കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് എതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും മാസപ്പടി വിവാദത്തിന് തിരശ്ശീല വീണെന്നുമുള്ള സിപിഎം നോതാവ് തോമസ് ഐസക്കിന്റെ പ്രതികരണത്തിന് മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കേസ് വാദം തുടങ്ങിയിട്ടേയുള്ളു എന്നും അതിന് മുമ്പ് വിധി പറയാന്‍ വെപ്രാളപ്പെടരുതെന്നും മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മാത്യു കുഴല്‍നാടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
'ഐസക് സാറേ..
അതിബുദ്ധി വേണ്ട...കേസ് വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂ. അതിനു മുമ്പേ വിധി പറയാന്‍ വെപ്രാളപ്പെടാതെ... എന്റെ ഈ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് (സംസ്ഥാനത്തിന്റെ നികുതി വരുമാനം നോക്കുമ്പോള്‍ 15 ലക്ഷം രൂപ എന്നത് കൊണ്ടാണ് ആ വാക്ക് ഉപയോഗിച്ചത് ക്ഷമിക്കണം) വേണ്ടിയാണ് എന്ന് കരുതണ്ട. വീണ സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ തുക രണ്ട് കമ്പനികള്‍ തമ്മിലുള്ള സുതാര്യമായ ഇടപാടാണ് എന്നും, സേവനം നല്‍കിയതിന് വാങ്ങിയ പണമാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ന്യായീകരണം പച്ചക്കള്ളം എന്ന് തെളിയിക്കുന്നതിന് വേണ്ടിയിട്ടാണ് ഐജിഎസ്ടി കണക്കുകള്‍ പുറത്ത് കൊണ്ടുവരുന്നത്.
ഈ പറഞ്ഞ 1.72 കോടി രൂപയ്ക്കുള്ള നികുതി അടച്ചിട്ടില്ല എങ്കില്‍ ഇനി സിപിഎം സേവനം എന്ന വാക്ക് മിണ്ടരുത്. മറിച്ച് മുഖ്യമന്ത്രിയുടെ മകള്‍ വാങ്ങിയ കൈക്കൂലി, അല്ലെങ്കില്‍ മാസപ്പടി, അതുമല്ലെങ്കില്‍ അഴിമതി പണം എന്നേ പറയാവൂ... ഈ കാര്യം ഞാന്‍ ചോദിച്ചിട്ട് അങ്ങയുടെ സുഹൃത്ത് ബാലന്‍ ഇതുവരെ മറുപടിയൊന്നും പറഞ്ഞു കണ്ടില്ല. ഞാന്‍ മറുപടിക്കായി കാക്കുന്നു.
പിന്നെ അങ്ങ് സാമ്പത്തിക ശാസ്ത്രജ്ഞനാണ് കണക്കപ്പിള്ള അല്ല എന്ന് പറഞ്ഞല്ലോ. അങ്ങേയ്ക്ക് അക്കൗണ്ടന്‍സിയില്‍ ഇല്ലാത്ത പ്രാവീണ്യം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് ഉണ്ട് എന്ന് പറയുന്നിടത്താണ് എന്റെ പ്രശ്‌നം. ഇനി അങ്ങ് ഇല്ലെങ്കില്‍ അക്കൗണ്ടന്‍സി അറിയുന്ന ആരെയെങ്കിലും വിട്ടാലും ഞാന്‍ സ്വാഗതം ചെയ്യും...
അപ്പോ വാദം ഇനിയും തുടരാം...
Now its your turn..'
നേരത്തെ, തനിക്കെതിരെ ഉയര്‍ന്ന നികുതി വെട്ടിപ്പ് ആരോപണത്തില്‍ കണക്കുകള്‍ പരിശോധിക്കാന്‍ മാത്യു കുഴല്‍നാടന്‍ തോമസ് ഐസക്കിനെ ക്ഷണിച്ചിരുന്നു. എന്നാല്‍, ഇതിന് മറുപടിയായി, താന്‍ പഠിച്ചത് അക്കൗണ്ടന്‍സിയല്ല, ധനശാസ്ത്രമാണെന്ന് ഐസക് പറഞ്ഞിരുന്നു.
ഒരു വക്കീലും ഇങ്ങനെ കേസുവാദിച്ച് സ്വയം തോല്‍പ്പിച്ചിട്ടുണ്ടാവില്ല. ബാംഗ്ലൂരില്‍ വീണാ വിജയന്‍ എക്‌സാലോജിക് എന്ന ഐറ്റി കമ്പനി നടത്തുന്നു. ഈ കമ്പനിയും വീണയും സിഎംആര്‍എല്‍ കമ്പനിയുമായി കണ്‍സള്‍ട്ടന്‍സി സര്‍വ്വീസിനുള്ള കരാറില്‍ ഒപ്പിടുന്നു. അതിന്റെ ഭാഗമായി സിഎംആര്‍എല്‍ മാസംതോറും നല്‍കുന്ന കണ്‍സള്‍ട്ടന്‍സി / മെയിന്റനന്‍സ് സര്‍വ്വീസ് ഫീ മാസപ്പടിയാണെന്ന നരേറ്റീവ് മനോരമ സൃഷ്ടിക്കുന്നു. ഇത് ആവര്‍ത്തിച്ച് ഉറപ്പിച്ച് പൊതുബോധ്യമാക്കാനുള്ള തത്രപ്പാടിലായിരുന്നു യുഡിഎഫ്. അപ്പോഴാണ് കുഴല്‍നാടന്റെ പത്രസമ്മേളനം. അദ്ദേഹം പുതിയൊരാക്ഷേപം ഉന്നയിക്കുന്നു. വീണയുടെ കമ്പനി ജിഎസ്ടി അടച്ചിട്ടില്ല. അവര്‍ സര്‍വ്വീസ് സപ്ലൈയര്‍ ആണ്. അതുകൊണ്ട് നികുതി അടയ്ക്കണം. ഒട്ടും നികുതി അടച്ചിട്ടില്ലായെന്നു കുഴല്‍നാടനും വാദമില്ല. മുഴുവന്‍ നികുതിയും അടച്ചിട്ടില്ലായെന്നാണ് ആക്ഷേപം. നികുതി വെട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു.
അപ്പോള്‍ കുഴല്‍നാടനും സമ്മതിച്ചിരിക്കുന്നു എക്‌സാലോജിക് കമ്പനിക്കു ലഭിച്ച തുക സേവനങ്ങള്‍ക്കുള്ള പ്രതിഫലമാണെന്ന്. അതിനു സര്‍വ്വീസ് ടാക്‌സ് അല്ലെങ്കില്‍ ജിഎസ്ടി നല്‍കിയേ തീരൂ. ഇതോടെ മാസപ്പടി വിവാദത്തിനു തിരശ്ശീല വീണിരിക്കുകയാണ്. കുഴല്‍നാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു വിളിക്കരുത്. അക്കഥ തീര്‍ന്നു.
ഇനിയുള്ളത് ജിഎസ്ടി നികുതി അടച്ചോയെന്നുള്ളതാണ്. അതിനാദ്യം വേണ്ടത് ജിഎസ്ടി രജിസ്‌ട്രേഷനാണ്. വീണക്കും കമ്പനിക്കും പ്രത്യേകം ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉണ്ട്. രണ്ട് രജിസ്‌ട്രേഷനില്‍ നിന്നും നികുതി അടച്ചിട്ടുണ്ടാകാം. ഇനി വേണ്ടത് പൂര്‍ണ്ണനികുതി അടച്ചിട്ടുണ്ടോയെന്ന് റീ അസസ് ചെയ്യേണമെന്നതാണ്. അതു വകുപ്പ് പരിശോധിച്ച് വ്യക്തത വരുത്തും. അതിനു നടപടി ക്രമങ്ങളുണ്ട്. പക്ഷേ, ഇതിലെന്ത് അഴിമതി? നികുതി അടച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയാനുള്ള മര്യാദ കുഴല്‍നാടന്‍ കാണിക്കണം.
എന്തിനാണ് കുഴല്‍നാടന്‍ ഇത്ര ഒരു വളഞ്ഞ വഴിയിലേക്കു പോയത്? കാരണം അദ്ദേഹത്തിനെതിരെ ഗുരുതരമായ ആക്ഷേപങ്ങളാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ ഉന്നയിച്ചത്.
1) വരവില്‍ കവിഞ്ഞ ഭീമമായ സ്വത്ത് സമ്പാദിച്ചത്.
2) അങ്ങനെ ആര്‍ജ്ജിച്ച ചിന്നക്കനാലിലെ സ്വത്തില്‍ നിയമവിരുദ്ധമായാണ് റിസോര്‍ട്ട് പ്രവര്‍ത്തിപ്പിക്കുന്നത്.
3) ഭൂമി രജിസ്‌ട്രേഷന്‍ ചെയ്തപ്പോള്‍ പൂര്‍ണ്ണമായ നികുതി നല്‍കിയിട്ടില്ല.
ഇവയ്‌ക്കൊക്കെ കൃത്യമായിട്ടു വിശദീകരണം നല്‍കുന്നതിനു പകരം ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് ജി.എസ്.ടി പ്രത്യാരോപണം ഉന്നയിച്ചത്.
അദ്ദേഹത്തിന്റെ കണക്കുകള്‍ പരിശോധിക്കുന്നതിന് എന്നെ ക്ഷണിക്കുകയുണ്ടായി. പക്ഷേ, കണക്കു പരിശോധനയില്‍ എനിക്ക് അത്ര പ്രാവീണ്യം ഇല്ല. ഞാന്‍ പഠിച്ചത് അക്കൗണ്ടന്‍സിയല്ല ധനശാസ്ത്രമാണ്. അതുകൊണ്ട് സദയം ക്ഷമിക്കുക. അന്നത്തെ ജിഎസ്ടി പത്രസമ്മേളനത്തില്‍ ഉത്തരം പറയാന്‍ വിസമ്മതിച്ച ചോദ്യങ്ങള്‍ക്ക് അങ്ങു തന്നെ മറുപടി പറയുക.- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates