'മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകനും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കി',സൂപ്രണ്ടിനെതിരെ ഉദ്യോഗസ്ഥന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2023 09:00 AM  |  

Last Updated: 05th February 2023 09:00 AM  |   A+A-   |  

anil

അനില്‍ കുമാര്‍, സ്‌ക്രീന്‍ഷോട്ട്

 

കൊച്ചി:എറണാകുളം മെഡിക്കല്‍ കോളജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍ കുമാര്‍. ഡോ. ഗണേഷ് മോഹന്റെ നിര്‍ദേശപ്രകാരമാണ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത് എന്ന് അനില്‍കുമാര്‍ ആരോപിച്ചു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അനില്‍ കുമാറിനെതിരെ കേസെടുത്ത് കളമശേരി പൊലീസ് അന്വേഷണം നടത്തിവരികയാണ്. വ്യാജ രേഖ ചമയ്ക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

തന്നെ ബലിയാടാക്കി രക്ഷപ്പെടാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് അനില്‍ കുമാര്‍ ആരോപിച്ചു. സര്‍ട്ടിഫിക്കറ്റിനുള്ള പൂരിപ്പിച്ച അപേക്ഷ ആശുപത്രി ജീവനക്കാരന്‍ എത്തിച്ചു നല്‍കി. സൂപ്രണ്ട് നിര്‍ദേശിച്ചുവെന്ന് പറഞ്ഞതിനാലാണ് ജീവനക്കാരി ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത് .നേരത്തെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയിട്ടുണ്ടെന്നും  അനില്‍കുമാര്‍ വെളിപ്പെടുത്തി. 

അഞ്ചുമാസം മുന്‍പ് മെഡിക്കല്‍ കോളജില്‍ തന്നെ ജനിച്ച കുഞ്ഞിനായാണ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നും അനില്‍ കുമാര്‍ പറഞ്ഞു. 'അനൂപ് എന്നയാളുടെ കുഞ്ഞിനായാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്. അനൂപിന്റെ കുഞ്ഞുമായി ബന്ധപ്പെട്ട് ഒരു വിഷയമുണ്ട്. അത് പരിഹരിച്ച് കൊടുക്കാന്‍ ഗണേഷ് മോഹന്‍ ആവശ്യപ്പെട്ടു. ഗണേഷ് മോഹന്‍ പറഞ്ഞത് അനുസരിച്ച് അനൂപ് എന്നെ ബന്ധപ്പെട്ടു. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. അനൂപിന് ഒരു കുഞ്ഞുണ്ട്. അഞ്ചുമാസം മുന്‍പ് മെഡിക്കല്‍ കോളജില്‍ തന്നെ ജനിച്ച ഒരു കുഞ്ഞിനെയാണ് അനൂപ് ഏറ്റെടുത്ത് വളര്‍ത്തുന്നത്. ആ കുഞ്ഞിന് ഒരു ജനന സര്‍ട്ടിഫിക്കറ്റ് വേണം. അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് അനൂപും ഭാര്യയും എന്ന് കാണിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് അനൂപിന്റെ ആവശ്യം. എനിക്ക് കുഞ്ഞിനെ വളര്‍ത്തണം. അതുകൊണ്ട് എങ്ങനെയെങ്കിലും ഇത് ചെയ്ത് തരണം'- അനൂപ് പറഞ്ഞു. 

'ഞാന്‍ നോക്കാം എന്ന് പറഞ്ഞു. അതിനിടെ ബര്‍ത്ത് രജിസ്റ്ററിലെ ഒരു റോസ് നിറത്തിലുള്ള പേപ്പറുമായി അനൂപ് എന്നെ സമീപിച്ചു. ആശുപത്രിയില്‍ നിന്ന് തന്നെയാണ് ഈ പേപ്പര്‍ ലഭിച്ചിരിക്കുന്നത്. ഈ പേപ്പര്‍ ലഭിക്കാന്‍ ആരോക്കെയാണ് കളിച്ചിരിക്കുന്നത് എന്ന് എനിക്ക് അറിയില്ല. സ്വാഭാവികമായി ഞാന്‍ ആ പേപ്പര്‍ ബര്‍ത്ത് രജിസ്റ്റര്‍ ചെയ്യുന്ന പെണ്‍കുട്ടിയുടെ കൈയില്‍ കൊടുത്തു. സൂപ്രണ്ട് പറഞ്ഞിട്ടാണ് എന്ന് വിശ്വസിച്ച് ആ കുട്ടി അത് ചെയ്തു. എന്നെ ഇത് ഏല്‍പ്പിച്ചത് സൂപ്രണ്ട് ആണ്. അനൂപിനെ പരിചയപ്പെടുത്തിയതും സൂപ്രണ്ടാണ്. അദ്ദേഹം പറഞ്ഞതാണ് ഞാന്‍ ചെയ്യുന്നത്. വിഷയം വന്നപ്പോള്‍ ഞാന്‍ സസ്‌പെന്‍ഷനിലായി. മുഴുവന്‍ വിഷയങ്ങളും എന്നിലേയ്ക്ക് വരുന്നു. ഞാന്‍ ഒറ്റപ്പെടുകയാണ് ചെയ്തത്.'- അനില്‍ കുമാര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

ഹെല്‍ത്ത് കാര്‍ഡ്: ഡോക്ടര്‍ നേരിട്ട് പരിശോധിച്ച് മാത്രം സര്‍ട്ടിഫിക്കറ്റ്, കൃത്യത ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ