'കേരളത്തില്‍ എന്തോ കുഴപ്പമുണ്ട്?, കമ്മ്യൂണിസ്റ്റുകളെ വിശ്വാസിയാക്കി മാറ്റുന്നത് അരക്ഷിതാവസ്ഥ' - വീഡിയോ

ഇത് കേരളത്തില്‍ മാത്രം സംഭവിക്കുന്ന കാര്യമല്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: മനുഷ്യന്റെ ജീവിതത്തില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയാണ് അവസാന കാലഘട്ടങ്ങളില്‍ ചില നിരീശ്വരവാദികളെയും കമ്മ്യൂണിസ്റ്റുകളെയും വിശ്വാസിയാക്കി മാറ്റുന്നതെന്ന് പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോ. സി ജെ ജോണ്‍. ഇത് കേരളത്തില്‍ മാത്രം സംഭവിക്കുന്ന കാര്യമല്ല. എല്ലായിടത്തും സംഭവിക്കുന്ന കാര്യമാണ്. ഒരു നിരീശ്വരവാദി വിശ്വാസിയായി മാറിയെന്ന് വരാം. മനുഷ്യ ജീവിതത്തില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയാണ് ഇതിന് പ്രധാന കാരണം. അതിജീവനത്തിനുള്ള മത്സരമാണ് നടക്കുന്നത്. അതിജീവനത്തിനായി ആളുകള്‍ എല്ലായ്‌പ്പോഴും വിശ്വാസം മാറ്റും. ഇത് ഒരു സ്വാഭാവികമായ സംഗതിയാണെന്നും സി ജെ ജോണ്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സി ജെ ജോണ്‍.

'കേരള സമൂഹം ഹാപ്പിയാണോ എന്നത് വെല്ലുവിളി നിറഞ്ഞ ചോദ്യമാണ്. കേരളത്തില്‍ ആത്മഹത്യ കേസുകള്‍ വര്‍ധിച്ച് വരികയാണ്. മരണനിരക്കില്‍ 15 ശതമാനവും ഇത്തരം കേസുകളാണ്. ചില സാമൂഹികവും മാനസികവുമായ ആരോഗ്യ സൂചികകളുടെ സഹായത്തോടെ ചില അനുമാനങ്ങളില്‍ എത്തിച്ചേരാം. ആത്മഹത്യാ നിരക്കുകള്‍, വിവാഹമോചന നിരക്ക്, ഗാര്‍ഹിക പീഡന ഡാറ്റ എന്നിവ പരിശോധിച്ചാല്‍, ഇവ വര്‍ദ്ധിക്കുകയാണ്. കേരളത്തില്‍ മയക്കുമരുന്നുകളുടെ നുഴഞ്ഞുകയറ്റവുമുണ്ട്. യുവാക്കള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളിലും വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളിലും ഇത് പ്രകടമാണ്. പണം ഭരിക്കുന്ന, ആനന്ദം കേന്ദ്രീകരിച്ചുള്ള വീക്ഷണത്തിലേക്ക് മാറുകയാണ്. ഈ ഘടകങ്ങളെ അടിസ്ഥാനമാക്കി, ഇവിടെ എന്തോ കുഴപ്പമുണ്ടെന്ന് പൊതുവെ പറയേണ്ടിവരും.'- സി ജെ ജോണ്‍ പറഞ്ഞു.

'ഡിപ്രഷന്‍' എന്നത് ഇപ്പോള്‍ ഒരു ഫാഷനബിള്‍ വാക്കായി മാറിയതായി പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോ. സി ജെ ജോണ്‍ പറഞ്ഞു. മനക്കണ്ണ് വച്ച് നോക്കിയാല്‍ പ്രിയപ്പെട്ട ആളുകള്‍ക്ക് ഡിപ്രഷന്‍ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

'ഇന്ന് ദൈനംദിന ജീവിതത്തില്‍ ഡിപ്രക്ഷന്‍ ആണ്, ഞാന്‍ ബോര്‍ഡര്‍ ലൈനിലാണ്, മൂഡ് ഓഫ് ആണ് തുടങ്ങിയ വാക്കുകള്‍ കടന്നുവരുന്നുണ്ട്. ശാസ്ത്രീയമായി ഇതിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ട് കൊണ്ടാണോ ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചാല്‍, അല്ല. ഒരു ഫാഷനബിള്‍ വാക്കായി അങ്ങനെ പറഞ്ഞുപോകുകയാണ്. അത് പദാവലിയില്‍ വന്നിട്ടുള്ള സമകാലിക മാറ്റമായി കണ്ടാല്‍ മതി. സമാന്തരമായി ചിത്രങ്ങളിലും വെബ് സീരിസുകളിലും ഇത് കടന്നുവരാന്‍ തുടങ്ങി. ഭാഷയിലേക്ക് ഈ വാക്ക് കടന്നുവരുന്നു എന്നതില്‍ അപ്പുറം, ബോധവത്കരണത്തിന്റെ ഫലമായി വരുന്നതല്ല.'- സി ജെ ജോണ്‍ പറഞ്ഞു.

'30 വര്‍ഷം മുന്‍പ് മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള ഒരു വിഷയം സിനിമയാകുന്നത് ഒരു അപൂര്‍വ്വ സംഭവമാണ്. എന്നാല്‍ ഇപ്പോള്‍ ഒന്നുമില്ലെങ്കിലും ഒരു മെന്റല്‍ ഹെല്‍ത്ത് ആംഗിള്‍ കടത്തിവിടും. അത് ശാസ്ത്രീയമാണോ എന്നോന്നും നോക്കില്ല. എന്റെ സിനിമയിലെ ക്യാരക്ടറിന് എന്തെങ്കിലും പേരിടാന്‍ പറ്റുമോ എന്ന് ചോദിക്കുന്ന തിരക്കഥാകൃത്തുക്കള്‍ ഉണ്ട്. ചുമ്മാ, ഒരു ബൈ പോളാര്‍ ഡിസോര്‍ഡര്‍ എന്നൊക്കെ പറഞ്ഞിട്ടാണ് കയറ്റി വിടുന്നത്. യഥാര്‍ഥത്തില്‍ ബൈ പോളാര്‍ ഡിസോര്‍ഡര്‍ ആണോ എന്നോന്നും നോക്കാതെയാണ് ചെയ്യുന്നത്.' - സി ജെ ജോണ്‍ തുടര്‍ന്നു.

'പറയുന്ന കേസുകളിലെല്ലാം ക്ലിനിക്കല്‍ ഡിപ്രഷന്‍ ആണ് എന്ന് എനിക്ക് തോന്നുന്നില്ല. നഷ്ടം ഉണ്ടാവുന്നു. പ്രണയനൈരാശ്യം സംഭവിക്കുന്നു. പരീക്ഷയില്‍ തോല്‍ക്കുന്നു. സ്വാഭാവികമായി അയാള്‍ ഡിപ്രഷനിലാവും. ഡിപ്രഷന്‍ എത്രനാള്‍ നീണ്ടുനില്‍ക്കുന്നു?. ഡിപ്രഷന്റെ അളവ് എത്രയാണ്?, ദൈനംദിന ജീവിതത്തില്‍ എത്രമാത്രം ബാധിച്ചിട്ടുണ്ട് തുടങ്ങിയവ നോക്കിയാണ് ക്ലിനിക്കല്‍ ഡിപ്രഷന്‍ എന്ന തലത്തിലേക്ക് നീങ്ങുന്നത്. രണ്ടാഴ്ചയില്‍ കൂടുതല്‍ ഡിപ്രഷന്‍ അവസ്ഥ നീണ്ടുനില്‍ക്കുക. ഇതിനോടനുബന്ധിച്ച് ഒന്നിലും സന്തോഷം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം. ഉറക്കമില്ലാത്ത അവസ്ഥ. ആരോടും മിണ്ടണമെന്ന് തോന്നാത്ത അവസ്ഥ. ഇനി എനിക്ക് ജീവിക്കണമെന്ന് പോലും തോന്നാത്ത ആത്മഹത്യാപ്രവണതകള്‍... ഇത്തരം സാഹചര്യങ്ങളില്‍ ഡിപ്രഷന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കും. അങ്ങനെ വരുമ്പോള്‍ ഡിപ്രഷന് ചികിത്സ നല്‍കേണ്ടതായി വരും'- സി ജെ ജോണ്‍ പറഞ്ഞു.

'ഒന്നിലും താത്പര്യമില്ലായ്മ. ഉറക്കം നഷ്ടപ്പെടുന്ന സാഹചര്യം. ചിലപ്പോള്‍ വിശപ്പില്ലായ്മ പോലും ഡിപ്രഷന്റെ ലക്ഷണമായി കാണാവുന്നതാണ്. എന്താണ് രോഗം എന്ന് തിരിച്ചറിയാന്‍ എല്ലാ ടെസ്റ്റുകളും നടത്തിയിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് അവസാനമായി മനോരോഗ വിദഗ്ധനെ കാണിക്കുന്നത്. ഭാരം ഒറ്റയടിക്ക് പത്തുകിലോ കുറഞ്ഞു, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളുമായാണ് ഡോക്ടറെ കാണുന്നത്. ഡോക്ടര്‍ എല്ലാ ടെസ്റ്റുകളും നടത്തിയിട്ടും ഒന്നും കണ്ടെത്താന്‍ സാധിക്കുന്നില്ല. തുടര്‍ന്ന് മനോരോഗ വിദഗ്ധന്റെ സഹായം തേടുമ്പോഴാണ് രോഗം ഇതൊന്നുമല്ല, ഡിപ്രഷന്‍ കാരണമാണ് എന്ന് തിരിച്ചറിയുന്നത്'- സി ജെ ജോണ്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com