ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കര്‍ റിമാന്‍ഡില്‍ 

By സമകാലികമലയാളം ഡെസ്ക്  |   Published: 24th February 2023 04:44 PM  |  

Last Updated: 24th February 2023 04:44 PM  |   A+A-   |  

M SIVASHANKAR

എം ശിവശങ്കര്‍, ഫയല്‍ ചിത്രം

 

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ റിമാന്‍ഡില്‍. കേസില്‍ അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടില്ല. അതിനിടെ, ശിവശങ്കര്‍ ജാമ്യഹര്‍ജി നല്‍കി. 

കേസില്‍ ഒന്‍പത് ദിവസം ഇഡി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് ശിവശങ്കറെ കോടതിയില്‍ ഹാജരാക്കിയത്. വീണ്ടും കസ്റ്റഡിയില്‍ വിടണമെന്ന് ഇഡി ആവശ്യപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് കോടതി ശിവശങ്കറിനെ റിമാന്‍ഡ് ചെയ്ത് എറണാകുളം ജയിലിലേക്ക് അയച്ചത്. അതിനിടെ ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി. ഹര്‍ജിയില്‍ നാളെ വിശദമായി വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.

ഇഡിയുടെ അന്വേഷണത്തില്‍ ശിവശങ്കറിനെതിരെ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ജാമ്യഹര്‍ജിയില്‍ പറയുന്നു. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനാലും ശിവശങ്കറിന് ജാമ്യം അനുവദിക്കണമെന്നതാണ് ഹര്‍ജിയില്‍ പറയുന്നത്. അതേസമയം അന്വേഷണത്തില്‍ ശിവശങ്കര്‍ വേണ്ടപോലെ സഹകരിക്കുന്നില്ലെന്ന് ഇഡി ആരോപിക്കുന്നു. കേസില്‍ പുതിയതായി ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് ഇഡി ആലോചിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കസ്റ്റഡി നീട്ടി ചോദിക്കേണ്ടതില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെടാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആകാശത്ത് ചുറ്റിപ്പറന്നത് 11 തവണ; ലാന്‍ഡ് ചെയ്ത വിമാനത്തിലെ യാത്രക്കാരുമായി വൈകീട്ട് ദമാമിലേക്ക് പോകും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ