തട്ടിപ്പുകാരോട് ഒരു ദാക്ഷിണ്യവുമില്ല, ദുരിതാശ്വാസ നിധി ക്രമക്കേടില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2023 02:46 PM  |  

Last Updated: 23rd February 2023 02:46 PM  |   A+A-   |  

pinarayi

പിണറായി വിജയന്‍/ ഫയല്‍

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ തെറ്റായ ഒരു  പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല എന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലന്‍സിനെ ചുമതലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ വന്‍ തട്ടിപ്പ് നടന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞദിവസം നടത്തിയ റെയ്ഡിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ വിഷയങ്ങളില്‍ തുടര്‍ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ സഹായം നേടിയെടുക്കുന്നതായ ചില പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അന്വേഷിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടത്. 

കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതിദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അനര്‍ഹരായവര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കും എതിരെ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

മുഖ്യമന്ത്രിയുടെ ഓഫീസിന് സംശയം തോന്നി, അവര്‍ അലര്‍ട്ട് നല്‍കി; തട്ടിപ്പ് സംഘടിത നീക്കമെന്ന് വിജിലന്‍സ് ഡയറക്ടര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ