സ്ത്രീയും പുരുഷനും അല്ലാത്ത മറ്റൊരു വിഭാഗത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല; ട്രാന്‍സ്‌ജെന്‍ഡര്‍ വ്യാജ മാനസികാവസ്ഥ: പിഎംഎ സലാം

By സമകാലികമലയാളം ഡെസ്ക്  |   Published: 18th February 2023 05:10 PM  |  

Last Updated: 18th February 2023 05:10 PM  |   A+A-   |  

salam

പിഎംഎ സലാം/ ഫെയ്‌സ്ബുക്ക്‌

 


കോഴിക്കോട്: സ്ത്രീയും പുരുഷനുമല്ലാത്ത മറ്റൊരു വിഭാഗം ലോകത്തില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സ്ത്രീ, പുരുഷന്‍ എന്നീ രണ്ട് വിഭാഗങ്ങളെയല്ലാതെ ഇസ്ലാം അംഗീകരിക്കുന്നില്ല. ട്രാന്‍സ്ജെന്‍ഡര്‍ എന്നത് വ്യാജ മാനസികാവസ്ഥയാണ്. അതിനെ എതിര്‍ത്താല്‍ പിന്തിരിപ്പനാകുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രാന്‍സ്ജെന്‍ഡര്‍ പ്രസവിച്ചുവെന്ന് പറഞ്ഞ് മാധ്യങ്ങള്‍ അടക്കം ആഘോഷിക്കുകയാണ്. പുറത്തുള്ള ചില ശരീരഭാഗങ്ങള്‍ മുറിച്ചുകളഞ്ഞാലും അകത്തുള്ളത് അവിടെത്തന്നെ ഉണ്ടാകും. യഥാര്‍ഥത്തില്‍ സ്ത്രീയാണ് പ്രസവിച്ചതെന്നും സലാം പറഞ്ഞു.

സ്വതന്ത്ര ലൈംഗികത കൊണ്ടുവന്ന് ക്യാമ്പസുകളില്‍ ആളെക്കൂട്ടാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നത്. സംസ്ഥാനത്ത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപിക്കുകയാണ്. ലഹരിക്കേസുകളിലെല്ലാം പ്രതികളാവുന്നത് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നും സലാം പറഞ്ഞു.

നേരത്തെ, ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളെ അധിക്ഷേപിച്ച് മുസ്ലിം ലീഗ് നേതാക്കളായ എംകെ മുനീറും കെ എം ഷാജിയും രംഗത്തുവന്നിരുന്നു. 
എല്‍ജിബിടിക്യു ആശയങ്ങള്‍ പീഡോഫീലിയയിലേക്ക് വികസിക്കുമെന്ന് എം കെ മുനീര്‍ ആരോപിച്ചിരുന്നു. എല്‍ജിബിടിക്യുയുടെ കൂട്ടത്തിലേക്ക് നാളെ പീഡോഫീലിക് ആയ ആളുകളുടെ 'പി' കൂടി ചേര്‍ക്കുമെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നതായി മുനീര്‍ പറഞ്ഞു. നാട്ടിലെ തല്ലിപ്പൊളി പണിയാണ് എല്‍ജിബിടിക്യു എന്നാണ് കെഎം ഷാജി പറഞ്ഞത്. ഏറ്റവും മോശമായ സ്വവര്‍ഗരതിയാണെന്നും അതിനെ കളറാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഷാജി പറഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 'ലഹരിക്കടത്ത്, ക്വട്ടേഷന്‍, അശ്ലീല വീഡിയോ'; എല്ലായിടത്തും സിപിഎം പങ്കാളിത്തം, വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ