'നമ്മള്‍ ചന്ദ്രനിലെത്തി, പക്ഷേ ശാസ്ത്ര അവബോധം വളരുന്നില്ല; നൂറ് വര്‍ഷം മുമ്പ് കേരളം എന്തിനെതിരെ നിന്നോ അത് തിരികെ എത്തിക്കാന്‍ ശ്രമം'

By സമകാലികമലയാളം ഡെസ്ക്   |   Published: 31st August 2023 08:57 PM  |  

Last Updated: 31st August 2023 09:06 PM  |   A+A-   |  

pinarayi

മുഖ്യമന്ത്രി പിണറായി വിജയന്‍, സ്‌ക്രീന്‍ഷോട്ട്‌

 

തിരുവനന്തപുരം:  ഭേദചിന്തകള്‍ കൊണ്ട് തമ്മില്‍ അകറ്റുന്ന ഇന്നത്തെ കാലത്ത് ഗുരുദര്‍ശനങ്ങള്‍ പ്രചരിപ്പിക്കേണ്ടത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിലെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ എടുത്താല്‍ ഗുരുചിന്തയുടെ വര്‍ത്തമാന പ്രസക്തി തെളിയും. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് പറയുന്ന ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. അടുത്തിടെ മണിപ്പൂരിലും ഹരിയാനയിലും കലാപങ്ങള്‍ നടന്നത് വേദനയോടെയാണ് കണ്ടത്. ഉത്തര്‍പ്രദേശിലെ ക്ലാസ് മുറികളില്‍ പോലും ആ വിദ്വേഷം പറന്നെത്തിയിരിക്കുന്നു. മണിപ്പൂരിലും ഹരിയാനയിലും ഇപ്പോഴും വിദ്വേഷത്തിന്റെ തീ അണഞ്ഞിട്ടില്ലെന്നും പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു. 169-ാമത് ശ്രീ നാരായണ ഗുരുദേവ ജയന്തി മഹാസമ്മേളനം ചെമ്പഴന്തിയില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

'ലോകസമൂഹത്തിന് മുന്നില്‍ ലജ്ജിച്ച് തല താഴ്‌ത്തേണ്ട അവസ്ഥയിലാണ്. മാനവിക മൂല്യങ്ങള്‍ക്ക് രാജ്യം പ്രാധാന്യം കല്‍പ്പിക്കേണ്ടതുണ്ട്. അതിന് ഏറെ പ്രയോജനപ്പെടുന്നതാണ് ഗുരു സ്മരണയുടെ പുതുക്കല്‍. നവോത്ഥാന പ്രസ്ഥാനങ്ങളും അതിന്റെ തുടര്‍ച്ച ഏറ്റെടുത്ത പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇല്ലാതിരുന്ന ഇടങ്ങളിലാണ് വംശ വിദ്വേഷത്തിന്റെ പേരില്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തിക്കുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായത്. ഇത് കേരളത്തില്‍ എന്തുകൊണ്ട് ഉണ്ടാവുന്നില്ല?. എങ്ങനെയാണ് കേരളം വേറിട്ട് നില്‍ക്കുന്നത്?. ശ്രീ നാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകര്‍ ഉയര്‍ത്തിയ പുരോഗമന ചിന്തകളും ഇതിന്റെ തുടര്‍ച്ച ഏറ്റെടുത്ത പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവുമാണ് ഇവിടെ ആ അവസ്ഥ ഇല്ലാതിരിക്കുന്നതിന് കാരണം.'- മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

'ശാസ്ത്രബോധവും യുക്തിചിന്തയും ഇന്ന് വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവം തൊട്ട രാജ്യമാണ് നമ്മുടേത്. അതൊക്കെ പറയുമ്പോഴും നരബലിയും അന്ധവിശ്വാസങ്ങളുടെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളുമൊക്കെ നമ്മുടെ നാട്ടില്‍ അരങ്ങേറുന്നു. എന്തുകൊണ്ടാണ് ഇതുസംഭവിക്കുന്നത്. ശാസ്ത്രരംഗത്ത് കുതിക്കുമ്പോഴും ശാസ്ത്ര അവബോധം സൃഷ്ടിക്കുന്നതില്‍ പരാജയപ്പെടുന്നു. സ്വയം വിമര്‍ശനപരമായി തന്നെ ഇത് പരിശോധിക്കേണ്ടതുണ്ട്. പരിണാമ സിദ്ധാന്തമൊക്കെ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. പകരം അശാസ്ത്രീയമായ അബദ്ധങ്ങള്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇതിനെല്ലാമെതിരെയുള്ള ചെറുത്തുനില്‍പ്പിന് ഗുരുസ്മരണ പ്രേരണയാകട്ടെ'- പിണറായി വിജയന്‍ പറഞ്ഞു.

'നൂറ് വര്‍ഷം മുന്‍പ് എന്തിനൊക്കെ എതിരെയാണ് കേരളം നിലക്കൊണ്ടത്. അവയെ കേരളീയ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്ന ഘട്ടമാണിത്. ആരാണ് ഇതിന്റെ പിന്നിലെന്ന് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ല. അയിത്തവും ഭേദചിന്തയും വിവേചനവും സമൂഹത്തിലേക്ക് മടങ്ങി വന്നാല്‍ മാത്രമേ അത്തരക്കാര്‍ക്ക് നമ്മുടെ നാട്ടില്‍ വേരോട്ടം ഉണ്ടാവുകയുള്ളൂ എന്ന് അവര്‍ ചിന്തിക്കുന്നു. അത്തരം ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ ശ്രമിക്കണം'- പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സിനിമയിലെ പോലെ കയ്യടി കിട്ടാന്‍ എന്തും വിളിച്ചുപറയരുത്; ജയസൂര്യക്ക് എതിരെ എഐവൈഎഫ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ