പള്ളിയും പഞ്ചായത്തുമായുള്ള തർക്കം: ഒത്തുതീർപ്പാക്കാൻ ഒരുലക്ഷം രൂപ അല്ലെങ്കിൽ മൂന്ന് സെന്റ്‌ സ്ഥലം; ഡിവൈഎഫ്ഐ നേതാവിനെതിരേ അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2023 08:12 AM  |  

Last Updated: 27th February 2023 08:12 AM  |   A+A-   |  

dyfi

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: പള്ളിയും ഗ്രാമപ്പഞ്ചായത്തും തമ്മിലുള്ള നിയമനടപടി ഒത്തുതീർപ്പാക്കാൻ കമ്മിഷൻ ചോദിച്ചെന്ന പരാതിയിൽ ഡി വൈ എഫ് ഐ നേതാവിനെതിരേ അന്വേഷണം നടത്തും. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗവും സി പി എം ചേർത്തല ഏരിയ കമ്മിറ്റിയംഗവുമായ യുവ നേതാവിനെതിരേയാണ് അന്വേഷണം. സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗം കെ പ്രസാദും ജില്ലാ കമ്മിറ്റിയംഗം എൻ ആർ ബാബുരാജും ഉൾപ്പെട്ട പാർട്ടി കമ്മിഷനാണ് ഇപ്പോഴത്തെ പരാതി അന്വേഷിക്കുന്നത്.

ചേർത്തലയിലെ പള്ളിഭാരവാഹികളാണ് സി പി എം സംസ്ഥാന കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും പരാതി നൽകിയത്. പള്ളിക്കു മുന്നിലെ സ്ഥലത്ത് കെട്ടിടം നിർമിക്കുന്നതിനെതിരേ ഗ്രാമപ്പഞ്ചായത്ത് നോട്ടീസ് നൽകിയതാണ് തർക്കത്തിന് കാരണം. ഈ സ്ഥലം പുറമ്പോക്കാണെന്ന തർക്കം നിലവിലുണ്ട്. തർക്കം നിയമനടപടിയിലേക്കു നീങ്ങിയതോടെയാണ് ഒത്തുതീർപ്പിനായി യുവനേതാവ് ഇടപെട്ടത്. നിയമനടപടി ഒത്തുതീർപ്പാക്കാൻ ഒരുലക്ഷം രൂപയോ മൂന്നുസെന്റ്‌ സ്ഥലമോ ആവശ്യപ്പെട്ടതായാണ് പള്ളിഭാരവാഹികളുടെ ആരോപണം.

പള്ളിക്കെതിരേ നിയമനടപടിയെടുത്ത ഗ്രാമപ്പഞ്ചായത്തിന്റെ ഭരണം സി പി എമ്മിനാണ്. ആ സ്വാധീനമുപയോഗിച്ചാണ് യുവനേതാവ് വിഷയത്തിൽ ഇടപെട്ടത്. അതേസമയം ഭൂമി പള്ളിയുടേതാണെന്നു തെളിയിക്കുന്ന രേഖകളെല്ലാം തങ്ങളുടെ പക്കലുണ്ടെന്ന് പള്ളിഭാരവാഹികൾ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അഞ്ച് വയസ് മുതലുള്ള കുട്ടികളുടെ ന​ഗ്നദൃശ്യങ്ങൾ തിരഞ്ഞു, ഓപ്പറേഷൻ പി ഹണ്ടിൽ 12 പേർ പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ