കൊല്ലാന്‍ തീരുമാനിച്ചിട്ട് ഉമ്മ വച്ച് വിടണമായിരുന്നോ?; കൊലവിളി പരാമര്‍ശവുമായി ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2023 08:06 AM  |  

Last Updated: 16th February 2023 08:06 AM  |   A+A-   |  

akash thillenkery

ആകാശ് തില്ലങ്കേരി/ ഫെയ്‌സ്ബുക്ക്

 

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് പ്രതി ആകാശ് തില്ലങ്കേരി ഇട്ട ഫെയ്‌സ്ബുക്ക് കമന്റിന്റെ അലയൊലികള്‍ നിലനില്‍ക്കേ, ഷുഹൈബ് വധം ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തിന്റെ കൊലവിളി പരാമര്‍ശം. ഷുഹൈബിനെ കൊല്ലാന്‍ തീരുമാനിച്ചിട്ട് ഉമ്മ വച്ച് വിടണമായിരുന്നോ എന്നാണ് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫെയ്‌സ്ബുക്ക് കമന്റിലൂടെയുള്ള പരിഹാസം. ഷുഹൈബ് വധം ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കളുടെ സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം തുടരുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.

അതിനിടെ, സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പരാതിയില്‍ ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യും. പരാതിയില്‍ ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി, ജയപ്രകാശ് എന്നിവര്‍ക്കെതിരെയാണ് മുഴക്കുന്ന് പൊലീസ് കേസെടുത്തിരിക്കുന്നത്. പാര്‍ട്ടിക്കുവേണ്ടി കുറ്റങ്ങള്‍ ചെയ്‌തെന്നു സൂചിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് കമന്റിലൂടെയാണ് ആകാശ് സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വത്തിനെതിരെ രംഗത്തു വന്നത്.

പല കാര്യങ്ങളിലും കുഴിയില്‍ ചാടിച്ചത് ഡിവൈഎഫ്‌ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് ആണെന്ന് ആകാശ് തില്ലങ്കേരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വനിതാ നേതാക്കളെ ഉള്‍പ്പെടെ അപമാനിച്ചെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ച് ഡിവൈഎഫ്‌ഐ പ്രസ്താവനയിറക്കിയിരുന്നു. അതേസമയം ഷുഹൈബ് വധക്കേസില്‍ മാപ്പ് സാക്ഷിയാകാനുള്ള ശ്രമമാണ് ആകാശ് തില്ലങ്കേരി നടത്തുന്നതെന്നും ഏത് തരത്തിലുള്ള അന്വേഷണത്തേയും സിപിഎം ഭയക്കുന്നില്ലെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

എം ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു; രണ്ടുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ഇടവേള

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ