'പണം കിട്ടിയില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല' ജയസൂര്യ പറഞ്ഞത് കര്‍ഷകരുടെ വികാരം; പ്രതികരണവുമായി കൃഷ്ണപ്രസാദ്

കൃഷിക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ സഹായം ചെയ്തിട്ടുള്ളതും ഇടതുപക്ഷ സര്‍ക്കാരുകളായിരുന്നു
കൃഷ്ണപ്രസാദ്, ജയസൂര്യ/ ഫയൽ
കൃഷ്ണപ്രസാദ്, ജയസൂര്യ/ ഫയൽ

കോട്ടയം: തനിക്ക് നെല്ലിന്റെ പണം കിട്ടിയെന്ന് നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ്. പണം കിട്ടിയില്ലെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. എന്നാല്‍ പണം കിട്ടാത്ത നിരവധി കര്‍ഷകരുണ്ട്. അവര്‍ക്കുവേണ്ടിയാണ് താന്‍ സമരത്തിന് ഇറങ്ങിയത്. നടന്‍ ജയസൂര്യ പറഞ്ഞത് കര്‍ഷകരുടെ വികാരമാണെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. 

'ജയസൂര്യക്ക് എന്റെ പേരാണ് പരിചയമുള്ളത്. അതുകൊണ്ടാണ് ജയസൂര്യ എന്റെ പേരു പറഞ്ഞത്. ആയിരക്കണക്കിന് കര്‍ഷകരുടെ പേരു മുഴുവന്‍ ജയസൂര്യക്ക് അറിയില്ല. എന്റെ പേര് പരാമര്‍ശിച്ചതാണോ ഇപ്പോള്‍ മഹാപാതകമായി മാറിയിരിക്കുന്നത്?. എനിക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. എന്നാല്‍ എന്റെ രാഷ്ട്രീയം അല്ല ഇവിടുത്തെ വിഷയമെന്നും' കൃഷ്ണപ്രസാദ് പറഞ്ഞു. 

ജയസൂര്യ രണ്ടു മന്ത്രിമാരുടെ മുന്നില്‍ വെച്ചു പറഞ്ഞപ്പോള്‍ ജനശ്രദ്ധയിലേക്ക് വന്നു. അതും കൃഷി മന്ത്രിയുടെയും വ്യവസായമന്ത്രിയുടേയും സാന്നിധ്യത്തിലാണ് ജയസൂര്യ പറഞ്ഞത്. അല്ലാതെ വേറെ എവിടെയെങ്കിലും പോയി പറയുകയല്ല ചെയ്തത്. മുമ്പ് കൃഷിക്കാര്‍ എത്ര നിവേദനം നല്‍കി. എത്രപേര്‍ അറിഞ്ഞു. പലതും ചവറ്റുകൊട്ടയിലേക്ക് തള്ളപ്പെടുകയാണ് ചെയ്തത്. 

ആയിരക്കണക്കിന്, പതിനായിരക്കണക്കിന് കര്‍ഷകര്‍ പണം ചോദിക്കുമ്പോള്‍ കൃഷ്ണപ്രസാദിന് പൈസ നല്‍കി എന്നു മന്ത്രിമാര്‍ പറയുന്നു. 'എനിക്കു പൈസ തന്നു എന്നതല്ല പ്രധാന കാര്യം. എനിക്ക് പൈസ തന്നതിന്റെ റസീപ്റ്റ് എടുക്കാന്‍ കാണിച്ച ആ ആര്‍ജവം, പാവം പിടിച്ച പണം ലഭിക്കാനുള്ള 25,000 ഓളം കര്‍ഷരോട് കാണിച്ചിരുന്നെങ്കില്‍ അവര്‍ രക്ഷപ്പെട്ടേനെ'യെന്ന് കൃഷ്ണപ്രസാദ് പറഞ്ഞു. 

ലക്ഷക്കണക്കിന് ആളുകള്‍ കൃഷി ചെയ്യുന്നിടത്ത്, പതിനായിരക്കണക്കിന് പേര്‍ക്ക് പണം ലഭിച്ചപ്പോള്‍ അതിലൊരാളാണ് താനും. ആ പണം എങ്ങനെ ലഭിച്ചു എന്നതും കണക്കിലെടുക്കണം. കൊടുത്ത നെല്ലിന്റെ പണമായിട്ടല്ല, ബാങ്കില്‍ ലോണായിട്ടാണ് പണം ലഭിച്ചത്. ജൂലൈയിലാണ് തനിക്ക് പണം ലഭിച്ചത്. മുമ്പ് ഒന്നു രണ്ട് ആഴ്ചക്കുള്ളില്‍ ലഭിച്ചിരുന്നതാണ് ഇപ്പോള്‍ അഞ്ച്-ആറുമാസമായിട്ടും കര്‍ഷകര്‍ക്ക് കിട്ടാത്തത്. 

പണം കിട്ടാത്ത കര്‍ഷകര്‍ക്കു വേണ്ടി പറഞ്ഞുപോയി എന്നതാണോ താന്‍ ചെയ്ത തെറ്റെന്ന് കൃഷ്ണപ്രസാദ് ചോദിച്ചു. ബിഷപ്പ് അടക്കം വന്നു സമരം നടത്തിയത് തനിക്കുവേണ്ടിയല്ല, കുട്ടനാട്ടെയും പാലക്കാട്ടെയും അടക്കം സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള കര്‍ഷകര്‍ക്കു വേണ്ടിയാണ്. കര്‍ഷകരെ കടബാധ്യതയില്‍പ്പെടുത്തി ആത്മഹത്യയിലേക്ക് കൊണ്ടുപോയിട്ട്, റീത്ത് വെക്കാന്‍ പോയിട്ടു കാര്യമുണ്ടോയെന്നും കൃഷ്ണപ്രസാദ് ചോദിക്കുന്നു. 

കര്‍ഷക സമിതിയില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഇടതുപക്ഷക്കാരാണ്. കൃഷി ചെയ്യുന്നത് ഏറ്റവും കൂടുതലുള്ളതും ഇടതുപക്ഷക്കാരാണ്. കൃഷിക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ സഹായം ചെയ്തിട്ടുള്ളതും ഇടതുപക്ഷ സര്‍ക്കാരുകളായിരുന്നു. എന്നാല്‍ അതൊന്നും ഇപ്പോള്‍ ലഭിക്കാത്തതുകൊണ്ടാണ് ഇടതുപക്ഷക്കാരായ കര്‍ഷകര്‍ ഉള്‍പ്പെടെ സമരത്തിന് ഒപ്പം നില്‍ക്കുന്നത്. അവരുടെ വേദനയെങ്കിലും എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല എന്ന് കൃഷ്ണപ്രസാദ് ചോദിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com