'എല്ലാവരും ആവശ്യപ്പെടുമ്പോള്‍ എങ്ങനെ പറ്റില്ലെന്ന് പറയും, നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും': സൂചന നല്‍കി ശശി തരൂര്‍ 

2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍
ശശി തരൂര്‍ മാധ്യമങ്ങളോട്, സക്രീന്‍ഷോട്ട്
ശശി തരൂര്‍ മാധ്യമങ്ങളോട്, സക്രീന്‍ഷോട്ട്

തിരുവനന്തപുരം: 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. അവരുടെ വാക്കുകള്‍ തള്ളാന്‍ കഴിയില്ലെന്ന് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന സൂചന നല്‍കി ശശി തരൂര്‍ പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയില്‍  ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശി തരൂര്‍.

സജീവമായി പ്രവര്‍ത്തിക്കാന്‍ എല്ലാവരും ആവശ്യപ്പെട്ടാല്‍ സജീവമായി പ്രവര്‍ത്തിക്കും. വലിയ വ്യക്തികള്‍ ഉപദേശം നല്‍കുമ്പോള്‍ അത് സ്വീകരിച്ച് മുന്നോട്ടുപോകും. സമുദായ നേതാക്കളെ മാത്രമല്ല, സിവിക് സൊസൈറ്റിയെ ശക്തിപ്പെടുത്തുന്ന എന്‍ജിഒകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവുമായി ചര്‍ച്ച നടത്തിവരുന്നു. ഇത് 2021ല്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ചുമതല നല്‍കിയപ്പോള്‍ തുടങ്ങിയ പ്രവര്‍ത്തനമാണ്. ഇത് തുടരുന്നു എന്ന് മാത്രമെന്നും ശശി തരൂര്‍ പറഞ്ഞു.

ഇനി നിയമസഭ തെരഞ്ഞെടുപ്പ് 2026ലാണ്. നിലവില്‍ സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിയുണ്ട്. സര്‍ക്കാരുമുണ്ട്. നല്ല ഭൂരിപക്ഷവുമുണ്ട്. തെരഞ്ഞെടുപ്പിനെ കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയേണ്ടതില്ലെന്നും ശശി തരൂര്‍ പറഞ്ഞു. 

അതിനിടെ, തരൂര്‍ കേരളത്തില്‍ സജീവമാകണമെന്ന് കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു. രണ്ട് തവണ കേരളത്തില്‍ പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കേണ്ടി വന്നത് കോണ്‍ഗ്രസിന്റെ അപചയം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ഐക്യമില്ലാത്തതാണ് തിരിച്ചടികള്‍ക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും സഭയ്ക്ക് പ്രത്യേക അടുപ്പമില്ലെന്നും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. കേരളത്തില്‍ സജീവമാകണമെന്ന ബാവയുടെ ഉപദേശം ഉള്‍ക്കൊള്ളുന്നതായി തരൂര്‍ പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com