വാടക മുടങ്ങി, സഹായം ചോദിച്ച് ചെന്നപ്പോള്‍ വീട് തന്നെ നല്‍കി; മാനവികതയുടെ ഉദാഹരണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2023 09:10 PM  |  

Last Updated: 20th February 2023 09:12 PM  |   A+A-   |  

bhaskaran pillai

സാഹിറ, ഭാസ്‌കരന്‍ പിള്ള

 

മലപ്പുറം: മനുഷ്യ സ്‌നേഹത്തിന്റെ വലിപ്പം വിവരിക്കാന്‍, പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം തന്നെ നല്‍കി എന്ന് പറയാറുണ്ട്. ഇത് അക്ഷരാര്‍ഥത്തില്‍ സംഭവിച്ചിരിക്കുകയാണ് മലപ്പുറം എടക്കര പാലേമാട്. വീടിന്റെ പത്തുമാസത്തെ വാടക മുടങ്ങി പ്രതിസന്ധിയിലായ കാട്ടിപ്പടി കേലന്‍തൊടിക സാഹിറ, സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് പാലേമാട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന കെ ആര്‍ ഭാസ്‌കരന്‍ പിള്ളയെ കാണാന്‍ എത്തിയത്.  ഉടന്‍ തന്നെ ഭാസ്‌കരന്‍ പിള്ള വീടിന്റെ താക്കോല്‍ എടുത്തു കൊടുത്തു. സാഹിറയ്ക്ക് അറിയില്ലായിരുന്നു, സ്വന്തമായിട്ട് ഒരു വീടിന്റെ താക്കോലാണ് നല്‍കിയത് എന്ന്. അഞ്ചു സെന്റ് ഭൂമിയും വീടുമാണ് നല്‍കിയത്. സാഹിറയ്ക്ക് മാത്രമല്ല ഇത്തരത്തില്‍ നിരവധി വീടുകള്‍ നല്‍കി മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി മാറിയിരിക്കുകയാണ് ഭാസ്‌കരന്‍ പിള്ള.

സഹായം ചോദിച്ച് സാറിന്റെ അരികില്‍ പോയി. സാര്‍ താക്കോല്‍ തന്നെ തന്നു. വളരെ സന്തോഷമുണ്ട്. ആദ്യം വാടകയ്ക്കാണ് വീട് തന്നത് എന്നാണ് കരുതിയത്. എന്നാല്‍ സ്വന്തമായിട്ട് എടുത്തോളാന്‍ സാര്‍ പറഞ്ഞു. സാര്‍ തന്നത് ഒരു കൊട്ടാരമാണ്.' - സാഹിറ പറഞ്ഞു.

ജീവിക്കാന്‍ മാര്‍ഗമില്ലാതെ, അന്തിയുറങ്ങാന്‍ വീടില്ലാതെ കുട്ടികളുമായി സാഹിറ വന്നപ്പോള്‍ സഹായിക്കുകയായിരുന്നുവെന്ന് വിവേകാനന്ദ പഠനകേന്ദ്രം കാര്യദര്‍ശി കൂടിയായ ഭാസ്‌കരന്‍ പിള്ള പറഞ്ഞു. 'ഇത്തരത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായി തൊട്ടടുത്ത് ഒന്നുരണ്ടു വീടുകള്‍ വാങ്ങിയിട്ടിട്ടുണ്ടായിരുന്നു. ഇതില്‍ ഒന്നാണ് നല്‍കിയത്. കഷ്ടപ്പെടുന്നവര്‍ക്ക് കൈയിലുള്ളത് കൊടുക്കുക എന്നത് മനുഷ്യ ധര്‍മ്മമാണ്. ഇതാണ് ഞാന്‍ ഇവിടെ ചെയ്തത്. മറ്റൊന്നും പ്രതീക്ഷിക്കാതെ ഇനിയും ഇത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്'  - ഭാസ്‌കരന്‍ പിള്ള പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സഹകരണ നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ ഇങ്ങനെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ