എൻഎസ്എസ് ക്യാമ്പിൽ പങ്കെടുക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2023 08:08 AM  |  

Last Updated: 01st January 2023 08:08 AM  |   A+A-   |  

SANDEEP

സന്ദീപ്

 


കോട്ടയം: മണർകാട് ഗവ. യു പി സ്കൂളിൽ നടക്കുന്ന എൻഎസ്എസ് ക്യാമ്പിൽ പങ്കെടുക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി മരിച്ചു. അരീപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി സന്ദീപ് (16) ആണ് മരിച്ചത്. മണർകാട് തിരുവഞ്ചൂർ പായിപ്രപ്പടി പാറയിൽ പുള്ളോത്ത് സാമന്തിന്റെയും (സന്തോഷ്) സിന്ധുവിന്റെയും മകനാണ്. 

ക്യാമ്പിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ സന്ദീപ് ഉൾപ്പെടെയുള്ള കുട്ടികൾ മണർകാടുള്ള അങ്കണവാടി പെയിന്റുചെയ്യാൻ പോയിരുന്നു. ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ മടങ്ങിയെത്തി ക്ഷീണംതോന്നിയതിനാൽ സന്ദീപ് കിടന്നു. മറ്റ് കുട്ടികൾ ക്യാമ്പ് പ്രവർത്തനങ്ങളുടെ തിരക്കിലായിരുന്നു. സമയം അഞ്ചര ആയിട്ടും സന്ദീപ് വിളിച്ചിട്ട് ഉണരാതെവന്നതോടെ അധ്യാപകർ വീട്ടുകാരെ വിവരമറിയിച്ചു. ആറരയ്ക്ക് അച്ഛൻ സന്തോഷ് സ്കൂളിലെത്തുമ്പോൾ തണുത്തനിലയിലായിരുന്നു കുട്ടിയുടെ ശരീരം. അധ്യാപകരുടെ സഹായത്തോടെ കുട്ടിയെ മണർകാട് സെൻറ്‌ മേരീസ് ആശുപത്രിയിലെത്തിച്ചു. സന്ദീപിനെ അധ്യാപകർ ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് മരണകാരണമെന്നാണ് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

സന്ദീപ് അപസ്മാരരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും ഇതേക്കുറിച്ചുള്ള വിവരങ്ങൾ സ്കൂൾ അധികൃതരെ അറിയിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയിലെത്തിച്ചപ്പോൾ അരമണിക്കൂർ മുമ്പേ മരണം നടന്നെന്നാണ് ഡോക്ടർമാർ അറിയിച്ചത്. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. 

മണർകാട് ഇൻഫൻറ്‌ ജീസസ് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് സന്ദീപിന്റെ സഹോദരി സ്നേഹ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പത്തനംതിട്ടയില്‍ വാഹനാപകടങ്ങളില്‍ മൂന്നു മരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ