വായ്പാ കുടിശ്ശിക ഒഴിവാക്കാം, പ്രത്യേക ഇളവ്; സഹകരണ ബാങ്കുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഇന്നുമുതല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st February 2023 07:44 AM |
Last Updated: 01st February 2023 07:44 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ വായ്പാ കുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ബുധനാഴ്ച ആരംഭിക്കും. നവകേരളീയം കുടിശ്ശിക നിവാരണ പദ്ധതി മാര്‍ച്ച് 31 വരെ തുടരുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.
സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ബാധകം. മരണപ്പെട്ടവര്‍, മാരകരോഗങ്ങള്‍ ബാധിച്ചവര്‍, കോവിഡ് ബാധിച്ച് വരുമാന ദാതാവ് മരിച്ച കുടുംബങ്ങള്‍ എന്നീ വിഭാഗങ്ങളുടെ വായ്പകളിലടക്കം പ്രത്യേക ഇളവുകള്‍ പദ്ധതിയില്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കോവിഡ് അടച്ചുപൂട്ടല്‍ സാഹചര്യത്തില്‍ 2021 ആഗസ്ത് 16 മുതല്‍ ഒരുവര്‍ഷം കുടിശ്ശിക നിവാരണം നടത്തിയിരുന്നു. അന്ന് സാമ്പത്തിക പ്രതിസന്ധികള്‍ മൂലം ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍ക്കായാണ് പുതിയ പരിപാടി.
പദ്ധതിയില്‍ വായ്പ തീര്‍പ്പാക്കുന്നവരില്‍ ആവശ്യക്കാര്‍ക്ക് നടപടിക്രമങ്ങള്‍ പാലിച്ച് പുതിയ വായ്പ ലഭ്യമാക്കും. ഓഡിറ്റില്‍ 100 ശതമാനം കരുതല്‍ നിര്‍ദേശിച്ച വായ്പകള്‍ തീര്‍പ്പാക്കുന്നതിന് പദ്ധതിയില്‍ മുന്‍ഗണനയുണ്ടാകും. സാധാരണ പലിശ നിരക്കിലായിരിക്കും തീര്‍പ്പാക്കല്‍. ആനുകൂല്യം സംഘം ഭരണസമിതിയായിരിക്കും തീരുമാനിക്കുക. കേരളബാങ്ക്, ഹൗസിങ് സഹകരണ സംഘങ്ങള്‍, സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ എന്നിവയിലെ കുടിശ്ശികക്കാര്‍ക്ക് നവകേരളീയം പദ്ധതി ബാധകമല്ല. ഈ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പ്രത്യേക പദ്ധതി പ്രഖ്യാപിക്കാം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ