ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി; 28 വരെ സാവകാശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2023 02:24 PM  |  

Last Updated: 14th February 2023 02:24 PM  |   A+A-   |  

veena_george

മന്ത്രി വീണാ ജോര്‍ജ് / ഫെയ്‌സ്ബുക്ക്

 

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡം അനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടി. ഈ മാസം 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഹോട്ടല്‍ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയം നീട്ടുന്നത്. 

ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വിലയിരുത്തല്‍.  ശേഷിക്കുന്ന  40 ശതമാനം പേര്‍ക്ക് കൂടി ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് ഈ മാസം അവസാനം വരെ സമയം അനുവദിക്കുന്നത്.

സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണം എന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. രജിസ്‌റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. 

ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന് പരിശോധിക്കണം. വാക്‌സീനുകള്‍ എടുത്തിട്ടുണ്ടോ എന്നും പരിശോധിക്കും. പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയാന്‍ രക്തപരിശോധന അടക്കം നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.

ഈ വാര്‍ത്ത കൂടി വായിക്കൂ

ബസുകളില്‍ ക്യാമറ സ്ഥാപിക്കണം; 28 വരെ സമയം; പകുതി ചെലവ് സര്‍ക്കാര്‍ വഹിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ