'കുറയ്ക്കാനാണെങ്കില്‍ അഞ്ചു രൂപ വര്‍ധിപ്പിക്കാമല്ലോ' ; പിന്നാട്ടില്ലെന്ന് ബാലഗോപാല്‍; ബഹളത്തില്‍ സഭ പിരിഞ്ഞു; മന്ത്രിയുടെ സുരക്ഷ കൂട്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th February 2023 10:31 AM |
Last Updated: 09th February 2023 10:31 AM | A+A A- |

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍/ ഫയല്‍
തിരുവനന്തപുരം: ഇന്ധന സെസില്‍ പ്രതിപക്ഷം കാര്യങ്ങള്‍ മനസ്സിലാക്കി സര്‍ക്കാരിനോട് സഹകരിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സെസ് കുറയ്ക്കണോ എന്നത് പരിഗണിക്കാനോ ചര്‍ച്ച ചെയ്യാനോ ഉള്ള അവസരമൊന്നും വന്നില്ല. ബജറ്റ് പ്രഖ്യാപനം വന്നതിനു പിന്നാലെ തീവെട്ടിക്കൊള്ളയാണെന്ന വാര്‍ത്തകള്‍ വന്നു. സെസ് കുറയ്ക്കാന്‍ ആലോചിച്ചിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
കുറയ്ക്കാനാണെങ്കില്‍ അഞ്ചു രൂപ വര്‍ധിപ്പിച്ചിട്ട് രണ്ടു രൂപ കുറയ്ക്കാമല്ലോ. അപ്പോള്‍ കുറച്ചെന്നുമായി, മൂന്നു രൂപ മേടിക്കാനുമാകും. അത്തരത്തില്‍ ആലോചിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഏറ്റവും കുറവു വര്‍ധനയാണ് ലക്ഷ്യമിട്ടത്. പത്തുശതമാനമാണ് ആകെ വേണ്ടത്. കുറയ്ക്കാന്‍ വേണ്ടി ആലോചിച്ചു കൊണ്ടുള്ള കൂട്ടലല്ല നടത്തിയത്. നാളെ നാട്ടിലെ ജനങ്ങള്‍ക്ക് സഹായം നല്‍കുക ലക്ഷ്യമിട്ടാണ് വര്‍ധന വരുത്തിയത്. മിനിമം ഉത്തരവാദിത്തം എന്ന നിലയിലാണ് അതു ചെയ്തതെന്നും ധനമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെയോ ആരുടേയും സമരം കൊണ്ടല്ല ഇളവ് അനുവദിക്കാത്തത്. ആരുടേയും സമരം തള്ളിക്കളയുന്നവരല്ല ഇടതുസര്‍ക്കാര്‍. വലിയ പ്രക്ഷോഭങ്ങളിലൂടെ വളര്‍ന്നുവന്ന പാര്‍ട്ടിയില്‍പ്പെട്ടവരാണ് താനുള്‍പ്പെടെയുള്ളവര്‍. സമരങ്ങളെയോ, ഉന്നയിക്കുന്ന ആവശ്യങ്ങളെയോ സര്‍ക്കാര്‍ നോക്കാതിരിക്കില്ല. സമരത്തിന് വേണ്ടിയുള്ള സമരമാണിത്. ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിപക്ഷം അടക്കം ആരോടും നെഗറ്റീവ് ആയ സമീപനമില്ല.
ഇടതുമുന്നണി സര്‍ക്കാരിന് തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണെന്ന പ്രതിപക്ഷ ആരോപണത്തോട് യോജിപ്പില്ല. തുടര്‍ഭരണം കിട്ടിയതോടെ ഉത്തരവാദിത്തം കൂടുകയാണ് ചെയ്തത്. ഇതോടെ കേന്ദ്രം കേരളത്തെ കൂടുതല്‍ ശ്വാസം മുട്ടിക്കുന്ന നടപടികള്‍ സ്വീകരിക്കുകയാണ്. കേരളത്തിന്റെ ഭാവിക്കു വേണ്ടിയുള്ള ബജറ്റിലെ നല്ല കാര്യങ്ങളൊന്നും ചര്‍ച്ചയാക്കാതെ ആ വിഷയം മാത്രമാണ് ഉന്നയിക്കുന്നത്.
കേരളം നമ്മളെ ഒരു ഉത്തരവാദിത്തം ഏല്‍പ്പിച്ചു. ആ ഉത്തരവാദിത്തത്തോട് നീതി പുലര്‍ത്തിയോ, ഇങ്ങനെയാണോ ചെയ്യേണ്ടിയിരുന്നതെന്ന് നാളെ ചോദ്യമുണ്ടായാല്‍ മറുപടി പറയാന്‍ ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനും ഉത്തരവാദിത്തമുണ്ട്. പ്രത്യേകിച്ചും ഭരണരംഗത്തുള്ളവര്‍ക്ക്. അതിനാല്‍ ആ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ ശ്രമിച്ചത്. പ്രതിപക്ഷം അടക്കം എല്ലാവരോടും ആ അഭ്യര്‍ത്ഥനയാണ് താന്‍ നടത്തുന്നതെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പിടിവാശിയാണ് സെസ് കുറയ്ക്കാത്തതിന് കാരണമെന്ന് പ്രതിപക്ഷ ആരോപണത്തില്‍, എല്ലാകാര്യങ്ങളും മുഖ്യമന്ത്രിയുടെ തലയിലേക്ക് ഇടേണ്ട കാര്യമില്ലെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിന്റെ എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി മുതല്‍ എല്ലാ മന്ത്രിമാര്‍ക്കും എല്‍ഡിഎഫിനും ഒരു സമീപനമുണ്ട്. മന്ത്രിസഭയുടെ തലവനാണ് മുഖ്യമന്ത്രി. കളക്ടീവ് റെസ്‌പോണ്‍സാണ് എല്ലാവര്‍ക്കുമുള്ളത്. യഥാര്‍ത്ഥത്തില്‍ കേരളത്തെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ച കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെക്കൂടി പ്രതിപക്ഷം പറയണമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.
സെസില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയിലേക്ക് നടന്നാണ് നിയമസഭയിലേക്ക് എത്തിയത്. നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ചോദ്യോത്തരവേളയില്‍ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇതേത്തുടര്‍ന്ന് ചോദ്യോത്തരവേള സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു.
കാര്യവിവരപ്പട്ടികയിലെ രേഖകള്‍ മന്ത്രിമാര്‍ സഭയുടെ മേശപ്പുറത്തു വെച്ചു. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിയമസഭ പിരിഞ്ഞു. ഇനി ആ മാസം 27 നാണ് നിയമസഭ വീണ്ടും സമ്മേളിക്കുക. അതിനിടെ, പ്രതിപക്ഷ സംഘടനകള്‍ സമരം ശക്തമാക്കിയ സാഹചര്യത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ