സ്ട്രോക്ക് വന്ന അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് അവിടെ താമസിച്ചത്; വാടക 20,000; വിശദീകരണവുമായി ചിന്ത ജെറോം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2023 05:29 PM  |  

Last Updated: 07th February 2023 05:31 PM  |   A+A-   |  

chintha_jerome

ചിന്ത ജെറോം

 


കൊല്ലം: കൊല്ലത്തെ റിസോര്‍ട്ടില്‍ താമസിച്ച് മുപ്പത്തിയെട്ടുലക്ഷം ചെലവഴിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി ചിന്ത ജെറോം. കോവിഡ് കാലത്ത് അമ്മയ്ക്ക് സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്നാണ് ആയുര്‍വേദ ഡോക്ടറുടെ വീടിന് താഴത്തെ അപ്പാര്‍ട്ടുമെന്റില്‍ താമസിച്ചതെന്ന് ചിന്ത ജെറോം മാധ്യമങ്ങളോട് പറഞ്ഞു.പ്രതിമാസം വാടകയായി 20,000 രൂപയാണ് നല്‍കിയിരുന്നതെന്നും ചിന്ത പറഞ്ഞു. 

'കോവിഡ് കാലത്ത് അമ്മയ്ക്ക് സ്‌ട്രോക്ക് വന്നിരുന്നു. ആ ഘട്ടത്തില്‍ എന്‍എസ് ആശുപത്രിയിലെയും പിന്നീട് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു. ഡോ. തോമസ് ഐപ്പിന്റെ നേതൃത്വത്തിലാണ് മെഡിക്കല്‍ കോളജിലെ ചികിത്സ നടത്തിയത്. ആ ഘട്ടത്തില്‍ അമ്മയ്ക്ക് നടക്കാന്‍ പ്രയാസമുണ്ടായിരുന്നു. അന്ന് വീട്ടിലെ താഴെ നിലയില്‍ കിടപ്പുമുറിയോട് ചേര്‍ന്ന് അറ്റാച്ചഡ് ബാത്ത് റൂം ഇല്ലായിരുന്നു. ആ സമയത്ത് വീട് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ടാണ് മാറി താമസിക്കാന്‍ ആലോചിച്ചത്. അതിനിടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിന് ആയുര്‍വേദ ചികിത്സയും നന്നാകുമെന്ന ആലോചനയും ഉണ്ടായി' - ചിന്ത പറഞ്ഞു

'സാധാരണ രീതിയില്‍ യാത്ര ചെയ്യുമ്പോള്‍ അമ്മയെയും കൂട്ടാറാണ് പതിവ്. താന്‍ ജര്‍മ്മനിയിലും മറ്റും പോയപ്പോള്‍  അമ്മ താമസിച്ചിരുന്നത് അമ്മയെ ചികിത്സിച്ചിരുന്ന ഡോ. ഗീത ഡാര്‍വിന്റെ വീട്ടിലായിരുന്നു. കൊല്ലത്തുള്ളപ്പോള്‍ മാത്രം അവിടെയാണ് താമസിക്കാറ്. 20000 രൂപയാണ് വാടക നല്‍കിയത്. അമ്മയും ഞാനും ചേര്‍ന്നാണ് വാടക നല്‍കിയത്. ആ സമയത്ത് അമ്മയുടെ പരിചരണം മാത്രമാണ് നോക്കിയത്. വിമര്‍ശിക്കുന്നവര്‍ തന്റെ അവസ്ഥ മനസിലാക്കണം.'ചിന്ത ജെറോം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ: സര്‍ക്കാര്‍ ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ