രാഷ്ട്രീയ നേതാവും തന്റെ അപ്പ വേട്ടയാടപ്പെട്ട പോലെ വേട്ടയാടപ്പെടരുത്. ഈ തെരഞ്ഞെടുപ്പില്‍ അതും ചര്‍ച്ചയാകണം. ഇങ്ങനെ ഒരാളെ വ്യക്തിപരമായും കുടുംബപരമായും ആക്രമിക്കാന്‍ പാടുണ്ടോ?. ആ ചോദ്യം കേരളീയ പൊതുസമൂഹത്തിന് മുന്നില്‍ ഞാന്‍ ഉന്നയിക്കുകയാണ്. ഇനി അങ്ങനെ ഉണ്ടാവാന്‍ പാടില്ല'. ചാണ്ടി ഉമ്മന്‍ പറഞ്ഞു.

കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് സിഒടി നസീറിന്റെ ഉമ്മ
 

പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം കെട്ടിവയ്ക്കാനുള്ള തുക നല്‍കുന്നത് മുന്‍ സിപിഎം പ്രവര്‍ത്തകന്‍ സിഒടി നസീറിന്റെ ഉമ്മ. കണ്ണൂരില്‍ വച്ച് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് സിഒടി നസീര്‍. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ വച്ച് തുക കൈമാറും. 

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് സിപിഎം സിഒടി നസീറിനെ പുറത്താക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപി പിന്തുണയോടെ തലശേരിയില്‍ നിന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

ചാണ്ടി ഉമ്മന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പാമ്പാടി ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച ശേഷം രാവിലെ 11.30ന് പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക്‌ഡെവലപ്പ്‌മെന്റ് ഓഫീസിലെത്തിയാണ് പത്രിക സമര്‍പ്പിക്കുക.

പത്രികാ സമര്‍പ്പണത്തിന് പിന്നാലെ അകലകുന്നം, കൂരോപ്പട പഞ്ചായത്തുകളിലും പ്രചാരണം നടത്തും. സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ ഇന്ന്  രാവിലെ 11 മണിയോടെ പത്രിക സമര്‍പ്പിക്കും.

ഇന്നലെ രാവിലെ പതിനൊന്നരയോടെ ആര്‍ഡിഒയ്ക്ക് മുന്‍പാകെ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പത്രിക സമര്‍പ്പിച്ചു. മൂന്നാം തവണയാണ് ജെയ്ക് പുതുപ്പള്ളില്‍ മത്സരിക്കുന്നത്. ജെയ്ക്കിന് നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് ഡിവൈഎഫ്‌ഐ ആയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com