

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഛത്തീസ് ഗഡിലെ റായ്പൂരില്‍ നാളെ തുടക്കമാകും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പതിനയ്യായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. 1338 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. കോണ്‍ഗ്രസ് ദേശീയ ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ തുടങ്ങിയവരെ സമ്മേളനം തെരഞ്ഞെടുക്കും.
അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍, പ്രതിപക്ഷ സഖ്യം അടക്കമുള്ള നിര്‍ണായക തീരുമാനങ്ങള്‍ സമ്മേളനം കൈക്കൊള്ളും. ഇതുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കപ്പെടും. പ്രവര്‍ത്തക സമിതിയിലേക്ക് വോട്ടെടുപ്പ് വേണ്ട, നാമനിര്‍ദ്ദേശം മതിയെന്നാണ് ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം. ഇതില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകമാകും.
കേരളത്തില്‍ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ എന്നിവരാണ് പ്രവര്‍ത്തകസമിതിയുള്ളത്. ഇതില്‍ കെസി വേണുഗോപാല്‍ തുടരും. അതേസമയം ആന്റണിയും ഉമ്മന്‍ചാണ്ടിയും ഒഴിഞ്ഞേക്കും. ഇവര്‍ക്ക് പകരം നിരവധി പേരാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് പദത്തിലേക്ക് മത്സരിച്ച ശശി തരൂര്‍ ആണ് പ്രവര്‍ത്തക സമിതി അംഗത്വം ആഗ്രഹിക്കുന്നവരില്‍ പ്രമുഖന്‍.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇത്തവണ പ്രവര്‍ത്തകസമിതിയില്‍ ഇടംപിടിക്കുമെന്നാണ് സൂചന. അതേസമയം മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കറുത്ത കുതിരയാകുമെന്നാണ് ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രവര്‍ത്തക സമിതിയില്‍ മാത്രമല്ല, എ കെ ആന്റണിക്ക് പകരം പാര്‍ട്ടി അച്ചടക്കസമിതി അധ്യക്ഷനായും മുല്ലപ്പള്ളി രാമചന്ദ്രനെ നിയമിച്ചേക്കുമെന്നാണ് ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ശശി തരൂരിന്റെ സാധ്യത പൂര്‍ണമായും അസ്തമിച്ചിട്ടില്ല. പ്രവര്‍ത്തകസമിതി അംഗബലം 25 ല്‍ നിന്നും 30 ആക്കി ഉയര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. തരൂരിനെ പ്രവര്‍ത്തകസമിതിയിലെ പ്രത്യേകക്ഷണിതാവാക്കാനും സാധ്യതയുള്ളതായി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കൊടിക്കുന്നില്‍ സുരേഷും കേരളത്തില്‍ നിന്നും പ്രവര്‍ത്തകസമിതി അംഗത്വം ആഗ്രഹിക്കുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates